‘അവര്‍ ഒരു ടീമായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി, എനിക്ക് അവര്‍ക്കൊപ്പം ചെയ്യാന്‍ അവസരം കിട്ടിയില്ല’ നരേന്‍

ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നരേന്‍ സിനിമാ ജീവിതത്തിലെ തിരക്കിട്ട നാളുകളിലാണ്. ഇപ്പോഴിതാ താരത്തിന്റെ അദൃശ്യം എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ നാള്‍ മലയാളം സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്…

ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നരേന്‍ സിനിമാ ജീവിതത്തിലെ തിരക്കിട്ട നാളുകളിലാണ്. ഇപ്പോഴിതാ താരത്തിന്റെ അദൃശ്യം എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ നാള്‍ മലയാളം സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സാധാരണഗതിയില്‍ ഒരിടത്ത് മാര്‍ക്കറ്റ് ഉണ്ടായശേഷമാണ് മറ്റു ഭാഷകളിലേക്ക് പോകുക. എന്നാല്‍, ഒരേസമയം മലയാള സിനിമയിലും തമിഴിലും അഭിനയിച്ചത് ചില തിരിച്ചടികള്‍ ഉണ്ടാക്കി. ക്ലാസ്‌മേറ്റ്‌സ് വലിയ വിജയമായി. ശേഷമുള്ള സമയത്ത് ഞാന്‍ കേരളത്തില്‍ ഉണ്ടായില്ല. തമിഴ് സിനിമ ചെയ്യുകയായിരുന്നു. ഇവിടെയുള്ളവര്‍ വിചാരിച്ചു, ഞാന്‍ മലയാളം സിനിമ ചെയ്യുന്നില്ലെന്നും തമിഴാണ് താല്‍പ്പര്യമെന്നും. അങ്ങനെയും അവസരങ്ങള്‍ നഷ്ടമായി. തമിഴില്‍ ഒറ്റയാന്‍ പട്ടാളം പോലെയാണ് സിനിമകള്‍ ചെയ്തത്. അവിടെയും തിരിച്ചടികളുണ്ടായി. സിനിമകള്‍ ഇറങ്ങുന്നതിലടക്കം പോരായ്മകളുണ്ടായി.

സംവിധായകരും അഭിനേതാക്കളുമൊക്കെയായി 2010നു ശേഷം മലയാള സിനിമയില്‍ പുതിയ തലമുറ വന്നു. അവര്‍ ഒരു ടീമായി സിനിമകള്‍ ചെയ്യാനും തുടങ്ങി. എനിക്ക് അവര്‍ക്കൊപ്പം സിനിമ ചെയ്യാനും അവസരം കിട്ടിയില്ല. ന്യൂജനറേഷന്‍ ടീമുകളുടെ ഭാഗമായി ഒന്നിനും ഞാനില്ല. നല്ല സിനിമകള്‍ കിട്ടാതെയിരുന്നതും മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതിനു കാരണമാണ്. പുതിയ ടീമിനൊപ്പം സിനിമ ചെയ്യണം. അതിന്റെ തുടക്കംകൂടിയാണ് അദൃശ്യം. ജോജു, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. ജൂഡ് ആന്റണിയുടെ 2018ല്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. തുടര്‍ന്നും മലയാളത്തില്‍ സജീവമാകണമെന്നു തന്നെയാണ് ആഗ്രഹമെന്നും നടന്‍ പറഞ്ഞു.

ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണ് അദൃശ്യം. ആദ്യമായാണ് രണ്ടു ഭാഷയിലുള്ള സിനിമ ചെയ്യുന്നത്. രണ്ടു ഭാഷയിലും ഒരുപോലെ വിജയിക്കാന്‍ സാധ്യതയുള്ള ജോണറാണ് ത്രില്ലര്‍. പലപ്പോഴും ത്രില്ലറുകള്‍ കാണുന്നവര്‍ക്ക് പകുതിയാകുമ്‌ബോഴേക്കും അതിന്റെ സസ്‌പെന്‍സ് മനസ്സിലാകും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ പരിചരണമാണ് അദൃശ്യത്തിന്റേത്. അഞ്ചാറു പേരുടെ കഥയാണ് സിനിമ പറയുന്നത്. തുടക്കംമുതല്‍ നിഗൂഢത സിനിമയിലുണ്ട്. ആളുകളുടെ ഊഹത്തിന് വിടാതെ, ട്രാക്ക് മാറിമാറി പോകും. അവസാനംവരെ അത് നിലനിര്‍ത്തുന്നു. വളരെ സൂക്ഷ്മതയുള്ള തിരക്കഥയാണ് സിനിമയുടെ കരുത്ത്. തിയറ്ററില്‍ത്തന്നെ ആസ്വദിക്കേണ്ട സിനിമയാണെന്നും താരം പ്രതികരിച്ചു.