‘നീയാരാടാ മഞ്ജു വാര്യരുടെ അഭിനയത്തിനെ വിമര്‍ശിക്കാന്‍? മാര്‍ക്ക് ഇടാന്‍?’ വൈറലായി കുറിപ്പ്

നടി മഞ്ജു വാര്യരെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മഞ്ജു വാര്യര്‍ : അഭിനയത്തില്‍ കൃത്രിമത്വം കൂടുന്നുവോയെന്ന് പറഞ്ഞാണ് നാരായണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിക്കുന്നത്.

‘മലയാളിക്ക് അഭിമാനിക്കാവുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ അനായാസം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് മഞ്ജു വാര്യര്‍. വേറെ ഏത് നടിക്കും കൊടുക്കാത്ത വാത്സല്യവും സ്‌നേഹവും പല അവസരങ്ങളിലും മലയാളികള്‍ മഞ്ജുവിന് നല്‍കിയിട്ടുമുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.
അവരുടെ തിരിച്ചുവരവില്‍ മഞ്ജുവിന്റെ നല്ല അഭിനയത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുവരവില്‍ ഏറെയും നായികപ്രാധാന്യം ഉള്ള ചിത്രങ്ങളിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുള്ളതും. ഹൗ ഓള്‍ഡ് ആര്‍യു, സൈറ ബാനു, അസുരന്‍, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലെ മഞ്ജു വാര്യരുടെ പ്രകടനം മികച്ചതായിരുന്നു.


എന്നാല്‍ മറ്റ് ചിത്രങ്ങളിലെ അവരുടെ പ്രകടനത്തില്‍ ഒരു കൃത്രിമത്വം നിഴലിക്കുന്നതും റീസെന്റ് സിനിമകളില്‍ അത് കൂടി കൂടി വരുന്നതായും തോന്നി. ലളിതം സുന്ദരം, മേരി അവാസ് സുനോ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ കൃത്രിമത്വം അതിന്റെ പീക്കില്‍ എത്തിനില്‍ക്കുന്നത് പോലെ തോന്നി. ജാക്ക് ആന്റ് ജില്‍ കണ്ടിട്ടില്ല. അതിലും സ്ഥിതി മറ്റൊന്നല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായിരിക്കാം കാരണം? വെറുതെ ഒന്ന് അനലൈസ് ചെയ്യുന്നു എന്നേയുള്ളു.

manju warrior

1. മഞ്ജു വാര്യരുടെ ശബ്ദം
മഞ്ജുവിന്റെ ശബ്ദം ഒരേസമയം അഭിനേതാവിന് പോസിറ്റീവും നെഗറ്റീവും ആകുന്നപോലെ തോന്നിയിട്ടുണ്ട്. ഇപ്പോഴും ഒരു നാടന്‍ വള്ളുവനാടന്‍ മലയാളത്തിന്റെ സ്വാധീനം ഉള്ളതിനാല്‍ അവര്‍ അഭിനയിക്കുന്ന വേഷങ്ങള്‍ ഇത്തിരി നാടന്‍ അല്ലാതെയുള്ളത് ആകുമ്പോള്‍ പ്രേക്ഷകര്‍ ഡിറ്റാച്ച്ഡ് ആകുന്നത് പോലെ തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് പറയുന്നത് ശുദ്ധ അബദ്ധം ആണ്. ചെയ്യാന്‍ കഴിയുന്നത് ഡയലോഗ് മോഡുലേഷന്‍ കഥാപാത്രത്തിന് അനുസരിച്ചു മാറ്റാന്‍ എഫേര്‍ട്ട് എടുക്കുക ആണ് എന്ന് തോന്നുന്നു. ‘ലളിതം സുന്ദര’ത്തില്‍ ഒക്കെ കോര്‍പ്പറേറ്റ് ഹെഡ് ഒക്കെ ആയി മഞ്ജു ഇരിക്കുമ്പോള്‍ ആര്‍ട്ടിഫിഷ്യലിറ്റി തോന്നാന്‍ ഉള്ള പ്രധാന കാരണം ഈ ഡയലോഗ് മോഡ്‌ലേഷന്റെ പ്രശ്നമാണ്. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോളൊക്കെ മഞ്ജുവിന്റെ അഭിനയം കൃത്രിമം ആയി മാറുന്നതിനു കാരണം ഡയലോഗ് മോഡ്‌ലേഷന്റെ പ്രശ്‌നമാണെന്ന് തോന്നുന്നു.


2. പ്രായം കുറക്കാനുള്ള തന്ത്രങ്ങള്‍
ഇപ്പോഴും ശരീരവും മനസ്സുംയങ് ആയി മെയിന്റൈന്‍ ചെയ്യുന്ന മഞ്ജുവിന്റെ ഹാര്‍ഡ്വര്‍ക്കിനെ അഭിനന്ദിക്കുന്നു. എങ്കിലും ചില സിനിമകളില്‍ പ്രായം കുറക്കാനുള്ള ചില പരിപാടികള്‍ (eg : ലെന്‍സ് ഇടുന്നതും )ചെയ്യുന്നത് പലപ്പോഴും അവരുടെ പ്രകടനത്തെ ആര്‍ട്ടിഫിഷേല്‍ ആക്കുന്നത് പോലെ കണ്ടിട്ടുണ്ട്.
3. ‘അയലത്തെ കുട്ടി’ ഇമേജ്
മലയാളിക്ക് മഞ്ജു വാര്യര്‍ എന്നാല്‍ ഒരു അയലത്തെ കുട്ടി ഇമേജ് പണ്ടത്തെ സിനിമകളിലൂടെ ഉണ്ടായിട്ടുണ്ട്. ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാന്‍, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ സിനിമകളെല്ലാം ഈ ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാല്‍ ആ കാലത്ത് തന്നെ ഈ ഇമേജിനെ ബ്രേക്ക് ചെയ്യുന്ന സമ്മര്‍ ഇന്‍ ബേത്‌ലെഹേം, തൂവല്‍ കൊട്ടാരം, കണ്ണെഴുതി പൊട്ടും തൊട്ട്, പോലെയുള്ള ചിത്രങ്ങള്‍ മഞ്ജു ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ആ ഇമേജ് ബ്രേക്ക് ആക്കാന്‍ മഞ്ജുവിന് സാധിക്കുന്നില്ല. കരിങ്കുന്നം സിക്‌സേഴ്‌സ്,വേട്ട, ചതുര്‍മുഖം തുടങ്ങിയ സിനിമകളിലൊക്കെ ആര്‍ട്ടിഫിഷ്യലി തോന്നുന്നത് ഈ ഇമേജ് മലയാളിയുടെ ഉള്ളില്‍ ഉള്ളതുകൊണ്ടാണ്. ഇവിടെ അത് ബ്രേക്ക് ആകണമെങ്കില്‍ നമ്മുടെ ആറ്റിറ്റിയൂഡില്‍ മാറ്റം വരണം. എന്നിരുന്നാല്‍ പോലും അവര്‍ക്ക് ചേരുന്ന ഒടിയന്‍,ആമി എന്നീ സിനിമകളിലും ഈ ആര്‍ട്ടിഫിഷ്യലിറ്റി ഉണ്ടായിരുന്നു.

4. ഈസിനസ് നഷ്ടമാകുന്നത് പോലെ
മഞ്ജുവിന്റെ ഏറ്റവും പ്ലസ് അവരുടെ അഭിനയതിലെ അനായസത ആയിരുന്നു. തമാശ, കുസൃതി ഒക്കെ പെര്‍ഫോം ചെയ്യുമ്പോ നല്ല ഹോള്‍ഡ് ഉണ്ടായിരുന്നു മഞ്ജുവിന്. എന്നാല്‍ ഇപ്പോള്‍ അത് പര്‍പസ്ഫുള്ളി ചെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
5. ഡയലോഗ് സ്പീഡ്
സുരേഷ് ഗോപി ഈയിടെയായി അനുഭവിക്കുന്ന പ്രശ്‌നമാണ് അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ഇഴഞ്ഞു പോകുന്നത്. അതേ പ്രശ്‌നം മഞ്ജു വാര്യരുടെ ഡയലോഗ് ഡെലിവെറിയിലും കാണാം. സ്പീഡില്‍ പറയേണ്ട കാര്യങ്ങള്‍ കുറച്ചു ഇഴച്ചു പറയുന്നത് പോലെ തോന്നാറുണ്ട്. ഓടിയനിലെ ഡയലോഗുകള്‍,സൈറ ബാനുവിലെ ക്ളൈമാക്സ് ഡയലോഗുകള്‍ ഒക്കെ ഇത്തിരികൂടി സ്പീഡില്‍ ചെയ്യാമായിരുന്നു എന്ന് തോന്നി.

മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളാണ് മഞ്ജു വര്യര്‍ എന്നതില്‍ ഒരു സംശയവും ഇല്ല. മലയാള സിനിമയില്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന നായിക നടി കൂടിയാണ് മഞ്ജു വാര്യര്‍. ഏറ്റവും ഇഷ്ടമുള്ള നായികയുടെ ഇപ്പോള്‍ കൂടി വരുന്ന ആര്‍ട്ടിഫിഷ്യല്‍ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നിരാശയുണ്ട്. അത് കൊണ്ട് പറയുന്നു എന്നേയുള്ളു.
വാല്‍കഷ്ണം : നീയാരാടാ മഞ്ജു വാര്യരുടെ അഭിനയത്തിനെ വിമര്‍ശിക്കാന്‍? മാര്‍ക്ക് ഇടാന്‍? ഉപദേശിക്കാന്‍? എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല. ഒരു സിനിമ ആസ്വാദകന്‍ എന്ന് മാത്രേ പറയാനുള്ളു. എതിരഭിപ്രായം ഉള്ളവര്‍ ഉണ്ടാകാം. അതിനെയും ബഹുമാനിക്കുന്നു. എന്റെ വ്യക്തിപരമായ ഒരു അനാലിസിസ് പങ്ക് വെച്ചു എന്നേയുള്ളുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi