നഷ്ട്ടമാവുന്ന ഇഷ്ട്ടങ്ങൾ

ഒരുപാട് നാളിന് ശേഷം ഇന്നലെ ഞാൻ ഇട്ടൊരു സ്റ്റാറ്റസ് അപ്ഡേറ്റ്നു മറുപടി പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഇൻബോക്സിൽ കയറി വന്നു “എന്താടി ചേച്ചി അറിയ്യോ ?” കുറച്ചു നാളായി “ചാറ്റ് ” ഓഫാക്കി…

ഒരുപാട് നാളിന് ശേഷം ഇന്നലെ ഞാൻ ഇട്ടൊരു സ്റ്റാറ്റസ് അപ്ഡേറ്റ്നു മറുപടി പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഇൻബോക്സിൽ കയറി വന്നു

“എന്താടി ചേച്ചി അറിയ്യോ ?”

കുറച്ചു നാളായി “ചാറ്റ് ” ഓഫാക്കി വെച്ച് ചില ഗ്രൂപ്പുകളിലെയും അതിലൂടെ പുതിയ പുതിയ മുഖങ്ങളുടെ ടൈം ലൈനിലുമായി അലഞ്ഞു നടക്കുന്ന എന്റെ എഫ് ബി ജീവിതത്തിൽ ചെറിയൊരു ഇടവേളയ്ക്കു ശേഷം അവന്

“ഞാനിവിടുണ്ട് …നിനക്കൊക്കെ നമ്മളെയൊക്കെ ഓർമ്മയുണ്ടോ ?” എന്ന് മറുപടി കൊടുക്കുമ്പോഴും അവന്റെ പ്രീവിയസ് മെസ്സേജ് മൂന്നുനാലെണ്ണം എന്റെ ഇൻബോക്സിൽ ഉണ്ടെന്നത് മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു .

“ഡി നിനക്ക് സുഖമല്ലേ …”?

“അതെ ..അങ്ങനെ പോകുന്നു ..നീ നെന്മാറ വിട്ടോ ഈ വഴിയൊന്നും കാണാനേ ഇല്ലാലൊ ” ഞാൻ വല്യ ഗൌരവത്തിൽ ചോദിച്ചു

അവൻ മറുപടിയായി ഒരു കണ്ണീരിന്റെ സിമിലി അയച്ചു തന്നിട്ട് പറഞ്ഞു , ” എനിക്കെന്ത് സന്തോഷം …എല്ലാം പോയടി അവളുടെ കല്യാണമാണ് ”

ആദ്യമൊരു ഞെട്ടലായിരുന്നു . പിന്നെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ മുന്നിൽ വന്നു “ഞാനെന്തു ചെയ്യണം ചേച്ചി ” എന്നുള്ള അവളുടെ ചോദ്യമാണ് മനസ്സിൽ തെളിഞ്ഞു വന്നത്

“നീ ഇപ്പോൾ ഇവനെ ഇഷ്ട്ടമാണെന്ന് ഉറപ്പിക്കുമ്പോൾ ഒരു കാര്യം കൂടി തീരുമാനിക്കണം ഒപ്പം ഇനിയെന്ത് പ്രശ്നം വന്നാലും ഇവനെ വിട്ടു പോകുകയില്ലെന്നും കൂടെ ഉണ്ടാവുമെന്നും ”

എന്റെ രൂക്ഷമായ ചോധ്യമായത് കൊണ്ടാവാം എന്നോടുള്ള ബഹുമാനവും ചേർത്ത് അവൾ പറഞ്ഞു ” ഇല്ല ചേച്ചി ഞാൻ എങ്ങും പോവില്ല എനിക്ക് ഏട്ടനെ മതി ”

എന്നിട്ടും അവൻ അവളോടും വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു “റജിയ എന്റെ കൂടെ വന്നാൽ നിന്റെ വീട്ടിലെ പോലുള്ള സുഖങ്ങൾ ഉണ്ടാവില്ല ”

“വീട് കണ്ടിട്ടല്ല ഞാൻ ഏട്ടനെ ഇഷ്ട്ടപ്പെട്ടത്‌ ”

“എന്റെ അമ്മയും അച്ഛനും പെങ്ങന്മാരും പെട്ടെന്നൊന്നും നിന്നോട് സ്നേഹം കാണിച്ചില്ലെന്ന് വരും . നിന്നെ ഓരോന്ന് പറഞ്ഞു വേദനിപ്പിചെന്നു വരും… എന്നുവെച്ച് അവർ അത്ര ക്രൂരന്മാരോന്നുമല്ല …ചിലപ്പോൾ നിന്നെ സ്നേഹിക്കുമായിരിക്കും …ഒന്നും ഉറപ്പ് പറയാൻ കഴിയില്ല ..”

“അറിയാം ഏട്ട … അന്യമതക്കാരി പെണ്ണിനെ വിളിച്ചോണ്ട് വരുമ്പോൾ വീട്ടിൽ കയറ്റുമോ എന്നുപോലും സംശയമാണ് ”

“നിന്റെ വീട്ടുകാർ നിന്നെ കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല , ചിലപ്പോൾ വഴക്ക് പറയും …തല്ലും ..കേസുണ്ടാക്കും …എന്റെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കും …എന്നെ തല്ലിയെന്നും വരും …നിന്നെ പിടിച്ചോണ്ട് പോവാൻ ശ്രമിക്കും ”

അവളുടെ കണ്ണിൽ നിന്നും പെയ്യുന്ന മഴയുടെ തീവ്രതയൽപം കൂടിയോ എന്നെനിക്കു തോന്നി , പുറത്ത് വിരഹത്തിലും ചൂടാണ് വെയിലിന്.

ഞാൻ പതിയെ അവരുടെ അടുത്തു നിന്നും നടന്നു മറു വശത്തുപോയി നിന്നു. അവിടെയാണ് എങ്കിലും ഇവിടെയെങ്കിലും അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കും.

പക്ഷെ മര്യാദ അതല്ലാലോ നമ്മൾ എത്ര ഫ്രണ്ട് ആണെങ്കിലും ഇതുപോലുള്ള ചില നിമിഷങ്ങളിൽ അവർക്ക് തീരുമാനമെടുക്കാൻ വിലങ്ങാവരുത് നമ്മുടെ സാന്നിദ്ധ്യം .

അവൻ ഒരുപാട് വേണ്ടെന്നു വെപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഒരു ഇരുപതുവയസ്സുകാരിയുടെ മനസ്സ് തന്റെ പ്രണയത്തെ വിട്ടുകൊടുക്കാൻ മാത്രം വലുതല്ലാത്തതുകൊണ്ട് രണ്ടുപേരും ചേർന്ന് ഒരുമിച്ചു ജീവിക്കാൻ തന്നെ തീരുമാനിച്ചു .

അതിനു ശേഷം എന്നോട് വന്നു തീരുമാനം പറഞ്ഞിട്ടും അവൻ അവളെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു

“എടി …ഇപ്പോൾ പിരിയുകയാണെങ്കിൽ ആ വിഷമത്തോടെ കഴിഞ്ഞു ഇനിയും വൈകുമ്പോൾ ചിലപ്പോൾ ….എനിക്ക് നിന്നെ കൊണ്ടുപോയാലും നല്ല ജോലി പോലുമില്ല ”

“കണ്ടോ ചേച്ചി …ഇപ്പോഴും ഇയാൾ ഇങ്ങനെയാ പറയുന്നത് ..” അവൾക്ക് വീണ്ടും സങ്കടം .

“ഡി അതല്ലടി …നമ്മൾ കൂട്ടികൊണ്ട് വന്നാൽ പിന്നെ തിരിച്ചുപോവാൻ കഴിയോ ഇവൾക്ക് ? ശരിയാണ് ഇവളുടെ ഇഷ്ട്ടമൊക്കെ എനിക്കറിയാം …

അവളെ വെച്ചും എത്രയോ കൂടുതൽ ഇഷ്ടമാണ് എനിക്ക് . പക്ഷെ ഇത്രകാലത്തെ പോലെയല്ല ഇനി ….ഇനി ജീവിതമാണ് ഒരുനേരം എന്നെ കാണാതാവുമ്പോൾ കുറെ നേരം ഫോൺ ചെയ്തു പരിഭവിക്കുകയും… എന്നും എനിക്ക് വേണ്ടി കാത്തിരിക്കുകയും മാത്രമല്ല ഒരു കാമുകി എന്നതിൽ നിന്നു ഭാര്യ ആവുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടും …

എല്ലാം അവൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വരും …ഇത്ര നാലും അമ്മയും അച്ഛനും ചേട്ടന്മാരും ഒക്കെ കൂട്ടുണ്ടായിരുന്നു ഇനിയതല്ല ആ സ്ഥാനമെല്ലാം…അവരുടെ എല്ലാം സ്നേഹം അവൾക്ക് കൊടുത്ത് കൂടെയിരിക്കാനും എനിക്ക് കഴിയില്ല …

വന്നാൽ എന്നെക്കൊണ്ട് ആവുന്നതുപോലെ ഞാൻ നന്നായി നോക്കിക്കോളാം എന്ന ഉറപ്പ് മാത്രമേ കൊടുക്കാൻ പറ്റൂ . അവൾ സ്വപ്നം കാണുന്നതുപോലെ ഒരു ഭർത്താവാവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ബന്ധം എന്താവും ?

രണ്ടുപേരുടെയും ജീീവിതം എന്താവും …? അവൾ വേണ്ടെന്നു പറഞ്ഞാലും എനിക്ക് പ്രശ്നമില്ല …വേദനയില്ലാതെ അല്ല … ചിലപ്പോൾ ഞാൻ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞെന്നു വരും . എങ്കിലും അവൾ വേദനിക്കുന്നത് എനിക്കിഷ്ട്ടമല്ല ”

എല്ലാം പറഞ്ഞു ഒരു ഒത്തുതീർപ്പിലെത്തി അവർ രണ്ടു പേരും കൂടെ നടന്നു പോകുന്നത് കണ്ടപ്പോൾ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെ കുറിച്ചോർത്ത് വിഷമിക്കുകയായിരുന്നു ഞാൻ ഉള്ളിൽ

സത്യം പറഞ്ഞാൽ ഓരോ പ്രണയവും അനുഗ്രഹമാണ് ..ഭാഗ്യമാണ് …നമ്മുടെ മനസ്സ് പങ്കുവെക്കാൻ കഴിയുന്നപോലൊരു കൂട്ട് കിട്ടുക എന്നുള്ളത് . പരസ്പരം അടുത്താലും അകന്നാലും ആ ഓർമയിൽ ജീവിക്കാൻ കഴിയുന്നതുമതുകൊണ്ടല്ലേ.

പക്ഷെ ജീവിതത്തിൽ എപ്പോഴും തിരിച്ചടികളാണ് പ്രണയത്തിന് . അതിന്റെ ശത്രുക്കള ജാതിയും മതവും ജാതകവും കുടുംബവും ബന്ധങ്ങളും ദേശവും ഭാഷയും ഒക്കെയും …. പരസ്പരമാടുത്ത മനസ്സുകൾക്ക് ഇതൊന്നും ആവശ്യമില്ലെന്നും പരസ്പര സാന്നിദ്ധ്യം ആണ് ഏറ്റവും വലിയ സന്തൊഷമെന്നും എന്തോ ആരും മനസ്സിലാക്കിയില്ല

രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് അങ്ങനെയായിരുന്നു സംഭവിച്ചത് ,അതാണ്‌ അന്തസ്സ് എന്നവർ കരുതുന്നു ,ആ രീതി തന്നെ മക്കൾക്കും ഉണ്ടാവണമെന്നും …

മകൾക്ക് ഇഷ്ട്ടമുള്ള ആളെ കെട്ടി കൊടുക്കില്ല എന്ന് പറഞ്ഞ അച്ഛന്മാർ തന്നെയായിരുന്നു അവരുടെ സ്ത്രീീധനത്തിനായി രാപകലില്ലാതെ പണിയെടുത്തത്

അനിയത്തിമാരുടെ പ്രേമം കണ്ടെത്തുമ്പോൾ കൈത്തരിപ്പു തീർത്തിരുന്ന ഏട്ടന്മാർ തന്നെയായിരുന്നു വിവാഹത്തിനും അതിനു ശേഷവും അവളുടെ ഓരോ കാര്യങ്ങല്ക്കും വേണ്ടി ഓടി നടന്നിരുന്നത്

മകളെ കുടുംബത്തിന്റെ പേര് പറഞ്ഞു ഉപദേശിച്ച അമ്മമാർ തന്നെയായിരുന്നു അവളെ കൊഞ്ചിച്ചു വളർത്തിയതും കൈപിടിച്ച് നടത്തിയതും ….അവസാനം അവൾക്ക് വേണ്ടി അവസാന തരി പൊന്നുകൂടി അഴിച്ചു കൊടുത്തത്

ആരെയും കുറ്റപ്പെടുത്താതെ പഴി പറയാതെ പിന്തിരിഞ്ഞു നടക്കുന്നുണ്ട് ഒരു ജന്മവും അടുത്ത ജന്മവും ഒരുമിച്ചു സ്വപ്നം കണ്ട കുറച്ച് ഹൃദയങ്ങൾ … ആരോടും പരിഭവമില്ലാതെ ആർക്ക് വേണ്ടിയോ ജീവിച്ചു തീർക്കാൻ

ഇഷ്ട്ടപ്പെട്ടവരെ സ്വന്തമാക്കാൻ വിധി അനുവദിക്കില്ല . എന്നാൽ ആ ഓർമയിൽ ജീവിക്കാൻ ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കില്ലെന്ന യാഥാസ്ഥിക ബോധവും ….!!!

-Vidhya Palakkad

Vidhya Palakkad
Vidhya Palakkad

Leave a Reply