ദേശീയ അവാര്‍ഡില്‍ അവസാന റൗണ്ട് വരെ എത്തി ഫഹദ് ഫാസിലും നവ്യ നായരും!

    68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറയുന്നത്. ഇപ്പോഴിതാ അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ എത്തിയ ഫഹദിന്റേയും നവ്യ നായരുടേയും പ്രകടനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകളും പുറത്ത് വരികയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ പ്രകടനം മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലുള്ള അവസാനഘട്ടം വരെ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Malik

    മാലിക്കിലെ ഫഹദിന്റെ അഭിനയ പ്രകടനം ചര്‍ച്ചയായി എങ്കിലും മേക്കപ്പ് ഉള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വരികയായിരുന്നത്രെ. അതേസമയം, നടി നവ്യാ നായരും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് പരിഗണിക്കേണ്ട അവസാന റൗണ്ട് വരെ എത്തിയിരുന്നു എന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലെ നവ്യയുടെ അഭിനയമാണ് ചര്‍ച്ചയായത്.

    ഒരു സത്രീകേന്ദ്രീകൃത സിനിമ ആയിരുന്നു ഒരുത്തീ.. പക്ഷേ പിന്നീട് അപര്‍ണ ബാലമുരളിയുടെ പ്രകടനം മികച്ചത് തന്നെ എന്ന് തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. സൂരറൈപോട്ര് എന്ന തമിഴ് ചിത്രത്തിനാണ് അപര്‍ണ ബാലമുരളി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായത്. ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.

    അതേസമയം, ഇത്തവണയും വിജയികളുടെ ലിസ്റ്റില്‍ മലയാള സിനിമ തല ഉയര്‍ത്തി നിന്നു.. മികച്ച സഹനടനായി ബിജുമേനോനും, ഗായിക നഞ്ചിയമ്മ, മികച്ച മലയാള ചിത്രം, തിങ്കളാഴ്ച നിശ്ചയം, മികച്ച സംവിധായകന്‍ അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധാകന്‍ സച്ചി എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.