‘അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, എനിക്കാണ്’ വിനായകന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നവ്യ

ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. ‘വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ…

navya-nair-about-vinayakans-statement

ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍.
‘വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്.

മീഡിയ അത് വാര്‍ത്തയാക്കും. കാരണം അയാള്‍ക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കുണ്ട്,’ നവ്യ മനോരമയോട് പറഞ്ഞു.
‘അയാള്‍ക്കൊരു അടികൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്. കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല.

വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട്.’നവ്യ കൂട്ടിച്ചേര്‍ത്തു.