ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘ഗുഡ് ലക്ക് ജെറി’യ്ക്ക് ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജാന്‍വി തന്നെയാണ് നയന്‍താര നേരിട്ട് ഫോണ്‍ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചത്. ജാന്‍വിയുടെ ‘ധടക്ക് ‘ എന്ന ചിത്രം ഇഷ്ടപ്പെട്ടു, ‘ഗുഡ് ലക്ക് ജെറി’യ്ക്ക് ഗുഡ് ലക്ക് എന്ന് താരം പറഞ്ഞതായും ജാന്‍വി അറിയിച്ചു.
‘കൊലമാവ് കോകില’ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് എന്ന് നയന്‍താര പറഞ്ഞെന്നും ജാന്‍വി പറഞ്ഞു. ‘കൊലമാവ് കോകില’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജയ കുമാരി/ ജെറി എന്നാണ് ജാന്‍വിയുടെ കഥാപാത്രത്തിന്റെ പേര്.
അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്ത് ആരംഭിക്കുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സിനിമ. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ‘ഗുഡ് ലക്ക് ജെറി’ ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് എത്തും.
സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഓയ് ലക്കി ലക്കി ഓയ്’, ‘അഗ്നിപത്’ തുടങ്ങിയ സിനിമകളുടെ സഹസംവിധായകന് ആയിരുന്നു.
നിര്‍മ്മാണം ആനന്ദ് എല്‍ റായ് ആണ്.
ജാന്‍വിയുടേതായി ‘മിലി’ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാള ചിത്രം ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’.