Malayalam Article

‘കൂടുതല്‍ പിടിച്ചാല്‍ കൂടുതല്‍ കമ്മീഷന്‍’: പെറ്റി അടിച്ച് നടുവൊടിക്കാന്‍ പോലീസിനും ക്യാമറയ്ക്കും പിന്നാലെ ‘സ്വകാര്യ ഏജന്‍സിയും’

ഇനി റോഡുകളില്‍ വാഹന പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസിനെയും, വിദൂരത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ണിമ ചിമ്മാതെ പകര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെയും മാത്രം ഭയന്നാല്‍ പോര. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പിഴ നടപടികള്‍ സ്വീകരിക്കുന്നതിനും സ്വകാര്യ, പൊതു മേഖലാ ഏജന്‍സികളും രംഗത്തെത്തുന്നു.

ക്യാമറയും പോലീസും ഇല്ലാത്തിടങ്ങളില്‍ വിഹാര യാത്ര നടത്തുന്ന വാഹന യാത്രികള്‍ ശ്രദ്ധിക്കുക, നിങ്ങളെ കുടുക്കാന്‍ സ്വകാര്യ വാഹനങ്ങളില്‍ ക്യാമറകളുമായി ചില മൂന്നാം കക്ഷികളും രംഗത്തെത്തിയിരിക്കുന്നു. ക്യാമറ ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം മാന്യന്മാര്‍ ആവുകയും, ക്യാമറ കഴിയുമ്പോള്‍ സ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്ന വിരുതന്മാരെയും കുടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വളവുകളിലും മറ്റും പൊലീസ് നടത്തുന്ന പതിവ് പരിശോധനകള്‍ ഒഴിവാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഏകദേശം 4000 പോലീസുകാരെ റോഡില്‍ നിന്ന് ഒഴിവാക്കാമെന്നാണ് കണക്ക് കൂട്ടല്‍. ‘ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം’ എന്ന പേരിലാണ് നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. എന്നാല്‍ പദ്ധതി വാഹന യാത്രികള്‍ക്ക് വലിയ തലവേദന ആകുമെന്നത് ഉറപ്പായി.

പിഴയായി ഈടാക്കുന്ന തുകയില്‍ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജന്‍സികള്‍ക്കാണ് ലഭിക്കുക എന്നതാണ് ഇതിന് കാരണം. എത്ര കൂടുതല്‍ പിഴ ഈടാക്കാന്‍ സാധിക്കുന്നുവോ അത്രത്തോളും അധിക വരുമാനം ഏജന്‍സികള്‍ക്ക് നേടാം എന്നതിനാല്‍ പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവര്‍ ശ്രമിക്കുക. പ്രതിവര്‍ഷം 80, 70, 60 എന്നീ ശതമാന നിരക്കിലാണ് ഏജന്‍സികള്‍ക്ക് പിഴ തുകയുടെ വിഹിതം ലഭിക്കുക.


അമിത വേഗത, സീറ്റ്‌ ബെല്‍റ്റ്- ഹെല്‍മെറ്റില്ലാത്ത യാത്ര, മൊബൈല്‍ സംസാരം, ഇരുചക്ര വാഹനങ്ങളില്‍ മൂന്നു പേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ്, അനധികൃത പാര്‍ക്കിംഗ് എന്നിവയെല്ലാം കാമറ കണ്ടെത്തും.

കാമറ, നിരീക്ഷണ വാഹനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങളെത്തിക്കാനുള്ള കണക്ടിവിറ്റിയൊരുക്കേണ്ടതും ഏജന്‍സികളാണ്. 1068കാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.”പൊലീസിന്റേതല്ലാത്ത വാഹനങ്ങളിലും കാമറ ഘടിപ്പിക്കും. പലേടങ്ങളിലായി മാറി മാറി നിരീക്ഷണം നടത്തും. ഇതിനുള്ള ചെലവ് ഏജന്‍സികള്‍ വഹിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Vishnu