Malayalam Article

കശുവണ്ടി പെറുക്കാനും പോലീസ്: എസ്.ഐ അടക്കം മൂന്നുപേരെ നിയോഗിച്ച് ഉത്തരവായി

പോലീസിനെന്താണ് പണി…? കള്ളന്മാരെ പിടിക്കല്‍, ഡിഷ്യൂം ഡിഷ്യൂം ഇടിയ്ക്കല്‍… അക്കാലമൊക്കെ പോയകന്നു. ഇപ്പോഴിതാ പുതിയൊരു പണി കൂടി പോലീസുകാര്‍ക്ക് നല്‍കിയിരിക്കുകയാണ്.

കേരള പോലീസിന് വ്യത്യസ്തമായ ഭരണ ചുമതല നല്‍കി സംസ്ഥാന സര്‍ക്കാര്‍. പോലീസ് അധീനതയിലുള്ള പ്രദേശത്തുനിന്ന് കശുവണ്ടി പെറുക്കുന്ന ചുമതലയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കേരള ആംഡ് പോലീസിന്റെ നാലാം ബറ്റാലിയനിലെ എസ്.ഐ. അടക്കം മൂന്നുപേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

എന്നാല്‍ ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തങ്ങളോട് നിലത്തുവീണ് നശിക്കുന്ന കശുവണ്ടികള്‍ പെറുക്കാനാണോ അതോ ഇതിനുള്ള സംവിധാനം ഒരുക്കാനാണോ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതാണ് സംശയമുണര്‍ത്തുന്നത്. ഈ ചോദ്യവുമായി ഉത്തരവിന്റെ പകര്‍പ്പ് പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

കണ്ണൂര്‍ കേന്ദ്രമായുള്ള കെ.എ.പി. നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ കശുമാവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍നിന്നുള്ള കശുവണ്ടി ശേഖരിക്കാന്‍ കരാര്‍ നല്‍കുകയാണ് പതിവ്. പതിവുപോലെ ഇത്തവണ നാലു പ്രാവിശ്യം ലേലം നിശ്ചയിച്ചെങ്കിലും കശുമാവിന്‍ തോട്ടങ്ങള്‍ ലേലത്തില്‍ എടുക്കാന്‍ ആരും മുമ്പോട്ട് വരാതിരുന്നത് അധികൃതര്‍ക്ക് തലവേദനയായി.

കാലാവസ്ഥാ വ്യതിയാനം കാരണം ഉത്പാദനം കുറഞ്ഞതും വിപണിയിലെ വിലക്കുറവുമാണ് കരാറുകാര്‍ മുഖം തിരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പാകമായി താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകും മുമ്പ് അവ ശേഖരിക്കാനും ശേഖരിച്ചവ കേടുപാട് കൂടാതെ സൂക്ഷിക്കാനും സേനാംഗങ്ങളെ ചുമതലപ്പെടുത്തി ഉത്തരവ് ആയിരിക്കുന്നത്.

എന്നാല്‍, ഈ കശുവണ്ടി പെറുക്കല്‍ അത്ര മോശം കാര്യമൊന്നും അല്ലെങ്കിലും ഇതൊക്കെ പോലീസുകാരെ കൊണ്ടാണോ ചെയ്യിക്കുന്നത് എന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഇതോടൊപ്പം തന്നെ, ബറ്റാലിയന്റെ അധീനതയിലുള്ള പറമ്പിലെ മുതലുകള്‍ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദത്തിത്തം ബറ്റാലിയനുതന്നെ ആണ്. അതുകൊണ്ട് ഈ ഉത്തരവില്‍ ഒരു അപാകതയും ഇല്ലെന്ന് പറയുന്നവരും ഉണ്ട്.

കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് ആയിരകണക്കിനു കശുമാവിന്‍ തൈകളാണു കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി കശുവണ്ടി ശേഖരിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Vishnu