കുട്ടികളിൽ കണ്ടു വരുന്ന ആസ്മ, കൂടുതൽ അറിയാം!

പല തരത്തിൽ ഉള്ള ആസ്മ കുട്ടികളിൽ കാണാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കുട്ടികളിലെ ആസ്മ രോഗത്തെ കുറിച്ച് ഇൻഫോ ക്ലിനിക് പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, കുട്ടികളിലെ ആസ്ത്മ, ഡോക്ടര്‍: ഇതിപ്പോ…

news about health

പല തരത്തിൽ ഉള്ള ആസ്മ കുട്ടികളിൽ കാണാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കുട്ടികളിലെ ആസ്മ രോഗത്തെ കുറിച്ച് ഇൻഫോ ക്ലിനിക് പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

കുട്ടികളിലെ ആസ്ത്മ, ഡോക്ടര്‍: ഇതിപ്പോ കുറച്ചു പ്രാവശ്യായല്ലോ ഇങ്ങനെ വന്ന് കുഞ്ഞിനെ നെബുലൈസ് ചെയ്ത് പോകുന്നു. അമ്മ: ഇതൂടെ ചേര്‍ത്ത് നാലാമത്തെ പ്രാവശ്യാണ് ഡോക്ടറെ ഈ മാസം വരണത്. ഡോക്ടര്‍: ഇന്‍ഹേലര്‍ തുടങ്ങുന്നതാവും നല്ലത്. അമ്മ: അയ്യോ… ഇത്ര ചെറുപ്പത്തിലോ? അത് പ്രായായവര്‍ക്കൊള്ളതല്ലേ? ഡോക്ടര്‍: അങ്ങനെ ഒന്നൂല്ല. മരുന്ന് ഉള്ളിലേക്ക് എത്തിക്കാനുള്ള ഒരു വഴി മാത്രാണത്. വായിലൂടെ കൊടുക്കുന്ന പോലെ… ഇഞ്ചക്ഷന്‍ കൊടുക്കുന്ന പോലെ… ഇന്‍ഹേലറാകുമ്പോ മരുന്ന് നേരെ ശ്വാസകോശത്തിലേക്ക് എത്തും. നെബുലൈസ് ചെയ്യുമ്പോഴും അത് തന്നെയാണ് നടക്കുന്നത്. അമ്മ: പക്ഷേ ഇന്‍ഹേലര്‍ തുടങ്ങിയാ പിന്നെ നിര്‍ത്താന്‍ പറ്റില്ലാന്നാണല്ലോ എല്ലാവരും പറയണത്. ഡോക്ടര്‍: ആളുകള്‍ ഇതൊക്കെ അറിഞ്ഞിട്ട് പറയുന്നതാണോ? മിക്കവാറും കുട്ടികളുടെ ശ്വാസംമുട്ട് അഞ്ചാറ് വയസ്സാവുമ്പോഴേക്കും മാറും. ചിലര്‍ക്ക് അത് തുടരും. കൃത്യമായി മരുന്ന് എടുത്താല്‍ ഇടക്കിടയ്ക്ക് ഇങ്ങനെ ഓടി വരേണ്ടി വരില്ല. നാളെ രാവിലെ OPയില്‍ വരൂ. എല്ലാം വിശദമായി പറഞ്ഞ് തരാം. അമ്മ: ശരി ഡോക്ടര്‍. കുട്ടികളില്‍ വളരെ വലിയ തോതില്‍ കണ്ട് വരുന്ന ഒരു അസുഖമാണ് ആസ്ത്മ. അത് അവരുടെ ഉറക്കത്തെയും ദിനചര്യകളെയും ബാധിക്കാം. വലിയ ആളുകളില്‍ കാണുന്ന ആസ്ത്മയില്‍ നിന്നും വ്യത്യസ്തമല്ല ഇത്. മൂന്ന് വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ പകുതിയിലധികം കുട്ടികള്‍ക്കും ഒരിക്കലെങ്കിലും wheezing (ശ്വാസനാളത്തിന്‍റെ വ്യാസം കുറയുന്നത് മൂലം അതിലൂടെ വായു കടന്ന് പോകുമ്പോള്‍ നെഞ്ചില്‍ നിന്ന് വിസില്‍ അടിക്കുന്നത് പോലെ കേള്‍ക്കുന്ന ശബ്ദം) വന്ന് പോയിട്ടുണ്ടാകാം എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചില കുട്ടികള്‍ക്ക് അത് വീണ്ടും വീണ്ടും വന്നേക്കാം. അവരില്‍ ചിലര്‍ക്ക് വൈറല്‍ പനിയുടെ കൂടെ, കുറെ ദിവസങ്ങളുടെ ഇടവേളകളില്‍ മാത്രവും (Episodic viral wheeze); മറ്റ് ചിലര്‍ക്ക് വൈറല്‍ പനിയ്ക്ക് പുറമെ സിഗറെറ്റ് പുക, പൂമ്പൊടി മുതലായ മറ്റ് അലര്‍ജനുകള്‍ മൂലം അടുപ്പിച്ച് അടുപ്പിച്ചും (Multiple Trigger Wheeze) ശ്വാസംമുട്ട് അനുഭവപ്പെട്ടേക്കാം.

ആറ് വയസ്സ് ആകുമ്പോഴേക്കും മിക്കവാറും കുട്ടികള്‍ ആസ്ത്മയില്‍ നിന്നും മോചിതരാകുമെങ്കിലും ചില കുട്ടികള്‍ക്ക് അത് ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും. ചെറിയ ശതമാനം കുട്ടികളില്‍ പത്ത് വയസ്സ് കഴിയുന്നതോടെ അല്പം ആശ്വാസം ലഭിക്കുകയും പിന്നീട് പ്രായപൂര്‍ത്തിയാകുന്നതോടെ അത് തിരിച്ച് വരികയും ചെയ്യും. ആസ്ത്മയുടെ കൂടെ തന്നെ കണ്ടേക്കാവുന്നതാണ് അലര്‍ജി സംബന്ധമായ മറ്റ് അസുഖങ്ങളും (Rhinitis, Conjunctivitis, Dermatitis). ആസ്ത്മയുള്ള കുട്ടികള്‍ക്ക്, ചെറുപ്പത്തില്‍ പശുവിന്‍ പാലിനോട് അലര്‍ജി ഉണ്ടായിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതു പോലെ Respiratory Syncytial Virus & Rhinovirus അണുബാധ ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് പിന്നീട് ആസ്ത്മ വരാനുള്ള സാധ്യതയും കൂടുതലാണ്. നാല് തവണയില്‍ കൂടുതല്‍ ശ്വാസംമുട്ട് വന്നിട്ടുള്ള കുട്ടികള്‍, ആസ്ത്മയുള്ള മാതാപിതാക്കള്‍, അലെര്‍ജി മൂലമുള്ള ചര്‍മരോഗം ഉള്ളവര്‍, ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് അലെര്‍ജി ഉള്ളവര്‍, വൈറല്‍ പനിയുടെ ഭാഗമായിട്ടല്ലാതെ തന്നെ ശ്വാസംമുട്ട് വന്നിട്ടുള്ളര്‍ എന്നിവര്‍ക്കൊക്കെ പിന്നീട് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മയുള്ളവര്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നത് ഇമ്മുണിറ്റിയുടെ വ്യതിയാനം മൂലം ശരീരത്തില്‍ 3 പ്രധാന സംഭവങ്ങള്‍ നടക്കുന്നത് കാരണമാണ്. . ശ്വാസനാളം ചുരുങ്ങുന്നു. . ശ്വാസനാളത്തിന്‍റെ ചുവരുകള്‍ കട്ടി വയ്ക്കുന്നു. . സ്രവത്തിന്‍റെ ഉല്‍പാദനം കൂടുന്നു. രോഗലക്ഷണങ്ങള്‍ എന്തെല്ലാം? . അടിയ്ക്കടി ഉണ്ടാകുന്ന wheezing. . ചുമ. . നെഞ്ചില്‍ പിടിത്തമിട്ടത് പോലെയുള്ള തോന്നല്‍. . ശ്വാസംമുട്ടല്‍ ഇടയ്ക്ക് ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് ജീവന് വരെ അപകടം ഉണ്ടായേക്കാവുന്ന അവസ്ഥ (exacerbation). രോഗനിര്‍ണ്ണയം നടത്തുന്നതെങ്ങനെ? . രോഗലക്ഷണങ്ങള്‍ വിലയിരുത്തിയാണ് പ്രധാനമായും രോഗനിര്‍ണ്ണയം നടത്തുന്നത്. . വായു കടത്തി വിടാനുള്ള ശ്വാസകോശത്തിന്‍റെ കഴിവിന്‍റെ പരിശോധന നടത്തുന്നത് രോഗനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ സഹായിക്കും. . രക്തപരിശോധന – അണുബാധയും, അലെര്‍ജിയും കണ്ടുപിടിക്കാന്‍ സഹായിക്കും. . X-ray – ശ്വാസകോശത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് അറിയുവാനും മറ്റേതെങ്കിലും പ്രശ്നങ്ങള്‍ കൂടെയുണ്ടോ എന്ന് കണ്ടുപിടിക്കുവാനും സഹായിക്കും. . അലര്‍ജി ടെസ്റ്റ് – ചര്‍മ്മത്തിലോ രക്തത്തിലോ നടത്തുന്ന പരിശോധന വഴി ഏത് വസ്തുവാണ് അലര്‍ജി ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിക്കാനായേക്കും. ചികിത്സയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം? . മരുന്ന് കൊണ്ട് ആസ്ത്മ മാറ്റിയെടുക്കുക സാധ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ നിയന്ത്രിച്ച്, ശ്വാസകോശത്തിന് ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുവാന്‍ സാധിയ്ക്കും. . രാത്രിയിലെ ഉറക്കത്തെ ബാധിക്കാതെ നോക്കുക. . ദിനചര്യകളെ ബാധിക്കാതെ നോക്കുക. . Exacerbations കുറയ്ക്കുവാന്‍ നോക്കുക. . Triggers പരമാവധി ഒഴിവാക്കാൻ ശ്രമിയ്ക്കുക. . മരുന്നുകളും തന്‍മൂലമുള്ള പാര്‍ശ്വഫലങ്ങളും കുറയ്ക്കാന്‍ ശ്രമിയ്ക്കുക.

Triggers എന്നാലെന്ത്? . രോഗലക്ഷണങ്ങൾ മൂർച്ഛിക്കാൻ കാരണമായേക്കാവുന്ന എന്തിനെയും വിളിക്കുന്ന പേരാണ് trigger. . വ്യത്യസ്ത രോഗികളുടെ trigger വ്യത്യസ്തമായിരിക്കും. . വൈറൽ അണുബാധ, പൂമ്പൊടി, പൊടി, പാറ്റ, പക്ഷികളുടെ തൂവൽ, മൃഗങ്ങളുടെ രോമം, പുക, ചില ഭക്ഷണ പദാർത്ഥങ്ങൾ, വ്യായാമം, തണുപ്പുള്ള കാലാവസ്ഥ, മാനസിക സമ്മർദ്ദം മുതലായവയെല്ലാം trigger ആയി വർത്തിച്ചേക്കാം. Triggers കണ്ടുപിടിക്കുന്നതെങ്ങനെ? . മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്നിനോട് ശരീരം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പ്രതികരിക്കുന്നതാവും ആദ്യം ശ്രദ്ധിയ്ക്കുന്നത്. . അതിനോട് ശരീരം വീണ്ടും വീണ്ടും അത് പോലെ തന്നെ പ്രതികരിക്കുന്നത് കണ്ടാൽ ഏകദേശം ഉറപ്പിയ്ക്കാം. . പ്രതികരണത്തിൻ്റെ തോത് വ്യത്യസ്തമായിരിയ്ക്കാം. ചെറിയ മൂക്കടപ്പ്, ചർമ്മത്തിൽ തിണർപ്പ് മുതൽ ചുമയോ, ശ്വാസംമുട്ടലോ ഒക്കെ അനുഭവപ്പെട്ടേക്കാം. . ചർമ്മത്തിലെ പരിശോധന വഴിയും രക്ത പരിശോധന വഴിയും ഒരു പരിധി വരെ ഇവ കണ്ട് പിടിയ്ക്കാൻ കഴിഞ്ഞേക്കും. Triggers ഒഴിവാക്കാൻ എന്ത് ചെയ്യാനാകും? . കാലാവസ്ഥ വ്യതിയാനം പോലെയുള്ള ചിലത് ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ല. . പൂമ്പൊടി, പക്ഷികളുടെ തൂവൽ, മൃഗങ്ങളുടെ രോമം എന്നിവ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞേക്കും. . അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുവാൻ നമുക്ക് പരിധിയുണ്ടെങ്കിലും വീട്ടിലെ പുക (പ്രത്യേകിച്ച് സിഗരറ്റിൻ്റെ) ഒഴിവാക്കാനാകും. . അലർജി ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതെ ശ്രദ്ധിക്കാം. ഒരാൾക്ക് പ്രശ്നം ഉണ്ടാക്കുന്നത് മറ്റൊരാൾക്ക് പ്രശ്നം ഉണ്ടാക്കണം എന്നില്ല. അതിനാൽ തന്നെ വെറും സംശയത്തിൻ്റെ പേരിൽ ഇവ ഒഴിവാക്കേണ്ടതില്ല. . കൃത്യമായ ഇടവേളകളിൽ വീട് വൃത്തിയാക്കി പാറ്റ ശല്യം കുറയ്ക്കാനാകും. . പൊടിയും പൂപ്പലും പിടിയ്ക്കുവാൻ സാധ്യതയുള്ള കാർപെറ്റ്, സോഫ്റ്റ് ടോയ്സ്, പഴയ പുസ്തകങ്ങൾ മുതലായവ പരമാവധി ഒഴിവാക്കുക. . കർട്ടൻ, കുഷൻ, കിടക്ക, തലയണ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ഇവ വീടിനുള്ളിൽ വെച്ച് തട്ടിക്കുടഞ്ഞ് കൂടുതൽ പൊടി പറക്കാൻ ഇടയാകരുത്. വാക്യും ക്ലീനർ ഉപയോഗിക്കാനായാൽ നല്ലത്. . കിടക്ക വിരി, തലയണ ഉറ എന്നിവ ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും മാറ്റണം. കിടക്കാൻ നേരം തട്ടിക്കുടഞ്ഞ് വിരിയ്ക്കുന്നതിന് പകരം കുറച്ച് മുമ്പ് കുഞ്ഞ് അകത്തില്ലാത്തപ്പോൾ വിരിച്ച് വെയ്ക്കുക. . നിലം വൃത്തിയാക്കുമ്പോൾ അടിച്ച് വാരുന്നതിന് പകരം വാക്യും ചെയ്യുന്നതോ നനച്ച് തുടയ്ക്കുന്നതോ ആണ് പൊടി പറക്കാതിരിയ്ക്കാൻ നല്ലത്. . ഫാനും കൂളറും ACയും മറ്റും ഇടയ്ക്കിടെ വൃത്തിയാക്കണം. . പൗഡറും പെർഫ്യൂമും ഒഴിവാക്കുന്നത് നന്നായിരിക്കും. . പകൽ ജനലുകളും വാതിലുകളും തുറന്നിട്ട് ശുദ്ധവായുവും സൂര്യപ്രകാശവും അകത്ത് കടക്കുവാൻ അവസരം നൽകുക. മരുന്നുകള്‍ ഏതെല്ലാം? . പ്രധാനമായും മൂന്ന് തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത് . Relievers: ലക്ഷണങ്ങള്‍ കൂടി നില്‍ക്കുന്ന അവസ്ഥയില്‍ പെട്ടന്നുള്ള ആശ്വാസം ലക്ഷ്യമിട്ട് ഉപയോഗിക്കുന്നവയാണിവ. Salbutamol, Levosalbutamol, Terbutaline, Ipratropium എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. സിറപ്പ്, ഗുളിക, ഇന്‍ഹേലര്‍, നെബുലൈസെര്‍ എന്നിവയില്‍ ഏത് തരത്തിലും ഇവ നല്കാം. . Controllers: ലക്ഷണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാതിരിക്കാനായി നല്‍കുന്നതാണിവ. Budesonide, Beclomethasone, Fluticasone, Mometasone, Formetrol, Salmetrol എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇന്‍ഹേലര്‍ അല്ലെങ്കില്‍ നെബുലൈസെര്‍ വഴിയാണ് ഇവ നല്‍കുന്നത്. Monteleukast എന്ന മരുന്നും ഈ ഗണത്തില്‍ പെടുന്നതാണ്. ഇത് ഗുളിക രൂപത്തിലോ പൊടി രൂപത്തിലോ ആണ് ലഭിയ്ക്കുന്നത്. Controller ഗണത്തില്‍ വരുന്ന മരുന്നുകള്‍ കൂടുതല്‍ കാലത്തേയ്ക്ക് നല്‍കുന്നവയാണ്.

അടിയ്ക്കടിയുള്ള ലക്ഷണങ്ങളുടെ വരവും, reliever മരുന്നുകളുടെ ഉപയോഗവും കുറയ്ക്കുക എന്നതാണ് controller മരുന്നുകളുടെ ലക്ഷ്യം. അല്പം ആശ്വാസം തോന്നുമ്പോഴേയ്ക്കും ഇവ നിര്‍ത്തുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും അവ തുടരേണ്ടതായി വന്നേക്കാം. എല്ലാ കൊല്ലവും ഒരു പ്രത്യേക കാലാവസ്ഥ വരുമ്പോൾ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ആ കാലം കടന്ന് കിട്ടുന്നത് വരെ ഈ മരുന്ന് നൽകി വരാറുണ്ട്. . Add-ons: മറ്റ് രണ്ട് ഗണത്തിലുള്ള മരുന്നുകള്‍ കൃത്യമായി ഉപയോഗിച്ച ശേഷവും രോഗലക്ഷണങ്ങള്‍ വരുതിയിലാകുന്നില്ലെങ്കില്‍ ഉപയോഗിക്കുന്നവയാണിവ. Prednisone, Prednisolone, Methyl Prednisolone, Hydrocortisone എന്നിവയാണ് ഈ ഗണത്തില്‍ വരുന്നത്. ഇവ ഗുളിക, സിറപ്പ്, ഇഞ്ചെക്ഷന്‍ എന്നീ രൂപങ്ങളില്‍ ലഭ്യമാണ്. പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ് എന്നതിനാല്‍ തന്നെ രോഗം വളരെ മൂര്‍ച്ഛിച്ചിരിക്കുന്ന അവസരങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിക്കാറുള്ളത്. സിറപ്പ്, ഗുളിക, ഇഞ്ചക്ഷന്‍, ഇന്‍ഹേലര്‍, നെബുലൈസര്‍ – ഏതാണ് നല്ലത്? . ഇവയെല്ലാം മരുന്നുകള്‍ അകത്തേക്ക് എത്തിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. . Salbutamol പോലെയുള്ള ചില മരുന്നുകള്‍ ഒന്നില്‍ കൂടുതല്‍ വഴികളിലൂടെ ഉള്ളിലേക്ക് എത്തിക്കാം. സാഹചര്യമനുസരിച്ച് അത് തിരഞ്ഞെടുക്കാം. . ആസ്ത്മ മൂലമുള്ള ശ്വാസംമുട്ട് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ മരുന്ന്‍ നേരെ ശ്വാസകോശത്തിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും നല്ലത്. പെട്ടന്ന് ആശ്വാസം ലഭിക്കുമെന്ന് മാത്രമല്ല പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. Controller ആയി കൊടുക്കുന്ന steroid മരുന്നുകള്‍ പ്രത്യേകിച്ചും. . മരുന്ന് ശ്വാസകോശത്തിലേക്ക് നേരിട്ടെത്തിക്കാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇന്‍ഹേലറും നെബുലൈസറും. വല്ലപ്പോഴും മാത്രം ഉപയോഗിക്കുമ്പോള്‍ നെബുലൈസര്‍ മതിയാവും. എന്നാല്‍ ഇടയ്ക്കിയ്ടക്ക് ആവശ്യം വരുന്ന സ്ഥിതിയാണെങ്കില്‍ ഇന്‍ഹേലര്‍ ആണ് നല്ലത്. യാത്ര ഒക്കെയുള്ളപ്പോള്‍ കൂടെ കൊണ്ട് നടക്കാനും ഇന്‍ഹേലറാണ് എളുപ്പം. . ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ സ്പേസര്‍ കൂടെ ഉപയോഗിക്കണം. മരുന്ന് കൃത്യമായി ഉള്ളിലേക്കെത്തിക്കുവാന്‍ ഇത് അത്യാവശ്യമാണ്. . ഇന്‍ഹേലര്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ വാ നല്ലത് പോലെ കഴുകണം. Steroid ഉപയോഗിച്ച് കഴിയുമ്പോള്‍ പ്രത്യേകിച്ചും. ഇല്ലെങ്കില്‍ വായില്‍ പൂപ്പല്‍ വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയിൽ മറ്റെന്തെല്ലാം ശ്രദ്ധിക്കണം? . സാധാരണ അസുഖങ്ങൾക്ക് ചികിത്സിക്കുന്നത് പോലെ ഇത്ര മരുന്ന് ഇത്ര ദിവസത്തേയ്ക്ക് എന്ന രീതി ആസ്ത്മയിൽ സാധ്യമല്ല. . ഏറ്റവും ചുരുങ്ങിയ മരുന്നുകൾ കൊണ്ട് പരമാവധി ലക്ഷണങ്ങൾ പിടിച്ച് നിർത്തുക എന്നതാണ് രീതി. . മരുന്നുകൾ കൃത്യമായി എടുക്കുന്നതോടൊപ്പം തന്നെ ലക്ഷണങ്ങളും വ്യക്തമായി കുറിച്ച് വെയ്ക്കണം. ഇതിനെ ആസ്ത്മ ഡയറി എന്ന് പറയും. . ഓരോ തവണ ചെല്ലുമ്പോഴും ലക്ഷണങ്ങളുടെ തീവ്രത വിലയിരുത്തി മരുന്നുകൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടി വരും. അമ്മ കുഞ്ഞിനേം തോളിലിട്ട് പുറത്തേക്കിറങ്ങി. സിഗറെറ്റ് ആഞ്ഞു വലിച്ച്, കുറ്റി ചവുട്ടി കെടുത്തിക്കൊണ്ട് അച്ഛന്‍ വണ്ടി സ്റ്റര്‍ട്ടാക്കി. അച്ഛന്‍: ഡോക്ടര്‍ എന്ത് പറഞ്ഞു? അമ്മ: ഇപ്പോ കുറഞ്ഞിട്ടണ്ട്. പക്ഷേ ഇന്‍ഹേലര്‍ തുടങ്ങേണ്ടി വരുംന്നാ പറയണത്. അച്ഛന്‍: അവരങ്ങനെ പലതും പറയും. അതിന് കൊറേ സൈഡ് എഫെക്ട് ഒക്കെയൊള്ളതാ. അടുത്ത പ്രാവശ്യം നമുക്ക് വേറെ ആരെയെങ്കിലും കാണിക്കാം. അമ്മ: ഇനി ഈ ഭാഗത്ത് കാണിക്കാന്‍ ആരൂല്ല. മറ്റെ രണ്ട് പേരും ഇത് തന്നെ പറഞ്ഞപ്പഴല്ലെ അവരെ മാറ്റി ഇങ്ങോട്ട് വന്നത്. എന്തായാലും ഇവിടെ വന്ന് ഡോക്ടര്‍ എന്താ പറയണത്ന്നു കേട്ടട്ട് തീരുമാനിക്കാം. അച്ഛന്‍: നീ ഒറ്റയ്ക്ക് വന്നാ മതി. അമ്മ: നമ്മള് ഒരുമിച്ച് വരുകേം ചെയ്യും. പുള്ളി പറയണ പോലെ ചെയ്യുകേം ചെയ്യും. വലി നിര്‍ത്താന്‍ റെഡി ആയിക്കോ. എഴുതിയത്: ഡോ. തോമസ് രഞ്ജിത്ത്, ഡോ. മോഹൻദാസ് നായർ, ഇൻഫോ ക്ലിനിക്.