# ബിരിയാണിയുടെ പങ്ക് ആവശ്യപ്പെട്ട ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്; ഇരുവര്‍ക്കും ദാരുണാന്ത്യം

- Link: https://ml.b4blaze.com/news/argument-over-biryani-sharing-husband-sets-his-wife-on-fire-tragic-end-for-both
- Published: 2022-11-10T20:31:33+05:30
- Author: Gargi

ബിരിയാണിയുടെ വിഹിതം ആവശ്യപ്പെട്ടതിന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്.
ചെന്നൈയിലെ അയ്‌നാവരത്ത് ആണ് സംഭവം. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് തീപിടിച്ച സ്ത്രീ
ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കരുണാകരന്‍(
74) പത്മാവതി (70) എന്നിവരാണ് കൊല്ലപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/biriyani.jpg?resize
=710%2C400&ssl=1)

ഇവരുടെ നാല് മക്കളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയതിനാല്‍ തനിച്ചായിരുന്നു
താമസം. കുട്ടികള്‍ ഇടയ്ക്കിടെ അവരെ സന്ദര്‍ശിക്കാറുണ്ടെങ്കിലും ഏകാന്തത മൂലം ദമ്പതികള്‍
വിഷാദത്തിലായിരുന്നു. കരുണാകരനും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍
പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/biriyanii.jpg?resize
=600%2C462&ssl=1)

തിങ്കളാഴ്ച രാത്രി 8 മണിയോടെ, കരുണാകരന്‍ ഒരു ഭക്ഷണശാലയില്‍ നിന്ന് ഒരു ബിരിയാണി വാങ്ങി,
അത് ഭാര്യയ്ക്ക് കൊടുക്കാതെ ഒറ്റയ്ക്ക് കഴിക്കുന്നത് കണ്ട് പത്മാവതി ചോദ്യം ചെയ്യുകയും
ബിരിയാണിയുടെ ഒരു പങ്ക് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്
ചെയ്യുന്നു. തര്‍ക്കം വഴക്കിലേക്ക് എത്തുകയും കരുണാകരന്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് 
തീ കൊളുത്തുകയുമായിരുന്നു. എന്നാല്‍, തീ പടര്‍ന്നതോടെ പത്മാവതി അദ്ദേഹത്തെ കെട്ടിപ്പിടിച്ചതായി
റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടിലെത്തിയ അയല്‍വാസികളാണ്
അബോധാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/fire.jpg?resize=
1280%2C752&ssl=1)

പത്മാവതിക്ക് 65 ശതമാനവും കരുണാകരന് 50 ശതമാനവും പൊള്ളലേറ്റതായി സര്‍ക്കാര്‍ കില്‍പ്പോക്ക്
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ (കെഎംസിഎച്ച്) ഡോക്ടര്‍മാര്‍ പറഞ്ഞു. ദമ്പതികള്‍ വിഷാദാവസ്ഥയിലാണെന്ന്
അറിഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പോലീസ് ആദ്യം സംശയിച്ചു. എന്നാല്‍,
ചൊവ്വാഴ്ച പത്മാവതിക്ക് ബോധം വന്നപ്പോഴാണ് സത്യം വെളിപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന്
അവര്‍ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പത്മാവതിയും കരുണാകരന്‍ ബുധനാഴ്ച രാവിലെയുമാണ് 
മരിച്ചത്.
