# കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി: യുവാവിന് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ചിക്കന്‍ വ്യാപാരി സമതി

- Link: https://ml.b4blaze.com/news/crime-viral-video-in-social-media
- Published: 2022-04-27T19:52:50+05:30
- Author: Rahul

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ അധികൃതര്‍.
കോഴിയെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും അതിനെ ജീവനോടെ 
തൂവലുരിയ്ക്കയും കഷ്ണങ്ങളാക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
അതും ചിരിച്ചുകൊണ്ട്. ഹൃദയഭേദകമായ ആ രംഗം കണ്ടവര്‍ അത് അധികതൃതരുടെ ശ്രദ്ധയിലേയ്ക്ക്
എത്തിക്കുകയായിരുന്നു.

ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ച് കോഴിയെ ജീവനോടെ തന്നെ കഷ്ണങ്ങളാക്കിയ യുവാവിന് എതിരെ
കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി.
തിരുവനന്തപുരം പൊഴിയൂരിലുള്ള യുവാവിന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
വ്യാപാര സമിതി സംസ്ഥാന സെക്രട്ടറി പി. എസ് ഉസ്മാനാണ് രംഗത്തെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hen-1-300x169.jpg?
resize=643%2C362&ssl=1)

മാന്യമായി ചിക്കന്‍ വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികളെ അപ കീര്‍ത്തിപ്പെടുത്തുന്ന
നടപടിയാണ് യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമിതി ആരോപിച്ചു. ഇത്തരം പ്രവണതകള്‍
അവസാനിപ്പിക്കേണ്ടതാണ്. യുവാവിന് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നിയമത്തിന്
മുമ്പില്‍ കൊണ്ടു വരണമെന്നും സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മാന്യമായ നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുടെ മുഖത്ത്
കരിവാരി തേയ്ക്കുന്ന നിലയിലുള്ള നീച പ്രവര്‍ത്തിയെ ശക്തി യുക്തം അപലപിക്കുന്നതായി ചിക്കന്‍
വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. മാംസത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന
ഉല്‍പന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ, നിന്ദ്യമായ
നിലയില്‍ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന വിഷ്വല്‍സ് കാഴ്ചക്കാരില്‍ അമ്പരപ്പും വെറുപ്പും
സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചിക്കന്‍ വ്യാപാര സമിതി അംഗീകരിക്കില്ല 
എന്നു മാത്രമല്ല ഇത്തരക്കാര്‍ക്കെതിരെ സംഘടന പരമായും നിയമപരമായും കടുത്ത നടപടി തന്നെ
സ്വീകരിക്കുന്നതാണ്. ഇയാള്‍ ക്കെതിരെ നിയമ പരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും
ജില്ലാ കമ്മിറ്റി അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hen-2-300x169.jpg?
resize=666%2C375&ssl=1)

പൊഴിയൂരുള്ള ചെങ്കവിളയിലാണ് സംഭവം. ഇറച്ചി ക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ
തൂവല്‍ പറിച്ചെടുത്ത് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് 
അയാള്‍ ഈ ക്രൂരത ചെയ്യുന്നതെന്ന് പിന്നീട് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ
വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. ഇയാള്‍ എത്രയും വേഗം പിടിയിലാകുമെന്നാണ്
പ്രതീക്ഷ.
