# H D F C ക്രെഡിറ്റ് കാർഡ് ആണോ ഉപയോഗിക്കുന്നത്; ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ് പരിധിയിൽ മാറ്റം

- Link: https://ml.b4blaze.com/news/hdfc-credit-card-limit-new-updates
- Published: 2025-06-26T12:24:23+05:30
- Author: Shilpa

നിങ്ങൾ ഉപയോഗിക്കുന്നത് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ ഉണ്ട്. ജൂലൈ 1 മുതൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് മുഖേനയുള്ള റിവാർഡ്
പ്രോഗ്രാമിലും വിവിധ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന ചാർജുകളിലും സുപ്രധാന മാറ്റങ്ങളാണ്
പ്രാബല്യത്തിൽ വരുന്നത്.

ഓൺലൈൻ ഗെയിമിംഗ്, വാലറ്റ് ലോഡിംഗ് ഇടപാടുകൾ (, യൂട്ടിലിറ്റി ബില്ലുകൾ, വാടക, ഇന്ധനം,
വിദ്യാഭ്യാസ) പേയ്‌മെന്റുകൾ എന്നിവയെ പുതിയ മാറ്റങ്ങൾ ബാധിക്കും. മാത്രമല്ല എച്ച്ഡിഎഫ്‌സി
ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് പോളിസികളും അപ്‌ഡേറ്റ് ചെയ്യപ്പെടും. പരിധിയിൽ
കൂടുതലുള്ള ഇടപാടുകൾക്ക് 1% ഫീസ് ഈടാക്കും. അതായത് പ്രതിമാസ ഇടപാട് പരിധി 4,999 രൂപയായി
നിർണ്ണയിച്ചിരിക്കുന്നു. ഇതായിരിക്കും എല്ലാ ഇടപാടുകൾക്കുമുള്ള പരിധി.

ഇടപാടുകൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമായി നിലനിർത്തിക്കൊണ്ട് മികച്ച സാമ്പത്തിക പരിഹാരങ്ങൾ
വാഗ്ദാനം ചെയ്യുന്നതിനാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഓരോ ഇടപാടുകളിലുമുള്ള മാറ്റങ്ങളെ
കുറിച്ച് വിശദമായി അറിയാം.

**ഓൺലൈൻ ഗെയിമിംഗ് ഇടപാടുകൾ**

റമ്മി കൾച്ചർ, ഡ്രീം11, ജംഗ്ലീ ഗെയിംസ്, എംപിഎൽ തുടങ്ങിയ വിവിധ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ
1% ഫീസ് ഈടാക്കും. അതായത് ഈ ഇടപാടുകളുടെ പരിധി പ്രതിമാസം 4,999 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അത്തരം ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.

**വാലറ്റ് ലോഡിംഗ് ഇടപാടുകൾ**

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഡിജിറ്റൽ വാലറ്റ് ലോഡ് ചെയ്യുന്നതിന്
അക്കൊണ്ടിൽ നിന്നും 1% ഫീസ് ഈടാക്കും. മൊബിക്വിക്, പേടിഎം, ഫ്രീചാർജ്, ഓല മണി എന്നിവയിൽ
ഡിജിറ്റൽ വാലറ്റുകൾ ലോഡ് ചെയ്യുമ്പോൾ പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ അധിക
ഫീസ് ഈടാക്കും. ഇത്തരം ഇടപാടുകൾക്കുള്ള ആകെ ഫീസ് പരിധി 4,999 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

**ഇൻഷുറൻസ് ഇടപാടുകൾ**

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇൻഷുറൻസ് പ്രീമിയം ഇടപാടുകൾക്ക് റിവാർഡുകൾ
ലഭിക്കും. എന്നാൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഇൻഫിനിയ, ഇൻഫിനിയ മെറ്റൽ ക്രെഡിറ്റ് കാർഡ് എന്നിവയുടെ
പ്രതിമാസ ചെലവഴിക്കൽ തുക 10,000 രൂപയായി പരിമിതപ്പെടുത്തി. മാത്രമല്ല ഡൈനേഴ്‌സ് ബ്ലാക്ക്,
ഡൈനേഴ്‌സ് ബ്ലാക്ക് മെറ്റൽ, ബിസ് ബ്ലാക്ക് മെറ്റൽ കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള ഇൻഷുറൻസ്
പേയ്‌മെന്റുകളിലെ റിവാർഡ് പോയിന്റ് ലഭിക്കാൻ പ്രതിമാസം 5,000 രൂപയാണ് ചെലവ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
മറ്റെല്ലാ കാർഡുകൾക്കും റിവാർഡ് പോയിന്റുകൾക്ക് പ്രതിമാസ ചിലവ് തുക 2,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

**വാടക, ഇന്ധനം, വിദ്യാഭ്യാസ ഇടപാടുകളിലെ മാറ്റങ്ങൾ**

വാടക, ഇന്ധനം, വിദ്യാഭ്യാസം എന്നീ വിഭാഗത്തിലുള്ള ഇടപാടിന് പ്രതിമാസ പരമാവധി ഫീസ് 4,999
രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നിർദ്ദിഷ്ട കാർഡ് വിഭാഗങ്ങളെ ആശ്രയിച്ച്, മൊത്തം തുക 
30,000 രൂപയോ ഒരു ഇടപാടിന് 15,000 രൂപയോ കവിയുകയാണെങ്കിൽ മാത്രമേ ഇന്ധന പർച്ചേസുകൾക്ക്
നിരക്കുകൾ ഈടാക്കൂ. വിദ്യാഭ്യാസ ബില്ലുകൾ അടയ്ക്കുമ്പോൾ തേർഡ് പാർട്ടി ആപ്പുകൾ വഴി 
നടത്തുന്ന പേയ്‌മെന്റുകൾക്ക് മാത്രമേ 1% ഫീസ് ബാധകമാകൂ. എന്നാൽ കോളേജിന്റെയോ സ്‌കൂളിന്റെയോ
വെബ്‌സൈറ്റുകൾ അല്ലെങ്കിൽ പോയിന്റ്-ഓഫ്-സെയിൽ (POS) വഴി നിങ്ങൾ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ,
അധിക ഫീസുകളൊന്നും ഈടാക്കില്ല.

**യൂട്ടിലിറ്റി ഇടപാടുകൾ**

എച്ച്ഡിഎഫ്സി ബിസിനസ് കാർഡുകളുടെ പ്രതിമാസ ചെലവ് 75,000 രൂപയിൽ കൂടുതലാണെങ്കിലും, എച്ച്ഡിഎഫ്സി
കൺസ്യൂമർ കാർഡുകളുടെ പ്രതിമാസ ചെലവ് 50,000 രൂപയിൽ കൂടുതലാണെങ്കിലും യൂട്ടിലിറ്റി ബിൽ
പേയ്‌മെന്റുകൾക്ക് 1% ഫീസ് ഈടാക്കും. അതായത് യൂട്ടിലിറ്റി ഇടപാടുകൾക്ക് 4,999 രൂപ പരിമിതപ്പെടുത്തിയിരിക്കുന്നു.
