# നന്ദി….

- Link: https://ml.b4blaze.com/news/nanni
- Published: 2016-04-07T21:11:59+05:30
- Author: Rahul

#### അവസാന നാളിൽ അറപ്പോടെ –⏎  യെങ്കിലും എൻ അരികത്ത് വന്നവരോട്. അൽപം അകന്നു മാറിയെങ്കിലും അൽപ – നേരം അരികിൽ നിന്നവരോട് .

#### കല്ല് നിറഞ്ഞതെങ്കിലും എന്നും പൊട്ടിയ –⏎  പാത്രത്തിൽ കഞ്ഞി തന്ന എന്റെ മകളോട് . വിനോദസഞ്ചാരങ്ങളെ പ്രണയിച്ച് വിധവയായ അമ്മയെ കാണാൻ വരാത്ത മകനോട് .

#### മലവും മൂത്രവും നിറഞ്ഞ് കവിഞ്ഞിട്ടും⏎  നാളനവധി എന്നെ കിടത്തിയ കട്ടിലിനോട് . ചരിഞ്ഞു കിടക്കുമ്പോൾ അരപ്പട്ടയെ ചുറ്റിയ – വ്രണത്തിൽ നിന്നൊഴുകിയ ചലം കുടിച്ച് – കിടന്ന എന്റെ നാറിയ പുതപ്പിനോട് .

#### അകത്ത് വരാൻ ഭയന്ന് ജാലകചില്ലിലൂടെ⏎  ഒളിഞ്ഞും മറഞ്ഞും എന്നെ നോക്കിയ പേരക്കിടാങ്ങളോട് . പാതിരാത്രികളിൽ – വേദന തിന്ന എന്റെ ഞരങ്ങലുകൾ മറ്റാരും കേൾക്കാതെ മുക്കിയ ചീവീടിനോട് . ഇന്നോ നാളെയോ എന്നറിയാതെ എന്നും – മരം വെട്ടാൻ കാത്തിരിക്കുന്ന മഴുവിനോട് . അവസാനമായി എന്റെ ഇളയ കുഞ്ഞുമോനെ കാണാൻ കൊതിച്ച എന്നെ , വന്നിട്ടും കൂടെ കൊണ്ട്പോകാതെ കാത്തു നിന്ന കാലനോടും നന്ദി എന്നൊരൊറ്റ വാക്ക് മാത്രം. ഇനി മടിക്കണ്ട …വന്നോളു….. വന്ന് ബന്ധിച്ചോളു .

#### കണ്ണിൽ ഇരുട്ട് നിറച്ചോളു⏎  കാതുകളിൽ മൗനം ഒഴിച്ചോളു കാലുകളിൽ ചങ്ങല തളച്ചോളു മലദ്വാരം മെല്ലെ അടച്ചോളു ഇനി ഞാൻ അനങ്ങില്ല മെല്ലെ കൊണ്ട്പൊയ്ക്കോളു …!!

#### **-Jayasree Sadasivan**

[⌊Jayasree Sadasivan⌉⌊Jayasree Sadasivan⌉[

Jayasree Sadasivan
