# കഞ്ചാവ് കുരു മില്‍ക്ക് ഷെയ്ക്ക്!!! കോഴിക്കോട് ബീച്ചില്‍ വില്‍പ്പന തകൃതി

- Link: https://ml.b4blaze.com/news/raid-and-case-against-kozhikode-shake-shop
- Published: 2022-09-05T23:06:40+05:30
- Author: Anu

കോഴിക്കോട് ബീച്ചില്‍ കഞ്ചാവിന്റെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് വില്‍പ്പന.
 
എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു
ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയത്.

കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിലാണ് ഇവ കണ്ടെത്തിയത്.
ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി
ദ്രാവകം പിടികൂടിയിട്ടുണ്ട്.
  ജ്യൂസ് സ്റ്റാളിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ്
എടുത്തതായി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അറിയിച്ചു. ഓയില്‍ രാസപരിശോധനക്കായി സീഡ്‌കോഴിക്കോട്
റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍
അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നുമാണ് കഞ്ചാവിന്റെ കുരു ഇവിടേക്ക് വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍
സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കൂടുതലായി 
ഇവിടേക്ക് എത്തുന്നതും കര്‍ശനമായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനഫലത്തിനു
ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
  ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ്
സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായി
സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നതായി എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക്
സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് 
നഗരത്തില്‍ പരിശോധന നടന്നത്.
