# ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’!! തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് – നിലപാട് വ്യക്തമാക്കി രഞ്ജി പണിക്കര്‍

- Link: https://ml.b4blaze.com/news/renji-panicker-about-election
- Published: 2024-04-26T20:08:25+05:30
- Author: Anu

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തന്റെ രാഷ്ട്രീയം വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ
രഞ്ജി പണിക്കര്‍. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള
മറുപടിയായിരിക്കും ഈ ജനവിധിയെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. തന്റെ രാഷ്ട്രീയ നിലപാടും
അദ്ദേഹം വ്യക്തമാക്കി.

സഹപ്രവര്‍ത്തകനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ
എന്ന ചോദ്യത്തിന് ‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല,’
എന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി.
  ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന
സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. അടിയന്തരാവസ്ഥയ്ക്ക്
ശേഷമുള്ള കാലഘട്ടത്തില്‍ നമ്മള്‍ അത് കണ്ടതാണെന്നും അദ്ദേഹം പറയുന്നു.

ഇത്രത്തോളം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളൊന്നും ഇല്ലാതിരുന്ന കാലത്ത് ജനാധിപത്യത്തിന്റെ
നിലനില്‍പ്പിന് വേണ്ടി, അതിന്റെ അപകടാവസ്ഥയെ മറികടക്കാന്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും
അദ്ദേഹം പറയുന്നു.
  ജനാധിപത്യം എല്ലാ കാലവും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ
പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്നാണ്
താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
