# മന്ത്രിക്ക് ആദ്യം തള്ളലായിരുന്നു, പിന്നെ പാതയിൽ വിള്ളൽ,ഇപ്പോൾ തുള്ളൽ,മുഹമ്മദ് റിയാസിനെ പരിഹസിച്ചു സണ്ണി ജോസഫ്

- Link: https://ml.b4blaze.com/news/sunny-joseph-mocked-muhammad-riyas
- Published: 2025-06-05T12:56:36+05:30
- Author: Suji

ദേശീയപാത തകർന്ന സംഭവത്തിലെ കെ സി വേണുഗോപാലിൻ്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചതിന്
പിന്നാലെ, മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രംഗത്ത് എത്തി കെപിസിസി അധ്യക്ഷൻ സണ്ണി
ജോസഫ്. മന്ത്രിക്ക് ആദ്യം തള്ളലായിരുന്നു, പിന്നെ പാതയിൽ വിള്ളൽ, ഇപ്പോൾ തുള്ളൽ എന്നാണ്
പരിഹാസം.കൂടാതെ വാദിയെ പ്രതിയാക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂരിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ
ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാരിനെ കെസി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചത്.

ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയപാത നിർമാണത്തിൽ നടന്നിരിക്കുന്നതെന്നാണ്
ട്രാൻസ്പോർട്ട് സെക്രട്ടറിയും ദേശീയപാത ചെയർമാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക്
നൽകിയ കണക്കുകൾ പറയുന്നതെന്നാണ് വേണുഗോപാൽ പറഞ്ഞു. കെ സി വേണുഗോപാലിന്റെ പരാമർശത്തിനെ
പിന്നാലെ മന്ത്രി റിയാസ് രംഗത്തെത്തി. കാലന്റെ പണിയെടുക്കാൻ നോക്കിയാലും പദ്ധതിയുമായി
മുന്നോട്ടു പോകുമെന്നായിരുന്നു റിയാസ് പറഞ്ഞത്.

പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും പബ്ലിക്
അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സുപ്രീംകോടതി ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും
മന്ത്രി പറഞ്ഞു.യുഡിഎഫ് ഭരിച്ചപ്പോൾ നടപ്പാക്കാൻ ത്രാണിയില്ലാത്തവർ നല്ല രീതിയിൽ പദ്ധതി
മുന്നോട്ടു പോകുമ്പോൾ അത് മുടക്കാനായി കാലൻ്റെ പണി എടുത്താൽ അതിനോട് സന്ധി ചെയ്യാൻ 
ഇടത് സർക്കാർ തയാറല്ലെന്നും മന്ത്രി പറഞ്ഞു.ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രി മുഹമ്മദ്
റിയാസിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയത്.
