Categories: Film News

ദില്‍ഷയോട് ചെയ്തത് തെറ്റ്! കുറ്റബോധമുണ്ടെന്ന് നിമിഷ

ആവേശഭരിതമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്.
ചരിത്രം കുറിച്ചു കൊണ്ട് ദില്‍ഷ പ്രസന്നനാണ് വിജയിയായിരിക്കുന്നത്. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യത്തെ ലേഡി വിന്നറാണ് ദില്‍ഷ.

എന്നാല്‍ ദില്‍ഷയുടെ വിജയത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബ്ലെസ്ലിയോ റിയാസോ ആയിരുന്നു വിജയിയാകാന്‍ അര്‍ഹര്‍ എന്നാണ് ചിലരുടെ പക്ഷം.

ഇതിനിടെ തന്റെ വിജയത്തില്‍ ആരും സന്തോഷിച്ചിരുന്നില്ലെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നും ദില്‍ഷ തുറന്നുപറഞ്ഞിരുന്നു. ദില്‍ഷയുടെ തുറന്നുപറച്ചില്‍ വൈറലായതോടെ കുറ്റബോധവുമായി എത്തിയിരിക്കുകയാണ് നിമിഷ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് നിമിഷയുടെ തുറന്നുപറച്ചില്‍.

‘ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. സത്യം പറയുകയാണെങ്കില്‍ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദില്‍ഷ. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും… ഞങ്ങള്‍ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളില്‍ അവള്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി. അതൊരിക്കലും എളുപ്പമുള്ള ടാസ്‌കല്ല. എങ്കിലും അവളത് പൂര്‍ത്തിയാക്കിയെന്നാണ് നിമിഷ പറയുന്നത്.

റിയാസ് വിജയിച്ചില്ല എന്ന സങ്കടം കാരണം ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്. അവള്‍ ശരിയ്ക്കും വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നുവെന്നും നിമിഷ പറയുന്നു.

പുറത്ത് നടക്കുന്നതിനെ കുറിച്ച് അവള്‍ക്ക് അറിവൊന്നുമുണ്ടായിരുന്നില്ല, ഇതൊക്കെ നടക്കുമ്പോള്‍ അവള്‍ അകത്തായിരുന്നു. ആരാധകര്‍ അവള്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയും വോട്ടിന് വേണ്ടി പണം വാഗ്ദാനം ചെയ്യുകയും ചെയ്തത് അവളുടെ തെറ്റല്ല. അതിനാല്‍ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികച്ചതിനും വിജയിച്ചതിനും ദില്‍ഷയെ അഭിനന്ദിക്കുകയാണെന്നും നിമിഷ വീഡിയോയില്‍ പറയുന്നു.

ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.’ എന്നും ദില്‍ഷ തന്നെ തന്റെ യൂടൂബ് വീഡിയോയില്‍ പറയുന്നു.

Anu B