‘ഒരു പേര് കൊണ്ട് പോലും മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക’ റിലീസ് മാറ്റിയതിനെ കുറിച്ച് സംവിധായകന്‍

ഷെബി ചൗഘട് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയാണ് കാക്കിപ്പട. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രം ക്രിസ്തുമസ് റിലീസായി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോഡിന്റെ…

ഷെബി ചൗഘട് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയാണ് കാക്കിപ്പട. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രം ക്രിസ്തുമസ് റിലീസായി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നതെന്ന് ഷെബി ചൗഘട്ട് പറയുന്നു.

‘പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. എന്നാല്‍ ഖേദപൂര്‍വ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതില്‍ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെന്‍സര്‍ ബോഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥവന്ന് ചേര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളില്‍ ചിലരെല്ലാം വിദേശത്താണ് അവര്‍ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെന്‍സറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളു. സെന്‍സര്‍ ബോഡിലെ പ്രിയപ്പെട്ടവര്‍ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരില്‍ ഉള്ള പ്രശ്‌നം ചൂണ്ടിക്കാട്ടിയ.ത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യര്‍ക്ക് ഒരു പേര് കൊണ്ട് പോലും മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് തീര്‍ച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നല്‍കിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ബോബി, പ്ലസ് ടു എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട. നിരഞ്ജ് മണിയന്‍ പിള്ള രാജു, ചന്തുനാഥ്, അപ്പാനി ശരത്ത്, മാലാ പാര്‍വ്വതി കുട്ടി അഖില്‍, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍ എന്നിവരും കൂടാതെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.