മലയാളത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ 10 മില്യണ്‍ കാഴ്ച്ചക്കാര്‍; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’…

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തില്‍ ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ പുറത്തെത്തിറക്കുകയായിരുന്നു.

ഗാനം സ്റ്റാറ്റസുകളിലും സോഷ്യല്‍മീഡിയയിലും തരംഗം സൃഷ്ടിച്ചു. ഇപ്പോഴിതാ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഈ ഗാനം. 10 മില്യണ്‍ കാഴ്ച്ചക്കരെയാണ് ഗാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടിയത്. മലയാളത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ 10 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിന് സ്വന്തമാണ്. കുഞ്ചാക്കോ ബോബനും സംഗീത സംവിധായകന്‍ ഔസേപ്പച്ചനും സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

നടന്‍ മമ്മൂട്ടിയായിരുന്നു പുതിയ ‘ദേവദൂതര്‍ പാടി’ വീഡിയോ ഗാനം തന്റെ ഫേയ്സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാതോട് കാതോരം എന്ന സിനിമയിലെ ലക്ഷകണക്കിന് ആള്‍ക്കാരുടെ വികാരമായി മാറിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു എന്നാണ് മമ്മൂട്ടി ഫേയ്സ്ബുക്കില്‍ കുറിച്ചത്.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്.

ചിത്രം ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തും. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.