ഹിഗ്വിറ്റ എന്ന കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല!!! വിവാദം ഏറെ വിഷമിപ്പിച്ചു- എന്‍എസ് മാധവന്‍

ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ‘വിവാദം എന്നെ വിഷമിപ്പിച്ചു. ഹിഗ്വിറ്റ എന്ന പേരിലെ കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല. അതാണെന്നെ ദു:ഖിപ്പിച്ചത്. വിമര്‍ശിക്കാന്‍ അറിയില്ലെന്നും എന്‍എസ് മാധവന്‍ പറഞ്ഞു. ഒരു പേരിന്…

ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ‘വിവാദം എന്നെ വിഷമിപ്പിച്ചു. ഹിഗ്വിറ്റ എന്ന പേരിലെ കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല. അതാണെന്നെ ദു:ഖിപ്പിച്ചത്. വിമര്‍ശിക്കാന്‍ അറിയില്ലെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല. എന്റെ കഥ ഞാന്‍ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പങ്കുവച്ചത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിഷയത്തില്‍ ഫിലിം ചേംബറിന് അപേക്ഷ നല്‍കിയിരുന്നു. ഞാന്‍ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ് എന്നും മാധവന്‍ പറയുന്നു.

അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഭിഭാഷകരെ കണ്ട് വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പര്‍ എന്‍. എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിച്ചത്.

മൂന്നുവര്‍ഷം മുമ്പ് പണം അടച്ച് സിനിമയുടെ പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ എത്തുന്നത്. പോസ്റ്റര്‍ എത്തിയതിന് പിന്നാലെയാണ് എന്‍എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നായിരുന്നു എന്‍.എസ് മാധവന്‍ കുറിച്ചത്.