ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സൈക്കോ ജോജിയെ ഓര്‍മയുണ്ടോ? നടന്‍ ഇപ്പോഴാരെന്ന് അറിയാം

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സൈക്കോ ജോജിയെ ഓര്‍മയുണ്ടോ? എല്‍പിജിക്ക് അടിമയായ ഒരു കഥാപാത്രം. സിനിമയില്‍ കുറച്ചു നേരമേ ഉണ്ടായിരുന്നുവെങ്കിലും തകര്‍ത്ത് അഭിനയിച്ചു. സ്‌ക്രീനില്‍ താരം അങ്ങു ജീവിച്ചത് പോലെ തോന്നിയെന്നാണ്…

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സൈക്കോ ജോജിയെ ഓര്‍മയുണ്ടോ? എല്‍പിജിക്ക് അടിമയായ ഒരു കഥാപാത്രം. സിനിമയില്‍ കുറച്ചു നേരമേ ഉണ്ടായിരുന്നുവെങ്കിലും തകര്‍ത്ത് അഭിനയിച്ചു. സ്‌ക്രീനില്‍ താരം അങ്ങു ജീവിച്ചത് പോലെ തോന്നിയെന്നാണ് ആരാധകാഭിപ്രായം.

ചിത്രത്തില്‍ മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന്‍ റോയ് എന്ന സ്‌കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ പഴയ കഥ അറിയുമ്പോഴാണ് പ്രേക്ഷകരെ ജോജി എന്ന കഥാപാത്രത്തേ പരിചയപ്പെടുത്തുന്നത്.

എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട് അതില്‍ നിന്ന് വരുന്ന ഗ്യാസിന്റെ മണം ശ്വസിക്കുന്ന ജോജിയെയാണ് പ്രേക്ഷകര്‍ കാണുന്നത്. മീനയുടെ കഥാപാത്രം കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് മുടിയൊതുക്കുമ്പോള്‍ പിന്നിലെത്തുന്ന ജോജി കൈയിലിരിക്കുന്ന ലൈറ്റര്‍ ഉപയോഗിച്ച് മുടി കത്തിക്കുകയും, മുടി കരിയുന്ന മണം ശ്വസിക്കുകയും ചെയ്യുന്നു. ലഹരി അടിമയും സൈക്കോയുമായ ജോജി വളരെ കുറച്ച് നേരം മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും ഒളിമ്പ്യന്‍ അന്തോണി ആദം കണ്ട ആരും ഇദ്ദേഹത്തെ മറക്കുകയില്ല.

രാജേഷ് കെ എബ്രഹാം എന്ന നടനാണ് ഈ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചത്. രാജേഷ് അഭിനയിച്ച ഏക സിനിമയാണ് ഒളിമ്പ്യന്‍ അന്തോണി ആദം. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ജോജിയുടെ രംഗങ്ങള്‍ നടന്‍ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ജോജി എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകന്‍ ഭദ്രനെ കുറിച്ചും രാജേഷ് കെ എബ്രഹാം അഭിപ്രായം കുറിച്ചിരുന്നു. ‘സംവിധായകന്‍ ഭദ്രന്‍ സര്‍ അടുത്തറിഞ്ഞ ഒരു ദാമ്പത്യ ബന്ധത്തിന്റെ സിനിമ ആവിഷ്‌കാരമാണ് അത്. റിയല്‍ ലൈഫ് എക്സ്പീരിയന്‍സ് ഭദ്രന്‍ സാറിന്റെ കൃത്യമായ ദൃശ്യവിഷ്‌ക്കാരത്തിന്റെ ശക്തികൊണ്ട് ഇന്നും നിലനില്‍ക്കുന്നു. സിനിമ സംവിധായകന്റെ കലയാണ്.’ എന്നായിരുന്നു നടന്‍ പറഞ്ഞത്.

ഡല്‍ഹി ജാമിയ മിലിയ കോളേജില്‍ നിന്ന് മാസ് മീഡിയ പഠനം പൂര്‍ത്തിയാക്കിയ രാജേഷ് ഭരണങ്ങാനം സ്വദേശിയാണ്. അഭിനയരംഗത്ത് പിന്നീട് സജീവമായില്ലെങ്കിലും രാജേഷ് ഒരു നല്ല സംവിധായകനാണ്. 2013ല്‍ ആറ് സുന്ദരിമാരുടെ കഥ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു. പ്രതാപ് പോത്തന്‍, നരേന്‍, നദിയ മൊയ്തു, ലെന, സറീന വഹാബ് തുടങ്ങിയവരായിരുന്നു സിനിമയിലെ അഭിനേതാക്കള്‍.