‘ആദിപുരുഷ്’ സംവിധായകന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം! നായകന്‍ രണ്‍വീര്‍ സിംഗ്?

പ്രഭാസ് ചിത്രത്തിന് ശേഷം രണ്‍വീര്‍ സിംഗിനെ നായകനാക്കി അടുത്ത സിനിമ ഒരുക്കാന്‍ ഓം റൗത്ത്. ആദിപുരുഷ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം…

പ്രഭാസ് ചിത്രത്തിന് ശേഷം രണ്‍വീര്‍ സിംഗിനെ നായകനാക്കി അടുത്ത സിനിമ ഒരുക്കാന്‍ ഓം റൗത്ത്. ആദിപുരുഷ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം പൂര്‍ണ്ണമായും വിഎഫ്എക്‌സ് ഉപയോഗിച്ചുള്ളതായിരിക്കുമെന്നും സൂചനകളുണ്ട്. പ്രഭാസിനെ നായകനാക്കിയുള്ള ആദിപുരുഷും വിഎഫ്എക്‌സ് സാങ്കേതികത ഒരുപാട് ഉപയോഗിച്ച ചിത്രമാണ്.

ഇപ്പോള്‍ ഓം റൗത്ത് പുതിയ ചിത്രവും ഇതേ രീതിയില്‍ എടുക്കുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രണ്‍വീറിന് സിനിമയുടെ കഥ കേട്ട് ഇഷ്ടമായെന്നും പറയുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ സിനിമ നടക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും വാര്‍ത്തകള്‍ വരുന്നു. റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ആദിപുരുഷ്. വിവാദങ്ങളാണ് സിനിമയെ കുറിച്ച് ഏറെയും ഉയര്‍ന്നു വന്നത്.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ആദിപുരുഷ് ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിലെ വിഎഫ്എക്‌സും ആനിമേഷനും നിലവാരം കുറഞ്ഞതാണെന്ന തരത്തിലായിരുന്നു ട്രോളുകള്‍. കാര്‍ട്ടൂണ്‍ പോലിരിക്കുന്നു കാണാന്‍ എന്നും പലരും പറഞ്ഞിരുന്നു. 500 കോടിയോളം മുടക്കിയുള്ള ചിത്രത്തിന് ഇത്രയൊന്നും ക്വാളിറ്റി പോരെന്ന് വിമര്‍ശകര്‍ പറയുമ്പോഴും അത് ചെറിയ സ്‌ക്രീനില്‍ കാണുമ്പോള്‍ തോന്നുന്നത് ആണെന്നും, ചിത്രം റിലീസായി ബിഗ് സ്‌ക്രീനില്‍ എത്തിക്കാണുമ്പോള്‍ ഈ പരാതികള്‍ എല്ലാം മാറുമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രഭാസ് ചിത്രത്തില്‍ സെയ്ഫ് അലിഖാനും മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ അടുത്തൊരു ബിഗ് ബജറ്റ് കൂടി ഓം റൗത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.