അങ്ങനെ എന്റെ ആദ്യത്തെ ‘എ’ പടം ലോഡിംഗ്…! നല്ല സമയത്തിന്റെ പുതിയ അപ്‌ഡേറ്റുമായി ഒമര്‍ ലുലു

തന്റെ ഏറ്റവും പുതിയ ചിത്രം ‘നല്ല സമയ’ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിവരത്തോടൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍…

തന്റെ ഏറ്റവും പുതിയ ചിത്രം ‘നല്ല സമയ’ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിവരത്തോടൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങുന്ന വിവരവും ചിത്രത്തിന്റെ റിലീസ് തീയതിയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്. ‘നല്ല സമയം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്, ട്രെയിലര്‍ ഇന്ന് 7.30ന്.

സിനിമ തിയറ്ററുകളില്‍ നവംബര്‍ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിംഗ്’,എന്നാണ് സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം പങ്കുവച്ച് ഒമല്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. ഒമര്‍ ലുലുവിന്റെ സിനിമാ കരിയറിലെ തന്നെ അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുക. ഫണ്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി ആണ് നായക വേഷത്തില്‍ എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. സിനു സിദ്ധാര്‍ഥ് ആണ് സിനിമുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നല്ല സമയത്തിന്റെ നിര്‍മ്മാണം. അതേസമയം, ബാബു ആന്റണി നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലുവിന്റെ മറ്റൊരു സിനിമ. ആക്ഷന്‍ ഹീറോ ആയി ബാബു ആന്റണിയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് പവര്‍സ്റ്റാര്‍. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ഡ്രഗ് മാഫിയയുടെ കഥ പറയുന്ന ചിത്രം ഒരു മുഴുനീള ആക്ഷന്‍ സിനിമ ആയിരിക്കും. റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പവര്‍സ്റ്റാറിന്റെ നിര്‍മ്മാണം.