ഈ ഓർമ്മകൾക്ക് എന്താണിത്ര ഓർമ്മ….
അന്നത്തെ രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. ഗേൾസ് ഹോമിലേക്ക് ഓടി കിതച്ചെത്തിയ വാസൂട്ടൻ.. സെക്യൂരിറ്റി അവനെ അകത്തേക്ക് കടത്തി വിട്ടില്ല. പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലാണ്. അനുവാദമില്ലാതെ, പ്രത്യേകിച്ചും അസമയത്ത് ആൺകുട്ടികൾക്ക് അവിടേക്ക് പ്രവേശനമില്ല. പാവം അവനതൊന്നും ഓർമ്മിച്ചിട്ടുണ്ടാകില്ല.
ബഹളം കേട്ട് സിസ്റ്റർ ലൂസിയ കഴിക്കുന്നിടത്ത് നിന്നെണീറ്റു. കൂടെ ഞാനും. ജനാല പാതി പൊട്ടിയിരുന്നു. അതിലൂടെ തലയിട്ടു ഞാൻ താഴേക്ക് നോക്കി.
വാസൂട്ടൻ…. അവന്റെ നിഴല് പോലും ഏതിരുട്ടിലും എനിക്ക് മനസിലാകും. കളിച്ചു വളർന്നതാണേ ഞങ്ങൾ. കൈ പോലും കഴുകാതെ ഞാൻ താഴേക്കോടി.
എന്നെ കണ്ടതും അവൻ സെക്യൂരിറ്റിയുടെ കൈയിൽ നിന്നു കുതറി എന്റെയരികിലെത്തി.
“കുഞ്ഞീ….. അമ്മമ്മ ”
അവന്റെ ശബദം ഇടറിയിരുന്നു.
“എന്താ???? എന്താ അമ്മമ്മക്ക് ???? “
“…….. പോയി “
“എങ്ങട്?? ചോദിച്ചത് കേട്ടില്ലേ? എങ്ങട് പോയീന്ന്? ന്നോട് പറയാതെ അങ്ങനെ പോകുവോ?? “
പുറത്തേക്കിറങ്ങാൻ തുനിഞ്ഞ എന്നെ സിസ്റ്റർ ലൂസിയ തടഞ്ഞു. ഈ സമയത്ത് പുറത്തു പോവാൻ പറ്റില്ല. അതും ഒരാൺകുട്ടിയുടെ കൂടെ. പോകാതെ എനിക്കും പറ്റില്ല എന്ന എന്റെ വാശിയെ തോൽപ്പിക്കാൻ അവർക്കായില്ല.
ഞാൻ അവന്റെയൊപ്പം സൈക്കിളിൽ കേറി. ചുവടുകൾ പിഴയ്ക്കുന്നുണ്ടോ.. അവന്റെ കാലുകൾ വിറയ്ക്കുന്നുണ്ടോ…
“ഇതെന്താ ഈ വഴി? വീട്ടിലേക്കല്ലേ? “
“അല്ല… “
“പിന്നെ ??
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ പിന്നെങ്ങടാന്ന് ??”
മറുപടിയെന്ന പോലെ കാരക്കാട് ഭ്രാന്താശുപത്രീടെ മുന്നിൽ അവൻ നിർത്തി.
“ഇതെന്താ ഇവിടെ ?”.
“പറയാം….നീ വാ…. ”
അവന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. എന്നേം കൊണ്ട് അവൻ അകത്തേക്ക് നടന്നു. 56ാം സെല്ലിന് മുന്നിൽ…..
ആ കാഴ്ച്ച കണ്ട് മരവിച്ച് നിന്നത് ഞാനിന്നും ഓർക്കുന്നു.
തറവാട്ടിൽ നിന്ന് രണ്ടു മാസം മുൻപ് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ കണ്ട അമ്മമ്മ……. അല്ല ഇത് മറ്റാരോ ആണ്….. സ്വയമങ്ങനെ വിശേഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു….
അടുത്തേക്ക് ചെല്ലും തോറും ദുർഗന്ധം ഞാൻ തിരിച്ചറിഞ്ഞു കൊണ്ടേയിരുന്നു. കണ്ടാലറയ്ക്കുന്ന ഒരു മുഴം മുണ്ടിൽ പൊതിഞ്ഞു കെട്ടിയ ജഡം. ചെരിഞ്ഞു കിടന്നു തുടയെല്ലിന്റെ അരികിൽ നിന്നൊലിച്ചിറങ്ങിയ ചലം അപ്പോഴും ആ ദേഹത്തുണ്ടായിരുന്നു.
ഒരു കീറിയ ജാക്കറ്റ് കൊണ്ട് മറച്ച മാറിൽ ആരൊക്കെയോ തല്ലി മുറിവേൽപ്പിച്ച കല്ലിച്ച പാട് കണ്ടു. കണ്ണിനു ചുറ്റും നീര് വന്നു വീർത്തിരുന്നു. കരഞ്ഞതാവില്ല. കരയാതിരിക്കാൻ ശ്രമിച്ചതാകും.
ചുക്കി ചുളിഞ്ഞ ആ തൊലിയിൽ ആരെങ്കിലും പൊള്ളലേൽപ്പിച്ചിരുന്നോ?? അതോ…..????
സഹിക്കാതായപ്പോൾ കുഞ്ഞീനെ അന്വേഷിച്ചിരുന്നോ? ഇവിടുന്ന് കൊണ്ടു പോയിരുന്നെങ്കിൽ എന്നാശിച്ചിരുന്നോ? അറിയില്ലാ… .കേട്ടില്ല…
മുടിയിലൂടെ ഉറുമ്പുകൾ അരിച്ചിറങ്ങുന്നു. ചുണ്ടിന്റെ വിടവിലൂടെ അവ അകത്തേക്ക് എന്തോ തിരഞ്ഞു പോകുന്നു. വിരലുകൾക്കിടയിൽ നഖത്തിനകത്ത് നിന്നു പുഴുക്കൾ ഇഴഞ്ഞിറങ്ങുന്നു.
ചെവിയിലൂടെ മഞ്ഞ നിറത്തിലുള്ള എന്തോ ഒന്നു കീഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. ചെവിക്കല്ല് പോട്ടീതാണോ? ആയിരിക്കാം. ഇനി അതിന്റെ ആവശ്യമില്ലല്ലോ. ഞാൻ പറയണതൊന്നും കേൾക്കണ്ടല്ലോ.
ഇതിനൊന്നും അമ്മമ്മയെ വേദനിപ്പിക്കാൻ കഴിയില്ല. സ്വന്തം മകൾക്ക് ഭാരമായില്ലേ ഈ ശകുനം… തെരുവ് നായയെ പോലെ തല്ലിയിറക്കിയില്ലേ… അന്നാ സത്രീ അടിച്ച വേദനയൊന്നും ഒരു വാർഡൻ അടിച്ചപ്പോഴും തോന്നിയിട്ടുണ്ടാകില്ല. അന്ന് മനസിനേറ്റ മുറിവൊന്നും ന്നോട് പറയാണ്ട് പോയപ്പൊ തോന്നിയിട്ടുണ്ടാകില്ല.
മൂക്ക് പൊത്താതെ നെറ്റിയിലോരുമ്മ കൊടുത്തപ്പോഴും പട്ടിയെ പോലെ ആ വരാന്തയിലിരുന്നു അലറി കരഞ്ഞപ്പോഴും കെട്ടി പിടിച്ചൊന്ന് പൊട്ടിക്കരയാൻ കൊതിച്ചിട്ടുണ്ട് ഒരമ്മയെ……
പൊതിഞ്ഞു കെട്ടി കൊണ്ടു പോയി ചുടല പറമ്പിൽ ചുട്ടെരിച്ചപ്പോഴും… ഉണങ്ങിയ ആ എച്ചിൽ കൈ വിറയ്ക്കാതെ മുറുക്കെ പിടിച്ചു കൊണ്ട് ആ ശവപ്പറമ്പിൽ ഞാനൊറ്റയ്ക്കായിരുന്നു….
-Jayasree Sadasivan
