ഒരു ഭ്രാന്തന്റെ ഭ്രാന്തൻ കുറിപ്പ്.

പണ്ടാരൊക്കെയോ എന്നെ ഒരു പേര് വിളിച്ചിരുന്നു. അതെന്താണെന്ന് കുറേ ദിവസായി ആലോചിക്കുന്നു. പക്ഷേ കിട്ടുന്നില്ല. ഏതോ ഒരു ഘട്ടമെത്തിയപ്പോൾ നാട്ടിലെത്തിയ ഒരു സഞ്ചാരിക്ക് ആൽത്തറയിലെ സിദ്ധൻ എന്നെ പരിചയപ്പെടുത്തി. “അവനൊരു കഥയില്ലാത്തോനാണ്. ഒരു മുഴുഭ്രാന്തൻ.…

പണ്ടാരൊക്കെയോ എന്നെ ഒരു പേര് വിളിച്ചിരുന്നു. അതെന്താണെന്ന് കുറേ ദിവസായി ആലോചിക്കുന്നു. പക്ഷേ കിട്ടുന്നില്ല. ഏതോ ഒരു ഘട്ടമെത്തിയപ്പോൾ നാട്ടിലെത്തിയ ഒരു സഞ്ചാരിക്ക് ആൽത്തറയിലെ സിദ്ധൻ എന്നെ പരിചയപ്പെടുത്തി. “അവനൊരു കഥയില്ലാത്തോനാണ്. ഒരു മുഴുഭ്രാന്തൻ. ”

പറഞ്ഞത് സിദ്ധനായത് കൊണ്ടോ വാസ്തവതിൽ ഞാനൊരു ഭ്രാന്തനായത് കൊണ്ടോ, ആളുകൾ പിന്നെയാ വിളി മറന്നില്ല. കാലക്രമേണ എന്റെ ശരിയായ പേര് ഞാനും മറന്നു. എങ്ങനെ മറക്കാതിരിക്കും. പേരല്ലേ ഇനം. ആരെങ്കിലും വിളിച്ചാൽ കേൾക്കാനുള്ള ചെവിയല്ലേ അതിനുള്ളൂ. പറഞ്ഞു നടക്കാനുള്ള നാവില്ലല്ലോ. സാരമില്ല ഇപ്പൊ ഈ പുതിയ പേരിനെ ഞാനിഷ്ടപ്പെടുന്നു. അഗാധമായി പ്രണയിക്കുന്നു.

എന്തേ ഞാനിങ്ങനെയായി?? അറിയില്ല.. പലപ്പോഴും ഞാൻ പറയുന്നതൊന്നും ആർക്കും മനസിലാകാറില്ല. പറയുന്ന ഭാഷ ഒന്നാണെങ്കിലും അതിലെ ആത്മാവൊരിക്കലും കേൾവിക്കാർക്ക് പിടികൊടുത്തിരുന്നില്ല .

എന്റെ വാക്കുകൾക്കിടയിൽ എപ്പഴോ വിള്ളൽ വീണു തുടങ്ങിയിരുന്നു. മുഴുമിപ്പിക്കുന്ന ഓരോ വാക്കിൻ മുനയിലും ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നു . എങ്ങനെ തളരാതിരിക്കും! അത്രമേൽ പഴകിയില്ലേ!! വാക്കുകൾ അത്രമേൽ ദ്രവിച്ചില്ലേ!! ലിപികൾ മഷി കുടിക്കുന്ന മഷിക്കുപ്പിക്കും കുത്തിക്കുറിക്കുന്ന താളുകൾക്കും എന്തിന്, അതെഴുതുന്നയാളിന്റെ ആത്മാവിന് പോലും കാലം തൂക്കമിടും.

ഉറക്കച്ചടവിൽ കണ്ണു തുറക്കുമ്പോൾ, കണ്ട സ്വപ്നം പാതിയിൽ കലങ്ങി പോകുന്ന ലാഘവത്തിൽ ആരോ ചില അക്കങ്ങളെഴുതി. പിന്നിൽ നടന്നു വന്നവർ മറ്റൊന്നും നോക്കാതെ അടിവരയിട്ടുറപ്പിച്ചു. അങ്ങനെ അക്ഷരങ്ങൾക്കും ഒരു ജനന തിയതിയുണ്ടായി. എന്നാൽ സത്യം അതല്ല. ചരിത്രം എന്ന വാക്ക് പോലും അക്ഷരമാലയിലെ മുറിഞ്ഞു പോയ കണ്ണികൾ വിളക്കി ചേർത്തുണ്ടാക്കിയതാണെന്ന് സാങ്കേതികത വാദിക്കുമ്പോൾ കാണാതെ പോകുന്ന ഒന്നുണ്ട്. യുഗങ്ങൾക്ക് മുമ്പ് സോക്ക്രട്ടീസിനും ബ്രക്കിനുമൊക്കെ ഏറെ മുമ്പ് സൈക്കസ് ഇലയുടെ ചാറു പിഴിച്ചെഴുതുന്ന കാലത്ത് ആദ്യമായി ലിപികൾ കണ്ടെത്തി എന്നഹങ്കരിച്ച ആ താപസനറിഞ്ഞില്ല അതൊരു ആവർത്തനം മാത്രമാണെന്ന്. അതറിയാൻ ശ്രമിച്ചാലും അയാൾക്കതിന് കഴിയുമായിരുന്നില്ല. കാരണം അയാളും ഒരു മനുഷ്യനാണ്. പുതിയ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ പഴയത് പൂഴ്ന്നു തുടങ്ങിയിരുന്നു എന്ന് പറയുന്ന ദുർബ്ബലനായ മനുഷ്യൻ.

കാലങ്ങൾ ശരവേഗത്തിൽ കടന്നു പോയി. ഭൂമിയിൽ മനുഷ്യർ മാത്രമല്ല ‘ദൈവങ്ങളും’ കൂടി വന്നു. എന്നിട്ടും അക്ഷരങ്ങൾ മാത്രമെന്തേ മരിക്കുന്നില്ല? വീണ്ടും ജനിക്കുന്നില്ല ?? ഒരു മനുഷ്യന്റെയും അവനെ ദഹിപ്പിക്കാൻ കൊല്ലുന്ന മരത്തിന്റെ ആയുസിനെയുമൊക്കെ കൂച്ച് വിലങ്ങിടാൻ തളർവാതം പിടിച്ച ലിപികൾക്ക് കഴിയുമെങ്കിൽ ഇനിയുളള യുദ്ധങ്ങൾ ലിപികൾ കൊണ്ടാവട്ടെ. എതിരാളിയെ നമുക്കിനി എഴുതി തോൽപ്പിക്കാം. ഇടയ്ക്കെങ്കിലും അവന്റെ മുന്നിൽ പരാജിതന്റെ കുറിപ്പു വായിക്കാം.

തോറ്റവന്റെ ശബ്ദത്തിൽ സത്യമുണ്ടാകും. അതിനെ നമുക്ക് വിശ്വസിക്കാം. അവനിനി ഒന്നും നേടാനില്ല. പിന്നെയവൻ എന്തിന് സ്വരത്തിൽ ചരല് കുഴയ്ക്കണം!! രുചിയിനി ഒന്നിനും കൂടാനില്ല!! ആരും രുചിക്കാനുമില്ല!!

കണ്ടില്ലേ…!! ഞാനെവിടെയാണ് പറഞ്ഞു തുടങ്ങിയത്?? എവിടെയാണ് കൊട്ടി നിർത്തിയത്‌?? വെറുതെയല്ല മറ്റുള്ളവർ ഭ്രാന്തനെന്ന് വിളിക്കുന്നത്‌. ഞാനൊരു ദുർബ്ബലനാണ്. ശക്തിയില്ലാത്തവൻ..

ചിന്തകളെ എനിക്കെന്നും ഭയമാണ്. ചിന്തകൾക്ക്‌ സമയം നൽകുമ്പോൾ എന്തിനും പോന്ന വാക്കുകൾ ഒരു കീറാമുട്ടിയായി മുന്നിൽ വന്നു നിൽക്കും. തോൽപ്പിക്കാൻ കിണഞ്ഞു ശ്രമിക്കും. എന്നിട്ടൊടുവിൽ ഏറെ ഇഷ്ടത്തോടെ ഞാൻ തോറ്റു കൊടുക്കും. എന്നിട്ടിതാ മണിക്കൂറുകളോളം ഇങ്ങനെ പല ഭോഷ്ക്കുകളും എഴുതി കൂട്ടും. മഷിക്കുപ്പിക്കല്ലാതെ മറ്റാർക്കാണ് ഈ തുടൽ പൊട്ടിച്ചോടുന്ന ചിന്തകൾ പകർത്താൻ കഴിയുക!

പക്ഷേ ഒരു ചിന്ത ഒരിക്കൽ മാത്രം പകർത്താനുള്ളതാണ്. കാരണം ഒരു ദിശയിലേക്ക് മനസ്സ് ഒരിക്കൽ മാത്രമേ സഞ്ചരിക്കൂ. പിന്നീടതുമായി സാദൃശ്യം തോന്നും വിധം കുഴിച്ചെടുത്താലും അത് വെറും ആവർത്തനം മാത്രമല്ലേ??

പണ്ടാരോ പറഞ്ഞിട്ടുണ്ട് ഒരു നദിയിൽ നിനക്ക് ഒരിക്കലേ ഇറങ്ങാൻ പറ്റൂ. വീണ്ടുമിറങ്ങുമ്പോൾ അത് മറ്റൊരു നദിയാകുന്നു. വെള്ളമിങ്ങനെ ഒഴുകും തോറും അത് പുനർജനിച്ചു കൊണ്ടേയിരിക്കും . അത് പോലെ എന്റെ ഈ എഴുത്തും നിനക്കൊരിക്കലേ വായിക്കാൻ കഴിയൂ. ഇനി വായിക്കുമ്പോൾ ഈ അക്ഷരങ്ങൾ എന്റെതായിരിക്കില്ല. വായിക്കുന്ന നീയും നീയായിരിക്കില്ല.

എഴുത്ത്‌ നിർത്താൻ ഔപചാരികതയില്ല. കുറിപ്പ് ഭ്രാന്തന്റെയല്ലേ…!!!

-Jayasree Sadasivan

Leave a Reply