‘ഒരു നാളിതാ പുലരുന്നു…’: ‘ജോണ്‍ ലൂതറിലെ മനോഹര ഗാനം എത്തി; ഏറ്റെടുത്ത് ആരാധകര്‍

ജയസൂര്യ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ ‘ജോണ്‍ ലൂഥറി’ലെ പുതിയ പാട്ട് പുറത്ത്. ‘ഒരു നാളിതാ’ എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. നജീം അര്‍ഷാദും നാരായണി ഗോപനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറാണ്. ഷാന്‍ റഹ്‌മാന്‍ ആണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. ആരാധകര്‍ ഗാനം ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങി ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായാണ് ജയസൂര്യ എത്തുന്നത്. ജോണ്‍ ലൂഥര്‍ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ജോണ്‍ ലൂഥര്‍ അന്വേഷിച്ച രണ്ട് ക്രൈം കേസുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്.

ചിത്രം മെയ് 27ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേര്‍ന്നാണു നിര്‍മാണം. ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദീഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മൂന്നാറിലെ ദേവികുളത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാമറ കൈകാര്യം ചെയ്ത റോബി വര്‍ഗീസ് രാജാണ് ജോണ്‍ ലൂഥറിന്റെ ഛായാഗ്രാഹകന്‍.

എന്താടാ സജി, ഈശോ, തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എന്താടാ സജി. ഇതില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Previous articleലാലേട്ടൻ ഈ അടുത്ത് കാലത്തെങ്ങും ചെയ്യാത്ത ഒരു ചിത്രമായിരിക്കും ഇത്; ജീത്തു ജോസഫ്!!
Next articleപ്രായം തളര്‍ത്താത്ത ചുവടുകള്‍- വൈറലായി മുത്തശ്ശന്റെ ‘വക്കാ വക്കാ’… ഡാന്‍സ്