“ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ്…”

ദുബായില്‍ വന്നതിനുശേഷം പതിവിലുമേറെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു അന്ന്. ആറുമണിക്ക് ഡ്യുട്ടിക്ക് പോകുവാനുള്ള റൂംമേട്സ് അജീഷും, സനൂപും വെളുപ്പിനെ നാലെമുക്കാലിനു എഴുന്നേല്‍ക്കും. എനിക്ക് എട്ടുമണിക്കാണ് ഡ്യുട്ടിക്കുപോവേണ്ടത്. പക്ഷെ ഇവര്‍രണ്ടുപേരും ഉണര്‍ന്ന് പോകുവാനുള്ള ഒരുക്കങ്ങളിൽ ഏര്‍പ്പെടുമ്പോൾ…

ദുബായില്‍ വന്നതിനുശേഷം പതിവിലുമേറെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു അന്ന്. ആറുമണിക്ക് ഡ്യുട്ടിക്ക് പോകുവാനുള്ള റൂംമേട്സ് അജീഷും, സനൂപും വെളുപ്പിനെ നാലെമുക്കാലിനു എഴുന്നേല്‍ക്കും. എനിക്ക് എട്ടുമണിക്കാണ് ഡ്യുട്ടിക്കുപോവേണ്ടത്. പക്ഷെ ഇവര്‍രണ്ടുപേരും ഉണര്‍ന്ന് പോകുവാനുള്ള ഒരുക്കങ്ങളിൽ ഏര്‍പ്പെടുമ്പോൾ മിക്കവാറും ദിവസ്സങ്ങളില്‍ നമ്മുടെ ഉറക്കവും നഷ്ട്ടമാവും. അന്നും അതുപോലൊരു ദിവസ്സമായിരുന്നു. ആറെമുക്കാലിനു വച്ചിരിക്കുന്ന അലാമിനു കാതോര്‍ത്തുള്ള കിടപ്പായിരുന്നു പിന്നെ. നല്ലതണുപ്പുതോന്നിയതിനാൽ പുതപ്പിനുള്ളിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകൂടി. എപ്പോഴോ കണ്ണൊന്നു മാടിയപ്പോൾ നാശംപിടിച്ച അലാറം അടിക്കുവാന്‍ തുടങ്ങി. മൊബൈല്‍ഫോണിൽ സെറ്റുചെയ്തിരിക്കുന്ന അലാറത്തിനെ ശപിക്കുന്നത് എല്ലാ പ്രഭാതങ്ങളിലും ഒരു ശീലമായിരിക്കുകയാണ്. കാരണം, ഏതെങ്കിലും സ്വപ്നങ്ങളുടെ ആരംഭത്തിലോ, അല്ലെങ്കില്‍ മൂര്‍ദ്ധന്യാവസ്ഥയിലോ ഒക്കെ ആയിരിക്കും നമ്മളപ്പോൾ. അപ്പോഴാണ്‌ ഈ “കുന്ത്രാണ്ടം” ബഹളംവയ്ക്കുന്നത്. നല്ല സ്വപ്നങ്ങൾ ആയിരുന്നുവെങ്കിൽ അവയുടെ തുടര്‍ച്ചകിട്ടുവാന്‍വേണ്ടി കുറച്ചുനേരംകൂടി വെറുതെയൊന്നു കിടന്നുനോക്കും. എവിടെ കിട്ടാന്‍… അത്രയുംസമയം വെറുതെ പോകുമെന്നുമാത്രമല്ല, ചിലപ്പോള്‍ ഡ്യുട്ടിക്കുപോകുവാനുള്ള തയ്യാറെടുപ്പിന്‍റെ തത്രപ്പാട് കൂടുകയും ചെയ്യും. ഏതോ ഒരു സ്വപ്നത്തിന്‍റെ ആരംഭത്തിലോമറ്റോ ആയിരുന്നു അന്ന്… അലാറം ഓഫ്‌ചെയ്തു കുറച്ചുനേരംകൂടി കിടന്നു.. അതൊരു സുഖമാണ്… ഒരു രാത്രിമുഴുവനും കിടന്നുറങ്ങിയാലും കിട്ടാത്ത സുഖകരമായൊരനുഭൂതി അപ്പോള്‍ കണ്ട സ്വപ്നങ്ങളെക്കുറിച്ചോര്‍ത്തും അവയെ വിശകലനം ചെയ്തുകൊണ്ടും അവയിലെ കഥാപാത്രങ്ങളെ ഓര്‍ക്കാൻ ശ്രമിച്ചുമൊക്കെയുള്ള ആ നൈമിഷിക മയക്കത്തിന് കിട്ടുമെന്നതാണ് വാസ്തവം. അതിനെ ഒരു മയക്കമെന്നൊന്നും പറയാൻ പറ്റില്ല..

ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ഒരു നൂല്‍പ്പാലം… സ്നേഹമയിയായ ഭാര്യയെപ്പോലെ ശരീരത്തെ കെട്ടിപ്പുണര്‍ന്നു കിടക്കുന്ന പുതപ്പു മെല്ലെയെടുത്തുമാറ്റി. ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു.. മനസ്സൊന്ന് ഏകാഗ്രമാക്കി ജഗദീശ്വരനെ മനസ്സില്‍ ധ്യാനിച്ചു… അതൊരു ശീലമാണ്.. രാത്രികിടക്കുന്നതിനു മുന്‍പും, രാവിലെ എഴുന്നേറ്റതിനു ശേഷവും പ്രാര്‍ത്ഥിക്കുകയെന്നത്.. താഴെ നിലത്തുചവിട്ടിയപ്പോൾ മുറിയിലെ തറയിൽ പാകിയിരിക്കുന്ന ടൈല്‍സിന് പതിവിൽ കൂടുതൽ തണുപ്പുതോന്നി. പുറത്താണെങ്കിൽ എന്തൊക്കെയോ ശബ്ദകോലാഹലങ്ങളൊക്കെ കേള്‍ക്കുന്നു. പതിയെ റൂമിന്‍റെ വാതില്‍തുറന്ന് പുറത്തിറങ്ങി. തണുത്ത കാറ്റിന്‍റെ തലോടലിൽ ശരീരമൊന്നു വിറച്ചു… കോറീഡോറിലൂടെ നടന്ന് റോഡിന്നഭിമുഖമായ ഭാഗത്തെത്തി ചില്ലുജാലകം പതിയെ തുറന്നു… ഹോ….!!! തണുത്തകാറ്റ് അകത്തേയ്ക്കു പാഞ്ഞുകയറി… റോഡിൽ വാഹനങ്ങൾ മുഴുവൻ ബ്ലോക്കായികിടക്കുകയാണ്… ഗള്‍ഫുനാടുകളിലെ തിരക്കേറിയ നഗരവീഥികളിലെ രാവിലത്തെയും വൈകിട്ടത്തെയും സ്ഥിരം കാഴ്ചയാണിത്. രണ്ടാംനിലയിലാണ് ഞാൻ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ നീണ്ടനിര, പലവിധവര്‍ണ്ണങ്ങളിലും രൂപങ്ങളിലും ഘടിപ്പിച്ച ബോഗികളുള്ള ഒരു ട്രെയിന്‍ പോലെ അങ്ങിനെ നീണ്ടുകിടക്കുന്നത് കാണാം… തണുത്തുവിറക്കാൻ പാകത്തിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ചാറ്റല്‍മഴയും തുടങ്ങി അപ്പോള്‍.. മഴത്തുള്ളികൾ മുഖത്തുവന്നുപതിച്ചപ്പോൾ വല്ലാത്തൊരു “ഫീല്‍” ആയിരുന്നു… കുറെവര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന വളരെ അടുത്ത ഒരു പരിചയക്കാരനെപ്പോലെയായിരുന്നു എനിക്കാ മഴ കണ്ടപ്പോൾ തോന്നിയത്. പരിചയക്കാരന്‍റെ ഉറ്റ ചങ്ങാതി –കാറ്റ്- എന്നെ നന്നായി തഴുകി തലോടിക്കൊണ്ടേയിരുന്നു… ഒരു “നനഞ്ഞമഴ”യെന്നേ ഇതിനെപ്പറയാൻ പറ്റൂ… ഒരു മനോഹാരിതയും, ഒരു ഉണര്‍വും ഇല്ലാത്ത ഒരു മഴ… അതങ്ങിനെ ഒരുതരം നിര്‍വികാരതയോടെ ചാറിക്കൊണ്ടേയിരുന്നു. മഴയുടെ “ചങ്ങാതി” കാറ്റിന് ആവേശം കൂടിയപോലെ… കുറച്ചുനേരം മഴയുമായി സംവദിച്ചതിനുശേഷം തിരിച്ചു റൂമിലേയ്ക്ക് നടന്നു. ഓഫീസിൽ പോകുവാൻ തയ്യാറായി പുറത്തുവന്നപ്പോഴും ആ “നനഞ്ഞമഴ” അങ്ങിനെതന്നെ നില്‍ക്കുന്നുണ്ട്. കൂടെ “ചങ്ങാതിയും”… ബ്ലോക്കായതിനാല്‍ ഞങ്ങളുടെ കമ്പനിവണ്ടി മുക്കാല്‍മണിക്കൂറോളം വൈകിയാണ് എത്തിയത്. പുറത്തു നല്ല തണുപ്പാണ്. ഫുള്ളോവർ ധരിച്ചിരുന്നതിനാൽ തണുപ്പിനെ കുറച്ചൊക്കെ പ്രതിരോധിക്കുവാന്‍ കഴിഞ്ഞു. തണുത്ത അന്തരീക്ഷത്തിൽ വാഹനങ്ങൾ നിരങ്ങിനിരങ്ങി നീങ്ങിക്കൊണ്ടേയിരുന്നു. റോഡിലും വശങ്ങളിലും പലയിടത്തും മഴവെള്ളം തളംകെട്ടികിടക്കുന്നുണ്ട്. വണ്ടിയിലും ചര്‍ച്ച മഴയായിരുന്നു. രാത്രി നല്ല കിടിലൻ മഴപെയ്തിരുന്നുവത്രേ.. എസിയുടെ തണുപ്പിൽ കിടന്നിരുന്നതിനാൽ രാത്രിപെയ്തമഴ അറിഞ്ഞതേയില്ല.

ഈ ഊഷരഭൂവിൽ മഴയുടെ വരവ് പലപ്പോഴും കാലാവസ്ഥാമാറ്റത്തിന്‍റെ തുടക്കമാണെന്നാണ് പലരും പറഞ്ഞുള്ള അറിവ്. ചൂടില്‍നിന്ന് തണുപ്പിലേക്കുള്ള മാറ്റത്തിന്‍റെ രണഭേരിയാണീമഴയെന്നാണ് വണ്ടിയിലെ ചര്‍ച്ചയിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. വരാനിരിക്കുന്ന തണുപ്പുകാലത്തിന്‍റെ കൊടിമരജാഥ എന്നുവേണമെങ്കിൽ പറയാം. ഓഫീസ്സിൽ എത്തിയപ്പോഴേയ്ക്കും ചാറ്റല്‍മഴ വീണ്ടും ക്ഷീണിച്ചിരുന്നു. ഒന്നു നനയാൻ പോലുമില്ലാത്തമഴ. സൈൻ ചെയ്തതിനു ശേഷം ഡ്യൂട്ടിയ്ക്കിറങ്ങിയപ്പോഴേയ്ക്കും മഴ അപ്രത്യക്ഷമായിരുന്നു. എങ്കിലും അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുകയാണ്. മഴയുടെ ചങ്ങാതി വീശിയടിക്കുന്നുണ്ട്… ഷാര്‍ജ-ദുബായ് റോഡിൽ അപ്പോഴും വാഹനങ്ങൾ നിരങ്ങുകയായിരുന്നു. നമ്മുടെ നാട്ടിൽ മഴയത്തു സര്‍വസാധാരണമായി പ്രത്യക്ഷപ്പെടാറുള്ള കുടകൾ ഇവിടെ മരുന്നിനുപോലും കാണുവാന്‍ കഴിഞ്ഞില്ല. ബ്രേക്ഫാസ്റ്റ് കഴിച്ച് ഹോട്ടലില്‍നിന്നും പുറത്തിറങ്ങിയപ്പോഴേയ്ക്കും മഴയൊന്ന് ഉഷാറായി. കൂടെ ഇടികുലുക്കവും.. കാറിലേയ്ക്കു എത്തുന്നതിനു മുമ്പേതന്നെ മഴയുടെ ശക്തികൂടിയതിനാൽ അടുത്തുകണ്ട ഫ്ലാറ്റുസമുച്ചയത്തിന്‍റെ വരാന്തയിലേയ്ക്ക് കയറിനിന്നു. തുള്ളിക്കൊരുകുടം എന്നരീതിയിലായിരുന്നു മഴയുടെ പെയ്ത്ത്. മഴ ഉഷാറായതോടുകൂടി ചുറ്റുവട്ടത്തുള്ള ഫ്ലാറ്റുകളുടെയെല്ലാം ബാല്‍കണിയിലും ജാലകപ്പടികളിലും കുട്ടികളും മുതിര്‍ന്നവരുമൊക്കെ വന്നു നില്‍ക്കുവാൻ തുടങ്ങി. കുറേപ്പേര്‍ ബാല്‍ക്കണിയില്‍നിന്ന് മഴ “നനഞ്ഞ്” ആസ്വദിക്കുകയാണ്. കുട്ടികളോടൊപ്പം മുതിര്‍ന്നവരും ഈ മഴക്കുളി ആസ്വദിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഞാനും കൂട്ടുകാരൻ പ്രദീപും ഈ മഴക്കാഴ്ചകൾ ആസ്വദിച്ചങ്ങിനെ നില്‍ക്കുമ്പോൾ… ഞങ്ങൾ നിന്നിരുന്ന ഫ്ലാറ്റില്‍നിന്നും ഒരു അറബി യുവാവ് ഇറങ്ങി പുറത്തേയ്ക്കു വന്നു. വളരെ വിവര്‍ണ്ണമായ ഒരു മുഖഭാവമായിരുന്നു ആ യുവാവിന്റേത്. ജീന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷം. എന്തൊക്കെയോ അറബിയിൽ സംസാരിക്കുന്നുണ്ട്.

ഒറ്റനോട്ടത്തിൽത്തന്നെ ആളുവളരെ സന്തോഷവാനാണെന്നു ആര്‍ക്കും മനസ്സിലാവും. ഞങ്ങളുടെയടുത്തുവന്നുനിന്ന് എന്തൊക്കെയോ അയാൾ പറഞ്ഞു. മഴയെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി. എന്നിട്ട് നേരേ മഴയത്തേയ്ക്ക് ഇറങ്ങിനിന്ന്‍ ഇരുവശത്തേക്കും കൈകള്‍വിടര്‍ത്തി – മഴ – ആസ്വദനത്തിന്‍റെ ഒരുപടികൂടി മുന്നിലേയ്ക്ക് കടന്നു..!! വളരെ കൗതുകകരമായ ഒരു കാഴ്ചയായിരുന്നു അത്. അവിടെനിന്ന് അയാൾ ഞങ്ങളെ കൈകാട്ടിവിളിച്ചു. എന്തിനാണ് വിളിക്കുന്നതെന്ന് ഞങ്ങള്‍ക്കു മനസിലായില്ല. ചെല്ലുന്നില്ലെന്നു കണ്ടപ്പോൾ ആ യുവാവ് ഞങ്ങള്‍ക്കരികിലേക്ക് വന്ന് ഞങ്ങളേയും മഴയാസ്വദിക്കുവാൻ ക്ഷണിച്ചു. ഡ്യൂട്ടിയിലാണെന്നു പറഞ്ഞ്, ഞങ്ങള്‍ ആ ക്ഷണം സന്തോഷപൂര്‍വ്വം നിരസിച്ചു. യുവാവ് വീണ്ടും മഴയത്തേയ്ക്കിറങ്ങി… ഞാനും പ്രദീപും മുഖത്തോടുമുഖം നോക്കി ചിരിച്ചു…!! ആ ചിരിയുടെ അര്‍ത്ഥം ഇതാണ്… “എടാ മോനെ… ഇടതടവില്ലാതെ മഴപെയ്യുന്ന… മഴയെ സ്നേഹിക്കുന്ന… മഴയെ ശപിക്കുന്ന… മഴ ആസ്വദിക്കുന്ന… മഴയെ ആശ്രയിക്കുന്ന… ഒരു നാട്ടില്‍നിന്നുമാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഇതുപോലത്തെ എത്രയോ മഴകള്‍ ഞങ്ങള്‍ കണ്ടതാ…” ഇത്രയും നാളത്തെ ജീവിതത്തിന്‍റെ പാതി മഴയായിരുന്നു.. മഴയത്തു കളിച്ചര്‍മ്മാദിച്ചത്…പുസ്തകങ്ങള്‍ മാറത്തടുക്കിപ്പിടിച്ചു മഴയത്തോടിയത്…ചാറ്റല്‍ മഴ നനഞ്ഞ് പനിയും ജലദോഷവും പിടിച്ചത്… മഴയത്തു കുടയുമായി ചുമ്മാ ചുറ്റിത്തിരിഞ്ഞത്… വാഴയിലക്കീറോ, ചേമ്പിന്‍റെ ഇലയോ തലയില്‍ കമിഴ്ത്തി പാടവരമ്പത്തൂടെ മഴയത്തോടിയത്… മഴയുടെ മറ്റൊരു ചങ്ങാതിയായ ഇടിമിന്നലിനെ ഭയന്ന് പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയത്.. അങ്ങനെയെത്രയെത്ര രൂപഭാവങ്ങളിലൂടെ മഴ അനുഭവവേദ്യമായ ഒരു ജീവിതമാണ് നമ്മള്‍ മലയാളികളുടെത്. മനസ്സിൽ എന്നും പച്ചപിടിച്ചുനില്‍ക്കുന്ന എത്ര സുഖകരമായ ഓര്‍മ്മകളാണവയൊക്കെ.. പ്രത്യേകിച്ച് കുട്ടിക്കാലത്തെ മഴയനുഭങ്ങൾ… ഒരു “നൊസ്റ്റാള്‍ജിക് ഫീലിംഗ്” മനസ്സിനുള്ളിലേയ്ക്ക് അരിച്ചരിച്ചു കയറിവരുന്നതുപോലെ… സത്ത്യത്തിൽ ആ അറബിയുവാവിനെപ്പോലെ എനിക്കും ഒന്നു മഴനനഞ്ഞാൽ കൊള്ളാമെന്നൊരു മോഹം തോന്നുന്നുണ്ട്…!!

ആ മഴയും നനഞ്ഞ്, ഇക്കാണുന്ന ഫ്ലാറ്റ്സമുച്ചയങ്ങള്‍ക്കിടയിലൂടെ, ഈ വാഹനപ്രളയത്തിലൂടെ, യാതൊരു ലക്ഷ്യവുമില്ലാതെ നടക്കുക… ആ കുളിര്‍മഴചൊരിയുന്ന നീര്‍ത്തുള്ളികൾ ശരീരത്തിലേയ്ക്കാവാഹിച്ച്… സിരകളിലൂടോടുന്ന ചുടുരക്ത്ത്തെ തണുപ്പിച്ച്.. അപ്പോള്‍ മനസ്സിൽ നിന്നുതിരുന്ന സംഗീതത്തെ ആസ്വദിച്ച്… അങ്ങനെ നടക്കുക…!!! എന്തൊരു രസമായിരിക്കും.. അല്ലെ…? ചിന്തകളുടെ കെട്ടഴിയുവാൻ തുടങ്ങിയപ്പോഴേയ്ക്കും പ്രദീപ്‌ വിളിച്ചു… “വാ…നമുക്കുപോകാം… മഴകുറഞ്ഞു…” മഴ ശാന്തമായത് പെട്ടെന്നായിരുന്നു. മഴയുടെ പരിണാമം വീണ്ടും… അത് ആ പഴയ “നനഞ്ഞ മഴ” യിലെയ്ക്കൊതുങ്ങി..!! കാറില്‍ പോകുമ്പോൾ റോഡിൽ പലയിടത്തും ജലപ്രളയമാണ്.. എന്‍റെ നാടായ കൊച്ചിയിലെ ചിലറോഡുകളാണ് അപ്പോള്‍ ഓര്‍മ്മവന്നത്.. ഒരൊറ്റ മഴകൊണ്ട്‌ തോടുകളാകുന്ന നമ്മുടെ റോഡുകൾ… ഇവിടുത്തെ അവസ്ഥയും വ്യത്യസ്ഥമാണെന്ന് തോന്നുന്നില്ല. മഴവെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനങ്ങളൊന്നും ഒരിടത്തും കണ്ടിട്ടില്ല. ഇവര്‍ക്ക് അതിന്‍റെ ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം, വല്ലപ്പോഴും വരുന്ന ഒരഅഥിതിയെപ്പോലെയാണ് ഇവിടുത്തുകാര്‍ക്ക് ഈ മഴ. അതവര്‍ “ഓണം വിഷുപോലങ്ങ്” ആഘോഷിക്കും… മാത്രമല്ല…, നമ്മുടെ നാട്ടിൽ കര്‍ക്കിടകത്തിലും മറ്റും പെയ്യുന്നപോലുള്ള ഒരു “ഉഗ്രന്‍ മഴ” ഇവിടൊരു നാലഞ്ചുമണിക്കൂര്‍ നിന്നങ്ങുപെയ്തെന്നു വിചാരിക്കുക… അതോടെതീര്‍ന്നു ഇവിടുത്തെ ചലനങ്ങള്‍…!!! മൊത്തം റോഡുകളും ഗല്ലികളും ജലപ്രളയത്തിലാറാടും.. വാഹനങ്ങളെല്ലാം നിശ്ചലമാവും.. വാഹനങ്ങള്‍ നിശ്ചലമായാൽ തീര്‍ന്നില്ലേ ഗള്‍ഫിലെ ജീവിതം..!!! അബുഷഗാര പാര്‍ക്കിലെ പുല്‍ത്തകിടിയിൽ കുട്ടികൾ മഴനനഞ്ഞ് ഫുട്ബോൾ കളിക്കുന്നുണ്ട്.. കൂടുതലും മലയാളികുട്ടികളാണു. എത്ര ആഹ്ളാദത്തോടെയാണ് അവര്‍ കളിച്ചര്‍മാദിക്കുന്നത്. മഴയൊരു ആഘോഷമാക്കിയിരിക്കുകയാണ് ആ കുട്ടികള്‍.. അതവരുടെ ഓരോ ചലനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്… അതുകണ്ടപ്പോൾ മനസ്സ് വീണ്ടും കുട്ടിക്കാലത്തെ ഓര്‍മകളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു… അമ്പലപ്പറമ്പിലും, വീടിനടുത്തുള്ള കോളേജ്ഗ്രൗണ്ടിലുമൊക്കെ മഴക്കാലം ഇതുപോലെ, അല്ല…“ഇതുക്കും മേലെ…” കളിച്ചര്‍മ്മാദിച്ചത്.. കോരിച്ചൊരിയുന്ന മഴയത്ത് കുളത്തിൽ കൂട്ടുകാരുമൊത്ത് നീന്തിതുടിക്കുന്നത്… പാടത്തും, തോട്ടിലുമൊക്കെ മീന്‍പിടിക്കാൻ നടക്കുന്നത്.. ഒരു ചെറുമീന്‍പോലും കിട്ടില്ല..

എന്നാലും എല്ലാവരും എത്രസന്തോഷവാന്മാരായിരുന്നു.. കുട്ടിക്കാലത്തെ സൗഹൃദങ്ങള്‍ക്കിടയിൽ ലക്ഷ്യങ്ങള്‍ക്കൊന്നും യാതൊരുപ്രസക്തിയും ഇല്ലായിരുന്നുവെന്നതാണ്‌ വാസ്തവം… ഒരേയൊരുലക്ഷ്യമേ അന്നുണ്ടാവുമായിരുന്നുള്ള. എത്രയും സന്തോഷിക്കാമോ, അത്രയും സന്തോഷിക്കുക… ചിലസന്ദര്‍ഭങ്ങളിൽ പറമ്പിലുംമറ്റും കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങുദൂരെ നിന്നും ഒരു “ഇരമ്പം” കേള്‍ക്കാം… പെട്ടെന്നുള്ള ശക്തമായമഴ വരുന്നതിന്‍റെ ശബ്ദം ആണാകേള്‍ക്കുന്നത്… പിന്നെയൊരു ഓട്ടപ്പാച്ചിലാണ്.. അങ്ങോട്ടുമിങ്ങോട്ടുമൊക്കെപായും. ചിലര്‍ സ്വന്തം വീടുകളിലേയ്ക്കും മറ്റുള്ളവര്‍ എല്ലാവര്‍ക്കും കൂടി കയറിനില്‍ക്കാവുന്ന ഏതെങ്കിലും സങ്കേതത്തിലേയ്ക്കുമൊക്കെയാവും പായുന്നത്.. ഇതിലൊന്നുംപെടാതെ ചിലവില്ലന്മാര്‍ ചില വലിയ വൃക്ഷങ്ങളുടെ അടിയിലേയ്ക്കാവും ചേക്കേറുന്നത്.. എന്നാല്‍ മഴയോടൊപ്പം മരവും “പെയ്യാന്‍” തുടങ്ങുമ്പോൾ മഴ കൊണ്ടോടുന്നവരേക്കാളേറെ നനയുന്നത് ഇക്കൂട്ടർ ആയിരിക്കും… മഴ…..!!! എന്തൊരു പ്രതിഭാസമാണത്..!! മഴയെക്കുറിച്ചുള്ള ചിന്തകള്‍ പലപ്പോഴും മനസിലേയ്ക് കടന്നുവരാറുണ്ട്.. എല്ലാം തികഞ്ഞ ഒരു കലാകാരനെപ്പോലെ, പ്രപഞ്ചത്തിലെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന, പ്രകടിപ്പിക്കുവാന്‍ കഴിയുന്ന, നമ്മുടെ ഓരോ മൂഡിനനുസരിച്ചും പശ്ചാത്തലമാക്കുവാൻ കഴിയുന്ന പ്രകൃതിയുടെ ഒരു വരദാനമാണ് മഴയെന്നു വേണമെങ്കില്‍ പറയാം.. നമ്മള്‍കാണുന്ന സിനിമകള്‍തന്നെ അതിനു ഏറ്റവും വലിയഉദാഹരണമാണ്.. കാമുകനും കാമുകിയും തമ്മിലുള്ള പ്രണയരംഗങ്ങളിലും, വിരഹദുഖങ്ങളുടെ പിന്നണിയിലും, മദാലസമാര്‍ ആടിത്തിമിര്‍ക്കുന്ന ഗാനരംഗങ്ങൾ കൊഴുപ്പിക്കുവാനും, നായകന്മാരുടെ രൌദ്രഭാവം പ്രകടിപ്പിക്കുവാനുമൊക്കെ മഴ പശ്ചാത്തലമായ എത്രയെത്ര സിനിമകള്‍ നമ്മൾ കണ്ടിരിക്കുന്നു..!! ജീവിതത്തിന്‍റെ എല്ലാ ഭാവഹാവാദികളും ഉള്‍കൊള്ളിക്കുവാൻ കഴിയുന്ന ഒരു പ്രതിഭാസം ആണ് എന്നുമാത്രമല്ല മലയാളികളായ നമ്മുടെയെല്ലാം ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ് മഴ… മഴയെശപിച്ച്, മഴതരുന്ന ജലസമൃദ്ധിയും പച്ചപ്പുമൊക്കെ നശിപിച്ച്‌, ഭാവിയുടെ ജലലഭ്യതയെക്കുറിച്ച് ഒരു ചിന്തയും ഇല്ലാതെപോകുന്ന നാമും നമ്മുടെ നാട്ടുകാരും ഭരണകൂടവും ഓരോ തുള്ളി ജലത്തിനും ദിര്‍ഹവും, റിയാലുമൊക്കെ മുടക്കേണ്ടിവരുന്ന ഈ മണലാരണ്യവാസികളുടെ അവസ്ഥകണ്ടെങ്കിലും കണ്ണുതുറന്ന്, യാഥാര്‍ദ്ധ്യബോധത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കിൽ, കുറെ വര്‍ഷങ്ങൾ കഴിയുമ്പോൾ നമുക്ക് മഴയും മരങ്ങളും പുഴകളും കുളങ്ങളും തോടുകളുമൊക്കെ ഒരു സ്വപ്നാടനത്തിലെ സ്വപ്‌നങ്ങൾ പോലെയാവും… ആ ഓര്‍മ്മകളുടെ കാര്‍മേഘങ്ങൾ നമ്മില്‍ ഒരു വര്‍ഷംചൊരിഞ്ഞ്‌ കടന്നുപോകും…ഒരിക്കലും തിരിച്ചുകിട്ടാത്ത മനോഹരമായ ഓര്‍മ്മകളായിമാത്രം…!!! -എം.ജി.ആര്‍.

Leave a Reply