കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന്റെ പരീക്ഷാഫലം വന്നു

പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ പരീക്ഷാ ഫലം പുറത്തുവന്നു. കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കൊടുത്താണ് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍.…

പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ പരീക്ഷാ ഫലം പുറത്തുവന്നു. കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കൊടുത്താണ് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍. ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ രാജാണ് പരീക്ഷാ ഫലം പുറത്തുവന്ന കാര്യം വെളിപ്പെടുത്തിയത്.

പ്രാക്ടിക്കല്‍ പരീക്ഷമാത്രമാണ് ഷാരോണിന് ബാക്കിയുണ്ടായിരുന്നതെന്നാണ് ഷിമോണ്‍ പറയുന്നത്. ‘പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്റെ സുഹൃത്ത് വിളിച്ചിരുന്നു. ഷാരോണ്‍ പാസ്സായെന്നാണ് പറഞ്ഞത്. പക്ഷേ അത് അവനറിയില്ല.’ സഹോദരന്‍ പറയുന്നു. ബിഎസ്‌സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോണ്‍ വിജയിച്ചത്.

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. അതേസമയം കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് എ.ജി. നിയമോപദേശം നല്‍കി. കേരള പോലീസിന്റെ അന്വേഷണം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും എ.ജി വ്യക്തമാക്കി. കേരള പോലീസിന് ലഭിച്ച ആദ്യ നിയമോപദേശത്തില്‍ രണ്ടുകൂട്ടര്‍ക്കും അന്വേഷിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ഏജന്‍സികളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എ.ജി അഭിപ്രായപ്പെടുന്നത്.

തമിഴ്നാട് പോലീസിന്റെ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഗ്രീഷ്മ ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണം നടത്തുന്നതും വിഷം നല്‍കുന്നതും തമിഴ്നാട് പോലീസിന്റെ പരിധിയില്‍ വെച്ചാണ്. കേരളത്തിലാണ് മരണം നടന്നത്. പാറശ്ശാല പോലീസാണ് ആദ്യം കേസന്വേഷണം ആരംഭിച്ചത്. അതേസമയം, കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ക്രൈം ബ്രാഞ്ച് തന്നെ കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. അന്വേഷണം കേരളത്തില്‍ തന്നെ തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.