ജേർണലിസ്റ്റുകൾ കാരണമാണ് ഞങ്ങൾ പ്രണയിക്കാൻ തീരുമാനിച്ചത്: പാർവതിയും ജയറാം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി.പി.കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്. പിന്നീട് ജയറാമിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി.പി.കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്. പിന്നീട് ജയറാമിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്.

ഇപ്പോൾ പാർവതി പുതിയ അഭിമുഖമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പാർവതിയുടെ ഒരു അഭിമുഖം പുറത്ത് വരുന്നത്. എന്തുകൊണ്ട് അഭിമുഖങ്ങൾ കൊടുക്കുന്നില്ലെന്ന് ചോദിച്ചാൽ ലൈം ലൈറ്റിൽ ഇല്ലാത്ത താൻ എന്ത് വിശേഷങ്ങൾ പറയാനാണ് അഭിമുഖം കൊടുക്കേണ്ടത് എന്നാണ് പാർവതി ചോദിക്കുന്നത്.

 

പാർവതി ജയറാമുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തങ്ങൾ പ്രണയിക്കാത്ത കാലത്തും ജേർണലിസ്റ്റുകൾ ഗോസിപ്പുകൾ അടിച്ചിറക്കിയിരുന്നുവെന്നും അത് ചർച്ചയായപ്പോഴാണ് എങ്കിൽ യഥാർഥത്തിൽ പ്രേമിച്ചാൽ എന്താണ് കുഴപ്പമെന്ന ചിന്തയുണ്ടായതെന്നും പാർവതി പറയുന്നു.

പതിനഞ്ച് സിനിമകളോളം അഭിനയിച്ച ശേഷമാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. അന്നൊക്കെ ഞാൻ സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ സീനിയർ നടി എന്നുള്ള തരത്തിലും ബഹുമാനത്തിലുമായിരുന്നു ജയറാം സംസാരിച്ചിരുന്നത്. ഇപ്പോൾ പിന്നെ ആ ബഹുമാനമൊന്നും ഇല്ല. ഞാൻ ആ സമയങ്ങളിൽ ജയറാം അഭിനയിക്കുന്നത് കാണുമ്പോൾ കളിയാക്കുമായിരുന്നു. അതിനാൽ തന്നെ ഞാൻ മുന്നിൽ‌ നിന്നാൽ ജയറാമിന് അഭിനയിക്കുമ്പോൾ തെറ്റുകൾ വരുമായിരുന്നു. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതിയിരുന്നു.

അങ്ങനെയാണ് ഞങ്ങൾ പ്രണയിക്കുവാൻ തീരുമാനിച്ചത്. എന്റെ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു ജയറാമിനെ. പക്ഷെ ഞാൻ വാശി പിടിച്ചു. പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകൾ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അമ്മ ജയറാമുള്ള സിനിമകൾ വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളഞ്ഞിരുന്നു.

അത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എന്റെ പഴയ സിനിമകൾ കാണുമ്പോൾ കുറച്ച് കൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ എനിക്ക് മിസ് ചെയ്യുന്നില്ല. ആ കാലഘട്ടത്തിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമകൾ ചെയ്തുവെന്നും താരം പറയുന്നു.