സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. സ്റ്റേഷന് എത്തുന്നതിനുമുന്പ് വഴിയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങി കൂട്ടത്തോടെ ട്രാക്ക് മുറിച്ചുകടക്കുന്ന യാത്രക്കാരാണ് വിഡിയോയില്‍.
ഇതിനിടയില്‍ ഒരു സ്ത്രീ തന്റെ ലഗേജ് എറിയാന്‍ ട്രാക്കിലൂടെ അതിവേഗം ഓടുന്നു. ഈ സമയം അതിവേഗ ട്രെയിന്‍ ഹോണടിച്ച് പാഞ്ഞുവരുന്നതും സ്ത്രീ അത് ശ്രദ്ധിക്കാതെ ആ ട്രാക്ക് മുറിച്ച് മറുവശത്തേക്ക് ഓടുന്നതും വിഡിയോയിലുണ്ട്. ട്രെയിന്‍ കടന്നുപോകുന്നതിന് വെറും സെക്കന്‍ഡുകള്‍ക്കിടയില്‍ മാത്രമാണ് യുവതി മറുവശത്തേക്ക് എത്തിയത്. തൊട്ടടുത്തുകൂടെ പാഞ്ഞുപോയ ട്രെയിനിന്റെ വേഗതയില്‍ സ്ത്രീയും ഒപ്പമുള്ളവരും ട്രാക്കില്‍ ഇരിക്കുന്നതും കാണാം.
ज़िंदगी आपकी है. फ़ैसला आपका है. pic.twitter.com/eMrl65FiCj
— Awanish Sharan 🇮🇳 (@AwanishSharan) July 19, 2022
സമീപത്ത് റെയില്‍വേ പ്ലാറ്റ്ഫോം ഇല്ലായിരുന്നു. എന്നിരുന്നാലും, സ്ത്രീയും അവളുടെ കുടുംബവും മാത്രമല്ല, മറ്റു പലരും ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിക്കുകയും ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘ജീവിതം നിങ്ങളുടേതാണ്’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയോട് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം പ്രതികരിച്ചത്. നിരവധി പേരാണ് യാത്രക്കാരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇത്തരം ആളുകള്‍ക്കെതിരെ റെയില്‍വേ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ കമന്റ് ചെയ്യുന്നു.