ഷാരൂഖ് ഹിറ്റ് ചിത്രം ‘പഠാന്‍’ ഇന്ന് അര്‍ധ രാത്രി മുതല്‍ ഒടിടിയിലേക്ക്

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം പഠാന്‍ ഒടിടിയില്‍ ഇന്ന് അര്‍ധ രാത്രിയില്‍ എത്തും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോസാണ്. ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ പ്രൈം വീഡിയോസില്‍ പഠാന്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. ഷാറുഖിന്റെ പ്രത്യേക പ്രമൊ വിഡിയോ പുറത്തുവിട്ടാണ് പ്രൈം ഇക്കാര്യം സ്ഥിരീകരിച്ചത്.

ജനുവരി 25 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പഠാന്‍. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം 20 രാജ്യങ്ങളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഷാറുഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പഠാന്‍ ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാന്‍’ മാറി. ആമിര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ തകര്‍ത്തത്.

റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിലാണ് പഠാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് പഠാന്‍ ഇപ്പോള്‍. 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ പഠാന്‍ ആക്ഷന്‍ ത്രില്ലറാണ്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ ഏബ്രഹാം വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയായെത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.