മീര സുമിത്രയേക്കാള്‍ വലിയ പോരാളി! സിനിമയെ വെല്ലുന്ന താരത്തിന്റെ ജീവിതമിങ്ങനെ

മീര വാസുദേവ്. തന്മാത്രയെന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. ബോളിവുഡിലടക്കം അഭിനയിച്ചിട്ടുണ്ട് മീര വാസുദേവ്. എന്നാലിപ്പോള്‍ മീര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് കുടുംബവിളക്കിലെ സുമിത്രയെന്ന കഥാപാത്രമായാണ്. സംപ്രേക്ഷണം ആരംഭിച്ച കാലം മുതല്‍ തന്നെ കുടുംബ പ്രേക്ഷകരുടെ മനം കവരാന്‍ കുടുംബവിളക്കിന് സാധിച്ചിരുന്നു. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിക്കുന്നതോടെ സുമിത്രയെന്ന വീട്ടമ്മ നേരിടുന്ന വെല്ലുവിളികളാണ് സീരിയലിലെ പ്രമേയം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ മീരയും സുമിത്രയും തമ്മില്‍ ഏറെ സാമ്യമുണ്ട്. തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെയെല്ലാം സധൈര്യം നേരിട്ടാണ് സുമിത്ര ജീവിത വിജയം നേടുന്നതെങ്കില്‍ അത്തരത്തിലൊരു പ്രതിസന്ധിയെയാണ് മീരയും അതിജീവിച്ചത്.

മീരയുടെ വ്യക്തിജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. മീരയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പ് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മോഡലിംഗിലൂടെയാണ് മീര സിനിമയിലേക്ക് എത്തിയത്. അഭിനയ ജീവിതം തുടങ്ങുന്നത് ബോളിവുഡിലൂടെയായിരുന്നു. പിന്നീടാണ് മലയാളത്തിലെത്തുന്നത്. തന്മാത്രയിലെ മികച്ച പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു മീര വാസുദേവ്.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മീര വിവാഹിതയായത്. ബോളിവുഡ് ക്യാമറാമാന്‍ അശോക് കുമാറിന്റെ മകനായ വിശാല്‍ ആയിരുന്നു വരന്‍. വിവാഹം കഴിക്കുമ്പോള്‍ 23 വയസ് മാത്രമായിരുന്നു മീരക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ വിവാഹ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. താരം വിവാഹ മോചിതയായി. ആ ദാമ്പത്യ ജീവിതത്തില്‍ താന്‍ ഒരുപാട് അനുഭവിച്ചുവെന്നായിരുന്നു പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. ആ ദാമ്പത്യ ജീവിതം ഓര്‍ക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മീര പറഞ്ഞത്. മാനസികവും ശാരീരീകവുമായി തന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നും ജീവിതത്തിലെ ഇഷ്ടപ്പെടാത്ത അധ്യായം ആണതെന്നും മീര പറഞ്ഞിരുന്നു. അതേസമയം വിവാഹ മോചനത്തിന് ശേഷം തനിക്ക് വധ ഭീഷണി പോലുമുണ്ടായിരുന്നുവെന്നും പോലീസ് സംരക്ഷണം തേടേണ്ടി വന്നുവെന്നും താരം പറയുന്നു.

പിന്നീടായിരുന്നു മീര രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. നടന്‍ ജോണ്‍ കൊക്കനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിവാഹ ബന്ധവും പിരിഞ്ഞു. പക്ഷെ തങ്ങള്‍ പിരിഞ്ഞത് മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണെന്നും ജോണ്‍ നല്ല ഒരു അച്ഛനാണെന്നും ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നുമാണ് മീര പറയുന്നത്. ‘ജോണിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല എന്നതുകൊണ്ടാണ് പിരിഞ്ഞത്’ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. ഈ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനുമുണ്ട്. മകനൊപ്പമാണ് മീര കഴിയുന്നത്.

Previous articleലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ശിക്ഷ
Next articleകുറേ പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്! വാങ്കിനെ കുറിച്ച് അനശ്വര രാജന്‍