കാവ്യയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് പോലീസ്: മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. നടി കാവ്യ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ നടിയുടെ പേരില്‍ സ്വകാര്യ ബാങ്കില്‍ ആരംഭിച്ചിരുന്ന ലോക്കര്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി.…

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. നടി കാവ്യ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ നടിയുടെ പേരില്‍ സ്വകാര്യ ബാങ്കില്‍ ആരംഭിച്ചിരുന്ന ലോക്കര്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. നടി പീഡനത്തിന് ഇരയായ സംഭവത്തിന് ശേഷം കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയായ കാവ്യ ആരംഭിച്ച ലോക്കറാണ് സംഘം പരിശോധിച്ചത്.

രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. എന്നാല്‍ ലോക്കറില്‍ നിന്ന് എന്താണ് സംഘം കണ്ടെത്തിയത് എന്നത് വ്യക്തമല്ല.

ചോദ്യം ചെയ്യലില്‍ കൃത്യമായ തെളിവുകള്‍ ഉള്ള ആരോപണങ്ങള്‍ പോലും കാവ്യ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യ നല്‍കിയ മറുപടികളില്‍ വിലയിരുത്തല്‍ നടത്തിയ ശേഷം നടിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. തങ്ങള്‍ക്ക് കൂടി സൗകര്യമുള്ള സ്ഥലത്താവും അടുത്ത ചോദ്യം ചെയ്യല്‍ എന്ന സൂചന അന്വേഷണ സംഘം കാവ്യയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടു രേഖപ്പെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. മുമ്പ് ഒരിക്കല്‍ മഞ്ജുവിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ കേസില്‍ സാക്ഷി പട്ടികയിലാണെങ്കിലും, ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന് മുന്‍കൈ എടുത്തത് കാവ്യ ആണെന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.


കേസിന് ആസ്പദമായ ഗൂഢാലോചന പത്മസരോവരം വീട്ടില്‍ വെച്ച് നടന്നതായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും കാവ്യയുടെ ചോദ്യം ചെയ്യലിലേയ്ക്ക് നയിച്ചു. ഈ സമയം പത്മസരോവരത്തില്‍ കാവ്യയും ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

നടിയെ ആക്രമിച്ച കേസിലും, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ആരോപണങ്ങള്‍ നടി കാവ്യ മാധവന്‍ നിഷേധിച്ചിരുന്നു. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ കേസിന് ആസ്പതമായ സംഭവങ്ങളുമായി തനിക്ക് അറിവോ പങ്കോ ഇല്ലാ എന്നായിരുന്നു കാവ്യ മാധവന്‍ മറുപടി നല്‍കിയത്.