പൊന്നിയിന്‍ സെല്‍വന്‍ ടീസറിലെ ആ ഗാംഭീര്യ ശബ്ദമുണ്ടായതിങ്ങനെ; ഡബ്ബിങ്ങ് വീഡിയോ പുറത്ത്

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസറിലെ രംഗങ്ങള്‍ക്ക് വേണ്ടി വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടീസറിന്റെ 19സെക്കന്റ് ദൈര്‍ഘ്യമുള്ള മേക്കിങ്ങ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലും വിക്രം തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘ആദിത്യ കരികാലന്‍’ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഛായാഗ്രഹണം രവി വര്‍മ്മന്‍. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധായകന്‍. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണ്‍ നേടിയെടുത്തത്. എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ് ആരംഭിക്കുക.

അതേസമയം, ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടായതെങ്കിലും കാസ്റ്റിങ്ങിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ചോള രാജ്യത്തെ പറ്റി പറയുന്ന ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ പറ്റിയാണ് വിമര്‍ശനമുയര്‍ന്നു വന്നിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായിയെയും തൃഷയെയും കാസ്റ്റ് ചെയ്തതിലൂടെ മണി രത്നം എഴുത്തുകാരനായ കല്‍ക്കിയോടുപോലും അനീതി കാട്ടിയിരിക്കുകയാണെന്നും ഇവരുടെ ശരീര ഘടന പോലെയായിരുന്നോ അക്കാലത്തെ സ്ത്രീകളുടെ ശരീര ഘടനയെന്നുമാണ് വിമര്‍ശകര്‍ ചോദിച്ചത്.

 

 

Previous article‘കടുവ’ എന്ന് പേരിട്ടത് രാജു!!! കണ്ട് ഇഷ്ടപെട്ടത് കൊണ്ടല്ലേ വിമര്‍ശിക്കുന്നത്….ഷാജി കൈലാസ്
Next articleധനുഷ് ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയോ? വാര്‍ത്തക്കെതിരെ പ്രതികരിച്ച് നടി സംയുക്ത മേനോന്‍