ആ കാത്തിരിപ്പ് കാരണമാണ് സിനിമ ഇത്രയും വൈകിയത്, പക്ഷേ ഒരുപാട് സന്തോഷമുണ്ട്: പുതിയ സിനിമയെക്കുറിച്ച് പൃഥ്വിരാജ്

കൊവിഡ് മഹാമാരി സമയത്ത് ആദ്യം കഥ കേട്ടതും ഷൂട്ടു തുടങ്ങിയതുമായ ചിത്രം ജന ഗണ മന ആണെന്ന് നടന്‍ പൃഥ്വിരാജ്. ഷൂട്ട് നടക്കുമ്പോള്‍ തിയേറ്റര്‍ അടഞ്ഞു കിടന്നതിനാല്‍ ഈ സിനിമ എത്ര കാത്തിരുന്നാലും തിയേറ്ററിലൂടെയെ…

കൊവിഡ് മഹാമാരി സമയത്ത് ആദ്യം കഥ കേട്ടതും ഷൂട്ടു തുടങ്ങിയതുമായ ചിത്രം ജന ഗണ മന ആണെന്ന് നടന്‍ പൃഥ്വിരാജ്. ഷൂട്ട് നടക്കുമ്പോള്‍ തിയേറ്റര്‍ അടഞ്ഞു കിടന്നതിനാല്‍ ഈ സിനിമ എത്ര കാത്തിരുന്നാലും തിയേറ്ററിലൂടെയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കൂവെന്ന് അന്ന് തീരുമാനിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു.

താരത്തിന്റെ വാക്കുകളിലേയ്ക്ക്:

‘കൊവിഡ് മഹാമാരി തുടങ്ങി നമ്മുടെ ഇന്‍ഡസ്ട്രി മുഴുവന്‍ നിശ്ചലമായി ലോകമെമ്പാടും സ്തംഭിച്ച് നില്‍ക്കുന്ന സമയത്ത്, വീണ്ടും സിനിമാ മേഖല പതുക്കെ പിച്ചവെച്ച് തുടങ്ങാനുള്ള അനുമതി കിട്ടിയ സമയമായിരുന്നു.

അന്നും തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്ന സമയമാണ്. അന്ന്, അതായത് 2020 ഓഗസ്റ്റ് മാസമോ മറ്റോ ഞാന്‍ ആദ്യമായി കേള്‍ക്കുന്ന കഥ ജന ഗണ മനയുടെതാണ്.

ആടുജീവിതം സിനിമയുടെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചെത്തി ആദ്യം കേള്‍ക്കുന്ന കഥ ഇതാണ്. 2020 ഒക്ടോബര്‍ മാസം, ഈ പാന്‍ഡമിക് സമയത്ത് ആദ്യം ഷൂട്ട് തുടങ്ങുന്ന സിനിമയും ജന ഗണ മനയാണ്.

ഷൂട്ട് തുടങ്ങുമ്പോള്‍ തിയേറ്ററുകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്, ഇനി വേറെ ഏത് സിനിമ ചെയ്താലും, ഏത് സിനിമ ഡയറക്ട് ടു സ്ട്രീമിങ് സര്‍വീസില്‍ റിലീസ് ചെയ്യേണ്ടി വന്നാലും, ഈ സിനിമ, ജന ഗണ മന എത്ര കാത്തിരിക്കേണ്ടി വന്നാലും തിയേറ്ററിലേ റിലീസ് ചെയ്യൂ, എന്നുള്ളത്. അത് അന്ന് തീരുമാനിച്ചതാണ്.

ആ കാത്തിരിപ്പിന്റെ ഭാഗമാണ് ഇതിന്റെ റിലീസ് ഇത്ര വൈകിയത്. പക്ഷെ, ഒടുവില്‍ ഇത് തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ വീണ്ടും അവിടെ 100 ശതമാനം സീറ്റിങ് കപാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ജനങ്ങള്‍ തയാറായി നില്‍ക്കുന്ന ഒരു സാാഹചര്യമുണ്ട്. അതില്‍ ഒരുപാട് സന്തോഷം,” പൃഥ്വിരാജ് പറഞ്ഞു. ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.