‘ കേരളത്തിന്റെ കമല്‍ ഹാസന്‍’; പൃഥ്വിരാജിനെ പുകഴ്ത്തി വിവേക് ഒബ്‌റോയ്

പൃഥ്വിരാജിനെ കേരളത്തിന്റെ കമല്‍ ഹാസനെന്ന് വിശേഷിപ്പിച്ച് വിവേക് ഒബ്‌റോയ്. പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വിവേക് ഒബ്‌റോയി ഇങ്ങനെ പറഞ്ഞത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും കടുവക്കുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിവേക് ഒബ്രോയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന വിവേക് ഒബ്രോയിയുടെ പരാമര്‍ശം. ‘പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ്, സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയില്‍ പൃഥ്വിരാജ് സ്വാധിനിച്ചിട്ടുണ്ട്.’ വിവേക് ഒബ്രോയ് പറഞ്ഞു. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ജൂണ്‍ 30ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

 

Aswathy