ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്ന കാന്താര മലയാളത്തിലേക്ക് എത്തിക്കാന്‍ പൃഥ്വിരാജ്

നടനും സംവിധായകനുമായ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റിഷഭ് തന്നെ നായകനായി അഭിനയിച്ച കാന്താരാ കന്നഡയിലെ ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. കേരളത്തില്‍ സബ്‌ടൈറ്റിലോടെ ഏതാനും തിയേറ്ററുകളിലും…

നടനും സംവിധായകനുമായ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റിഷഭ് തന്നെ നായകനായി അഭിനയിച്ച കാന്താരാ കന്നഡയിലെ ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. കേരളത്തില്‍ സബ്‌ടൈറ്റിലോടെ ഏതാനും തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പ് ഉടന്‍ തിയേറ്ററുകളിലെത്തും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മിച്ച ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള പതിപ്പ് എത്തുമ്പോള്‍ ഈ സിനിമ തിയേറ്ററുകളില്‍ നിന്ന് മിസ് ചെയ്യരുതെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചിത്രം കണ്ടശേഷം താരം കാന്താരയെ വാനോളം പുകഴ്ത്തിയിരുന്നു. ചിത്രം അഭിമാനകരമായ നേട്ടമാണെന്നാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ജീനിയസ് എന്നാണ് അദ്ദേഹം റിഷഭിനെ വിശേഷിപ്പിച്ചത്. സിനിമയുടെ അവസാന 20 മിനിറ്റ് രംഗങ്ങളേയും പൃഥ്വിരാജ് അഭിനന്ദിച്ചു.

പൃഥ്വിരാജിന്റെ ഈ അഭിപ്രായങ്ങള്‍ ഹോംബാലെ ഫിലിംസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമാണ് എല്ലാ ക്രെഡിറ്റുമെന്ന് അവര്‍ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്ക് വഹിച്ചെന്നേയുള്ളൂ. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ടൈസണ്‍, സലാര്‍ എന്നീ ചിത്രങ്ങളുമായി ഉയരങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.