പൃഥ്വിരാജ് നായകനാവുന്ന കടുവ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. ഷാജി കൈലാസ് നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയെന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കടുവയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിനായി വിദേശരാജ്യങ്ങളിലുള്‍പ്പെടെ പല നഗരങ്ങളില്‍ പ്രൊമോഷന് നടക്കുന്നുണ്ട്.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കടുവ പ്രദര്‍ശനത്തിന് എത്തുന്നത്. ഇങ്ങനെ ചെയ്തതിലൂടെ മലയാളത്തെയും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുകയാണോ എന്നതിന് ഉത്തരം നല്‍കുകയാണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ പൃഥ്വിരാജ്. കടുവയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
‘ഇതിന് തുടക്കമിട്ടത് ഞാനാണെന്ന് എനിക്ക് അവകാശപ്പെടാന്‍ പറ്റില്ല. എനിക്ക് മുമ്പ് കുറിപ്പിനായി ദുല്‍ഖര്‍ ഇത് ചെയ്തതാണ്. ദുല്‍ഖര്‍ എല്ലാ നഗരങ്ങളിലും പോയി കുറുപ്പ് പ്രൊമോട്ട് ചെയ്തു. അതിന്റെ ഗുണം കുറുപ്പിനും ദുല്‍ഖറിനുമൊക്കെ കിട്ടിയതാണ്. ആ ഒരു സിനിമ അങ്ങനെ സംഭവിച്ചു. പിന്നെ അത് നിന്നു. എനിക്ക് തോന്നുന്നത് ഇത് ഇനി ഒരു നോമാവണം’ എന്നാണ് പൃഥിരാജ് പറഞ്ഞത്.
കടുവയാണെങ്കിലും ജന ഗണ മനയാണെങ്കിലും അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്യുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഈ സിനിമ കാണുന്നവര്‍ക്ക് ഓപ്ഷന് കൊടുക്കാന്‍ വേണ്ടിയാണതെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഒന്നുകില്‍ സബ്ടൈറ്റില്‍ ചൂസ് ചെയ്യാം. അല്ലെങ്കില്‍ ഇഷ്ടമുള്ള ഓഡിയോ ട്രാക്ക് ചൂസ് ചെയ്യാം. ആ ഓപ്ഷന് തിയേറ്ററുകളില്‍ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് ചിന്തിക്കുന്നുണ്ടെന്നും പൃഥിരാജ് വ്യക്തമാക്കി.