കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന കാപ്പ ചിത്രീകരണം ആരംഭിച്ചു

തീയറ്ററുകളില്‍ വന്‍ സ്വീകാര്യത നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാളയം വി…

തീയറ്ററുകളില്‍ വന്‍ സ്വീകാര്യത നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാളയം വി ജെ ടി ഹാളില്‍ നടന്നു.

എസ് എന്‍ സ്വാമിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിര്‍വ്വഹിച്ചു. പൃഥ്വിരാജ് ആസിഫ് അലി എ കെ സാജന്‍ ജിനു വി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് ജന്മനാടായ തലസ്ഥാന നഗരിയില്‍ വീണ്ടും ചിത്രീകരണവുമായി എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അടുത്താഴ്ച ജോയിന്‍ ചെയ്യും. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, പി.ആര്‍.ഒ ശബരി.