എമ്പുരാന്‍റെ മറ്റൊരു ബിഗ് അപ്ഡേറ്റ്! ലൂസിഫറില്‍ ഇല്ലാതിരുന്ന മറ്റൊരു താരം കൂടെ എത്തും, വിവരങ്ങൾ പുറത്ത്

മലയാളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ എമ്പുരാന്റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് പുരോ​ഗമിക്കുകയാണ്. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. എമ്പുരാന്റെ ഷൂട്ടിം​ഗ് തുടങ്ങുകയും അവസാന ഘട്ടത്തിലായി എന്നുമാണ് റിപ്പോർട്ടുകൾ. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പ്രധാന അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. സുരാജ് വെഞ്ഞാറമൂടും മോഹൻലാലിന്റെ എമ്പുരാൻ സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം.

ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷെഡ്യൂളിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു വലിയ കൂട്ടം ആളുകളോട് സംവിധായകൻ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. മഞ്ജു വാര്യരെയും കാണാനാകും. “ഞാൻ റോൾ ആക്ഷൻ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്​ഗ്രൗണ്ട് ആക്ഷ്ഷൻ എന്ന് പറയും. അപ്പോൾ നിങ്ങൾ എല്ലാവരും അസോസിയേറ്റ്സ് പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനർജി വേണം. കേട്ടോ. തെറിച്ച് നിൽക്കണം. ചത്തഭാവമായി പോവരുത്”, എന്നാണ് മൈക്കിലൂടെ പൃഥ്വിരാജ് പറയുന്നത്.

നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും എമ്പുരാന്റെ ഭാ​ഗമാകുന്നുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.