‘അഭിനയരംഗം എളുപ്പമായിരുന്നില്ല. അതിപ്പോഴും അങ്ങനെത്തന്നെ’ പ്രിയ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ വന്‍ താരമായി മാറിയ നടിയാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമില്‍ 70 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് നടിക്ക്. എന്നാല്‍ എളുപ്പമല്ല ഒരു യാത്രയുമെന്നാണ് നടി പറയുന്നത്. ഭാഗ്യം കൊണ്ടു…

ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ വന്‍ താരമായി മാറിയ നടിയാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമില്‍ 70 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് നടിക്ക്. എന്നാല്‍ എളുപ്പമല്ല ഒരു യാത്രയുമെന്നാണ് നടി പറയുന്നത്. ഭാഗ്യം കൊണ്ടു താരമാകാം. താരമായി നിലനില്‍ക്കണമെങ്കില്‍ പക്ഷേ, കഠിനാധ്വാനം വേണം. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 4 ഇയേഴ്‌സ് ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി.

‘ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവസരമായിരുന്നു ഫോര്‍ ഇയേഴ്‌സ്. ഒരു ദിവസം രഞ്ജിത് ശങ്കറിന്റെ ഒരു ഫോണ്‍ കോള്‍. ഒരു കഥാപാത്രമുണ്ട്. ചെയ്യാനാകുമോ എന്നായിരുന്നു ചോദ്യം. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓഡിഷനും നല്‍കി. ഒട്ടേറെ താരങ്ങളെയും പുതുമുഖങ്ങളെയും ചിത്രത്തിലേക്കു പരിഗണിച്ചിരുന്നെന്നു പിന്നീട് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത അവസരമായതുകൊണ്ടാകാം ഒത്തിരി സന്തോഷം തോന്നിയെന്ന് പ്രിയ മനോരമയോട് പ്രതികരിച്ചു.

‘ആദ്യ ചിത്രവും മാണിക്യ മലരായ പൂവി എന്ന പാട്ടും തന്ന ഹൈപ്പ് വളരെ വലുതായിരുന്നു. ഭാഗ്യം കൊണ്ടു കിട്ടിയ കഥാപാത്രമായിരുന്നു അത്. പാട്ട് ശ്രദ്ധിക്കപ്പെട്ടതും ഭാഗ്യം തന്നെ. യഥാര്‍ഥത്തില്‍ അതിനു ശേഷമാണ് അതിലെ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നത്. അഭിനയരംഗം എളുപ്പമായിരുന്നില്ല. അതിപ്പോഴും അങ്ങനെത്തന്നെ. ഇപ്പോഴും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ എത്തിപ്പെടേണ്ട പടികള്‍ ഒരുപാടാണ്. അതിനിടയ്ക്കാണ് മോഡലിങ് ചെയ്തത്. പാട്ടു പാടിയത്. പാട്ട് ചെറുപ്പം മുതലേ പഠിക്കുന്നുണ്ടായിരുന്നു. ആത്മവിശ്വാസമുള്ള മേഖലയാണ് പാട്ട്.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതു തന്നെയാണ് ലക്ഷ്യവും ആഗ്രഹവുമെല്ലാം. കുറെ നല്ല സിനിമകളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക-ചെറുപ്പം മുതലേയുള്ള സ്വപ്നമാണത്. മറ്റൊന്നിനെക്കുറിച്ചും ചെറുപ്പത്തില്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ കണ്ട സ്വപ്നം സിനിമയാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും അതുന്നെ. സിനിമാ സ്വപ്നവുമായി ജീവിക്കുന്നവരോടും പറയാനുള്ളത് അതു മാത്രമാണ്. സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക, അതിനായി പരിശ്രമിക്കുക. അത് ഫലം കണ്ടിരിക്കുമെന്നും നടി പറയുന്നു.