‘ഇനി എനിക്കു പോകാനുള്ള തണലാണ് ഇല്ലാതായത്’ കോടിയേരിയുടെ ഓര്‍മ്മയില്‍ പ്രിയദര്‍ശന്‍

സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ജീവിത പ്രതിസന്ധിയിലെല്ലാം സഹോദരനെപ്പോലെ കൂടെനിന്ന വ്യക്തിയാണ് കോടിയേരിയെന്ന് അദ്ദേഹം കുറിക്കുന്നു. ‘ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ…

സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ജീവിത പ്രതിസന്ധിയിലെല്ലാം സഹോദരനെപ്പോലെ കൂടെനിന്ന വ്യക്തിയാണ് കോടിയേരിയെന്ന് അദ്ദേഹം കുറിക്കുന്നു.

‘ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരയ്ക്കാര്‍ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്താണത്. സിനിമയേക്കുറിച്ചു പലതും സംസാരിച്ചു. സിനിമയെ അദ്ദേഹം അത്രയേറെ സ്‌നേഹിച്ചിരുന്നു.എന്റെ എല്ലാ സിനിമയും കാണുകയും ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം യാത്രയിലെല്ലാം ഞാന്‍ പോയി കാണുകയും ചെയ്തിരുന്നു. തിരക്കെല്ലാം ഒഴിഞ്ഞാണ് എന്നെ സംസാരിക്കാന്‍ വിളിച്ചിരുന്നത്. സിനിമയും കുടുംബകാര്യവും മാത്രമാണു സംസാരിച്ചിരുന്നത്. സിനിമയിലെ സീനുകളെല്ലാം അദ്ദേഹം ഓര്‍ത്തോര്‍ത്തു ചിരിച്ചു. എന്റെ സിനിമയിലെ മാത്രമല്ല കണ്ട സിനിമയിലെ സീനുകളെല്ലാം ഓര്‍ത്തിരിക്കുമായിരുന്നു. എന്റെ ജീവിത പ്രതിസന്ധിയിലെല്ലാം അദ്ദേഹം സഹോദരനെപ്പോലെ കൂടെ നിന്നു.

എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പലതും വന്നപ്പോഴും അദ്ദേഹം കൂടെ നിന്നു.രോഗത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ദേഹം പല തവണ സംസാരിച്ചു. ആരോഗ്യം നോക്കാന്‍ ഉപദേശിച്ചു. ഞാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുമ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു വിളിച്ചു ചോദിച്ചു. എല്ലാം കൊണ്ടും അദ്ദേഹം ജ്യേഷ്ഠന്‍ തന്നെയായിരുന്നു. അദ്ദേഹം കാണാന്‍ ഞാന്‍ പോയിട്ടുള്ളതെല്ലാം ആ അധികാരം മനസ്സില്‍ സൂക്ഷിച്ചുമായിരുന്നു. ഓരോ തവണയും വാതില്‍പ്പടിവരെ വന്നാണു യാത്രയാക്കിയത്. വീട്ടിലെ ചെറിയ കാര്യംപോലും അദ്ദേഹം പറയുകയും എന്റെ വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്തു പോകുമ്പോള്‍ ഇനി എനിക്കു പോകാനുള്ള തണലാണ് ഇല്ലാതായതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.