പിഷാരടിയുടെ മകള്‍ ചെറിയ കുട്ടിയാണ്, അച്ഛന്‍ അഭിനയിച്ചത് എന്താണെന്ന് മനസ്സിലാകാത്തതിന് അവളെ കുറ്റം പറയില്ലെന്ന് നിര്‍മ്മാതാവ്

അച്ഛന്റെ സിനിമയെ കുറിച്ച് നടന്‍ പിഷാരടിയുടെ മകള്‍ പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. അച്ഛന്റെ സിനിമ കൊള്ളില്ല എന്ന തരത്തില്‍ ആ കുഞ്ഞ് പ്രതികരിച്ചുവെന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം പ്രചരണങ്ങളുടെ ചുവടു പിടിച്ച് ‘നോ വേ ഔട്ട്’ എന്ന സിനിമയ്ക്കും രമേശ് പിഷാരടിക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ബാദുഷ.

പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടി പറഞ്ഞതിനെ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്നവരെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നാണ് ബാദുഷയുടെ വാക്കുകള്‍. രമേശ് പിഷാരടിയുടെ മകള്‍ പത്തുവയസ്സുള്ള ചെറിയ കുട്ടിയാണ് അവള്‍ക്ക് അവളുടെ അച്ഛന്‍ അഭിനയിച്ചത് എന്താണെന്ന് മനസ്സിലാകില്ല അച്ഛനോടുള്ള സ്‌നേഹം മാത്രമാണ് കുട്ടി പ്രകടിപ്പിച്ചത്. അത് മനസ്സിലാക്കാതെ മികച്ച രീതിയില്‍ മുന്നേറുന്ന ഒരു കൊച്ചു സിനിമയെ തകര്‍ക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും ബാദുഷ പറയുന്നു.

അച്ഛന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇഷ്ടപ്പെട്ടില്ല’ എന്നായിരുന്നു രമേശ് പിഷാരടിയുടെ മകള്‍ പൗര്‍ണമിയുടെ മറുപടി. എന്നാല്‍ പൗര്‍ണമിയുടെ വാക്കുകളെ വളച്ചൊടിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ പ്രചാരണം നടത്തിയിരുന്നു.
സ്വന്തം അച്ഛന്‍ സിനിമയില്‍ അഭിനയിച്ച സീന്‍ കണ്ട് വിഷമിച്ച ഒരു പെണ്‍കുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍.

കുരുന്നുകളെ പോലും വെറുതെ വിടാന്‍ തയാറാകാതെ, ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാന്‍ നാട്ടില്‍ ഒരു നിയമവു മില്ലെന്നാണോ?
നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിച്ചോളൂ..,
പോരായ്മകള്‍ ചൂണ്ടിക്കാണിച്ചോളൂ..
അത് വിശാലമായ മനസോടെ സ്വീകരിക്കാന്‍ ഒരു മടിയുമില്ല രമേശ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും.

10 വയസ്സുള്ള ഒരു പെണ്‍കുട്ടി അവളുടെ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒക്കെ പെണ്‍മക്കള്‍ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേശിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും എന്നാണ് ബാദുഷയുടെ വാക്കുകള്‍.

നേരത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഈ ചിത്രത്തിന് പിന്തുണ അറിയിച്ചു എത്തിയിരുന്നു.

Previous articleഅച്ഛന് കളസം വാങ്ങണമെങ്കിലും മൊബൈല്‍ നമ്പര്‍ നല്‍കണം: ഡെക്കാത്തിലോണിന് എതിരെ മഹുവ മൊയിത്ര
Next article‘ജയറാമിന്റെ കരിയറില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്നത്’