പഞ്ചാബി ഹൗസ് രണ്ടാം ഭാഗത്തിന് സംഭവിച്ചത് എന്ത്…? പ്രേക്ഷകര്‍ അത് ആഗ്രഹിക്കുന്നുവോ എന്ന ചോദ്യവും…: റാഫി

പഞ്ചാബി ഹൗസ്…. ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിത്രം. ജീവിത പ്രാരാബ്ദ്ധങ്ങള്‍ മറയ്ക്കാന്‍ ആത്മഹത്യ ചെയ്തിട്ടും ചാകാതെ പിന്നീട് ഊമയായി അഭിനയിച്ച് ജീവിക്കേണ്ടി വരുന്ന നായകന്‍. അതേ ചുറ്റിപ്പറ്റിയുള്ള നര്‍മ്മങ്ങള്‍… ഇപ്പോഴും ഓര്‍ത്തു ചിരിക്കാവുന്ന നിരവധി…

പഞ്ചാബി ഹൗസ്…. ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിത്രം.
ജീവിത പ്രാരാബ്ദ്ധങ്ങള്‍ മറയ്ക്കാന്‍ ആത്മഹത്യ ചെയ്തിട്ടും ചാകാതെ പിന്നീട് ഊമയായി അഭിനയിച്ച് ജീവിക്കേണ്ടി വരുന്ന നായകന്‍. അതേ ചുറ്റിപ്പറ്റിയുള്ള നര്‍മ്മങ്ങള്‍… ഇപ്പോഴും ഓര്‍ത്തു ചിരിക്കാവുന്ന നിരവധി രംഗങ്ങളാണ് സിനിമ സമ്മാനിച്ചിട്ടുള്ളത്. വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന രംഗങ്ങള്‍. ദിലീപാണ് നായകന്‍. ഊമയായ നായികയായി മോഹിനിയും.

ഇപ്പോള്‍ സിനിമകളുടെയെല്ലാം രണ്ടും മൂന്നും മുതല്‍ അഞ്ചുവരെ ഭാഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയല്ലേ… അപ്പോള്‍ റിലീസ് ചെയ്ത് ഇരുപതിലധികം വര്‍ഷങ്ങള്‍ക്കു ശേഷവും സൂപ്പര്‍ഹിറ്റായി നിലനില്‍ക്കുന്ന പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം വന്നാലോ…? കൊള്ളാമല്ലേ…

അത്തരത്തില്‍ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍, സംഭവിച്ചത് എന്താണെന്നും വെളിപ്പെടുത്തുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി. പഞ്ചാബി ഹൗസിലെ എല്ലാവരെയും ഒരിക്കല്‍ കൂടി വിളിച്ചു ചേര്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിളിക്കാമെന്നൊക്കെയാണ് കരുതിയിരുന്നത്. അതിന് ഹനീഫിക്കയും മച്ചാന്‍ വര്‍ഗീസും ഇപ്പോഴില്ല. ഉള്ളവരെയൊക്കെ ഒരു ദിവസം ഒരുമിച്ചു ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആ സിനിമ നടന്നില്ല. ഒപ്പം ഭാവിയില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചു കൂടായ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നാല്‍, ഇതിനിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന രീതിയില്‍ ഒരു സിനിമ ഹിന്ദിയില്‍ വന്നു. അതുകൊണ്ട് പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തത്കാലമില്ല.

ഒപ്പം ചിത്രത്തിന്റെ ചില അണിയറക്കഥകളും അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബി ഹൗസില്‍ ആദ്യം നായികയായി ഉണ്ടായിരുന്നത് ജോമോള്‍ മാത്രമായിരുന്നെന്നും അവസാന നിമിഷമാണ് മോഹിനി ചിത്രത്തിലേക്ക് വന്നതെന്നും റാഫി പറയുന്നു. നേരത്തെ ദിലീപ്  മോഹിനിയെ നിര്‍ദ്ദേശിച്ചെങ്കിലും തടി കൂടുതലാണെന്നു പറഞ്ഞു വേണ്ടെന്നു വച്ചു. മറ്റൊരു പുതുമുഖത്തെ വച്ച് ഒരു രംഗം ഷൂട്ട് ചെയ്തിരുന്നു. അത് ശരിയാവുന്നില്ലെന്ന് പിന്നീട് തോന്നി.

നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. ഒടുവില്‍ ആ കഥാപാത്രമില്ലാതെ ഷൂട്ടിങ് മുന്നോട്ടു പോകില്ലെന്ന അവസ്ഥയെത്തി. അപ്പോഴാണ് മോഹിനി ഒരു പരിപാടിക്കായി കൊച്ചിയിലെത്തുന്നത്. നേരെ പോയി കാര്യങ്ങള്‍ സംസാരിച്ചു. മറ്റൊരു ചിത്രത്തിനായി മോഹിനി ആംഗ്യഭാഷ പഠിച്ചിരുന്നതും കാര്യങ്ങള്‍ എളുപ്പമാക്കി. മോഹിനി പിറ്റെ ദിവസം തന്നെ ഷൂട്ടിങ്ങിനെത്തി.