നിര്‍മ്മാതാക്കളുടെ സമരം; അല്ലു അര്‍ജുന്റെ പുഷ്പ 2 ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തെലുങ്ക് സിനിമാ വ്യവസായത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് പുഷ്പ: ദി റൈസിന്റെ തുടര്‍ച്ചയായ പുഷ്പ: ദ റൂള്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചു. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഓഗസ്റ്റ് മൂന്നാം വാരത്തില്‍ ചിത്രം നിര്‍മ്മാണത്തിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശ്നം പരിഹരിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

സെപ്റ്റംബര്‍ ആദ്യം തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുവദിക്കുന്നതോടെ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ സുകുമാറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ”ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, സമരം പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, ”ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധനവ്, ബോക്സ് ഓഫീസിലെ ഇടിവ്, ടിക്കറ്റ് നിരക്കിലെ നിയന്ത്രണങ്ങള്‍, OTT പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ എല്ലാ സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കാന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു.

ആദ്യ ചിത്രത്തിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും രണ്ടാംഭാഗത്ത് അല്ലു അര്‍ജുന്‍ പുതിയ ലുക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം അടുത്തിടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇത് പുഷ്പ 2 ലെ അദ്ദേഹത്തിന്റെ ലുക്കായിരിക്കുമെന്ന് ആരാധകര്‍ ഊഹിച്ചു.

സുകുമാറാണ് പുഷ്പ ചലച്ചിത്ര പരമ്പരയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പുഷ്പ: ദി റൈസ് 2021 ഡിസംബറില്‍ സിനിമ റിലീസ് ചെയ്യുകയും രാജ്യത്തുടനീളം വന്‍ ഹിറ്റായി മാറുകയും ചെയ്തു. രണ്ടാം ഭാഗം 2023ല്‍ പ്രദര്‍ശനത്തിനെത്തും.

Previous article‘എന്റെ അനന്തരവള്‍, എന്റെ കുഞ്ഞു പോയി’ ഹൃദയഭേദകമായ കുറിപ്പുമായി നടി ദിയ മിര്‍സ
Next articleഒടുവില്‍ നടി ശോഭിതയുമായുള്ള പ്രണയവാര്‍ത്തയില്‍ പ്രതികരിച്ച് നാഗ ചൈതന്യ