Categories: Film News

‘പുഷ്പ…പുഷ്പരാജ്… ഞാന്‍ എഴുതില്ല’ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ഉത്തരകടലാസ് വൈറല്‍

നടന്‍ അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ തിയേറ്ററുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഫഹദ് ഫാസില്‍ വില്ലനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിരയെത്തിയിരുന്നു. ഡിസംബര്‍ 17ന് വിവിധഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ പ്രദര്‍ശന വിജയം നേടി. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയിലെ പാട്ടും ഡയലോഗുകളും ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല പത്താംക്ലാസ് പരീക്ഷയില്‍ വരെ പുഷ്പയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പുഷ്പയിലെ ഡയലോഗ് എഴുതിയ ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരകടലാസിലാണ് പുഷ്പയുടെ സാന്നിധ്യം കണ്ടത്. പുഷ്പ,പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്നാണ് വിദ്യാര്‍ത്ഥി എഴുതിയിരിക്കുന്നത്.

ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇത്തവണത്തെ ഉത്തരക്കടലാസുകളില്‍ പുഷ്പ ഡയലോഗുകളെ കൂടാതെ ഉത്തരക്കടലാസ് നിറയ്ക്കാന്‍ പാട്ടുകളും സിനിമാ കഥയും വാട്സ്ആപ്പ് ചാറ്റുകള്‍ വരെ വിദ്യാര്‍ത്ഥികള്‍ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയിലെത്തിയത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്. പുഷ്പ രണ്ടാംഭാഗം മാര്‍ച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. മിറോസ്ലോ കുബ ബറോസ്‌ക്കായിരുന്നു ചിത്രത്തിന്റെ ക്യാമറ. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും എഡിറ്റിങ് കാര്‍ത്തിക് ശ്രീനിവാസും നിര്‍വഹിച്ചു. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എന്‍ജിനീയര്‍. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.

Gargi