ദളിതനായ നായകനും വില്ലനായ ബ്രാഹ്മണനും: നായക പ്രതിനായക സങ്കല്‍പ്പങ്ങളെ കടപ്പുഴക്കി പുഴു: കുറിപ്പ്

മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാനടന്‍ മമ്മൂട്ടിയുടെ മറ്റൊരു പകര്‍ന്നാട്ടത്തിന് വേദി ആവുകയാണ് പുഴു എന്ന പുതിയ ചിത്രം. പാര്‍വ്വതി തിരുവോത്ത് നായിക ആകുന്ന ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശനം തുടരവെ, ചിത്രത്തിന്റെ പല തലങ്ങളെക്കുറിച്ചും വൈകാരികമായ കുറിപ്പുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ, ഭക്തി മൂത്ത് ഭ്രാന്തായവന്‍ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

നായകന്‍, ഇരു നിറത്തില്‍ ചുരുളന്‍ മുടിയുള്ള കണ്ടാല്‍ തനി ദ്രവീഡിയനായ കുട്ടപ്പന്‍ എന്ന ദളിതനായ നാടക നടന്‍ !

വില്ലന്‍, വെളുത്ത് ചുവന്ന് തുടുത്ത് ആകാരവടിവുള്ള പൂണൂലിട്ട് കണ്ടാല്‍ ഒരു ആര്യന്റെ ശരീര ഭാഷയുള്ള അധികാരത്തിന്റെ ഭാഗമായി നില്‍ക്കുന്ന ബ്രാഹ്മണന്‍.

മലയാള സിനിമ പുതിയ പാതയിലാണ്. നായക പ്രതിനായക സങ്കല്‍പങ്ങള്‍ കടപുഴകുകയാണെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ തുടക്കം നാടകത്തിന്റെ അന്തരീക്ഷത്തിലാക്കിയത് സംവിധാന മികവാണ്. ഇരുളും വെളിച്ചവും, ശബ്ദവും നിശബ്ദതയും, കയറിയിറങ്ങുന്ന അരങ്ങിന്റെ ശ്രദ്ധയില്‍ നിന്നും പുഴു അരിച്ചരിച്ച് കയറുകയാണ്. ഒരു പക്ഷേ പുഴു അരിക്കുമ്പോഴാകും ശരീരം ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നത്. ബോധം കുറെ കൂടി ജാഗ്രതയിലാകുന്നത്.

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നടന്‍ മമ്മുട്ടിയോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും തോന്നുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ എന്നേ തെളിയിക്കപ്പെട്ട അദ്ദേഹത്തിന് ഈ വേഷം വേണ്ടെന്നു വെച്ചാലും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല ! മറിച്ച് രത്തീനക്കും ഹര്‍ഷാദിനും കൂടെ അഭിനയിച്ച അപ്പുണ്ണി ശശിക്കും പാര്‍വ്വതിക്കും അതിലുപരി ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനും അതൊരു നഷ്ടമാകുമായിരുന്നു.

കേരളത്തിന്റെ പൊതുവെ ശാന്തമെന്ന് തോന്നുന്ന സാമൂഹികാവസ്ഥ എത്രത്തോളം അശാന്തമാണെന്ന് ഈ ചിത്രം പറയുന്നുണ്ട് ! നാടകീയതയിലൂടെ കാണികളുടെ ശ്രദ്ധ കയ്യിലെടുത്ത പുഴു ചില സമയങ്ങളില്‍ നമ്മുടെ ശരീരവും വിട്ട് ഇഴയുന്നുണ്ട്. അവസാനം വിഷയങ്ങളുടെ ബാഹുല്യം സിനിമയുടെ രസച്ചരടിനെ പൊട്ടിക്കുന്നുമുണ്ട്. എന്നിരുന്നാല്‍ പോലും ഈ സിനിമ മികച്ച ഒരുദ്യമമാണ്. മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ തുടക്കത്തെ ഈ സിനിമ അടയാളപ്പെടുത്തും.

പാര്‍വതി തിരുവോത്തിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ചെറിയ സമയത്തിലാണെങ്കിലും ഇന്ദ്രന്‍സും കുഞ്ചനും അവതരിപ്പിച്ച വേഷങ്ങള്‍ സിനിമ കഴിഞ്ഞാലും കൂടെ പോരും. ചുരുക്കത്തില്‍ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അതി ഗംഭീരമാക്കായിരുന്ന ഒരു നല്ല സാമൂഹ്യ ദര്‍പ്പണ്ണമാണ് പുഴു.

നമുക്കുള്ളത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല! പക്ഷേ മറ്റുള്ളവര്‍ തരുന്നത് നമ്മള്‍ വാങ്ങരുത്. അച്ഛന്‍ മകനോടു പറയുന്ന ഉപദേശമാണ്. ആയിരത്താണ്ടുകാലങ്ങളായി ബ്രാഹ്മണ്യം കാത്തുസൂക്ഷിച്ച ദുരഭിമാനം!
ദാനമായി നല്‍കാനേ പാടുള്ളൂ. പങ്കു വെക്കരുത് !

കാലങ്ങളായി ദുരഭിമാന സ്വത്വ ബോധങ്ങളില്‍ ബന്ധിതമായ സവര്‍ണ്ണബോധത്തിന് പുതിയ കാലഘട്ടത്തിന്റെ സ്വാതന്ത്ര്യ ബോധത്തെ ഉള്‍ക്കൊള്ളാനാവുന്നില്ല ! ആ സ്വത്വബോധത്തിന്റെ പ്രതീകമാണ് റിട്ടയേര്‍ട് ഐ പി എസ് ഓഫീസര്‍. ജീവന്‍ കൊടുത്തും ജാതി പാരമ്പര്യം സംരക്ഷിക്കാന്‍ തയ്യാറാകുന്ന അഭിമാനബോധം ഒരു തരം മനോരോഗമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല! അവര്‍ ചെയ്യുന്നത് അവരുടെ ശരിയാണ്.

മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ സൂക്ഷ്മാഭിനയം അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ നിശബ്ദമായ മുഖമാണ് പലപ്പോഴും ചിത്രത്തിന്റെ ഭീകരത. കണ്ണുകളിലൂടെ ഉള്ളില്‍ പതിയിരിക്കുന്ന ഒരു ജാതിവെറിയനെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ മലയാളി പുതിയൊരു മമ്മൂട്ടിയെക്കൂടി അറിയുകയാണ്.

Vishnu