കാറിന് പുറകിൽ ഒരാൾ എത്തി ആ ഫാമിലിയെ റിവേഴ്സ് എടുക്കാൻ നിർദ്ദേശങ്ങൾ കൊടുത്ത് സഹായിക്കുന്നു

ഇന്ന് മോഹൻലാലിന്റെ അറുപത്തി ഒന്നാം ജന്മദിനം ആണ്.  നിരവധി പേരാണ് താര രാജാവിന് ആശംസകൾ അറിയിച്ച് യെത്തുന്നത്. സഹതാരങ്ങളും കോടി കണക്കിന് ആരാധകരും താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റഫീഖ് എന്ന…

ഇന്ന് മോഹൻലാലിന്റെ അറുപത്തി ഒന്നാം ജന്മദിനം ആണ്.  നിരവധി പേരാണ് താര രാജാവിന് ആശംസകൾ അറിയിച്ച് യെത്തുന്നത്. സഹതാരങ്ങളും കോടി കണക്കിന് ആരാധകരും താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റഫീഖ് എന്ന ഒരു ആരാധകൻ മോഹൻലാലുമായുള്ള തന്റെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമ പാരഡിസോ ക്ലബ് എന്ന ഗ്രൂപ്പിൽ ആണ് റഫീഖ് തന്റെ അനുഭവം പങ്കുവെച്ചത്. റഫീക്കിന്റെ കുറിപ്പ് വായിക്കാം,

ഞായറാഴ്ചയായിരുന്നു, വൈകീട്ട് ഉറക്കമുണർന്ന് ബാൽക്കണിയിൽ നിന്നും നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ ഒരു കാരവൻ കിടക്കുന്നത് കണ്ടു. രണ്ട് മൂന്ന് ദിവസമായി അവിടെ ലോക്പാൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും, കാവ്യയും, മനോജ് കെ ജയനും, ടി.ജി രവിയും, മീരാ നന്ദനുമൊക്കെ അവിടെയുണ്ടായിരുന്നുവെന്നും അറിയാമായിരുന്നു, പക്ഷെ ഞാൻ ഉദ്ദേശിച്ച ആൾ എത്താതിരുന്നത് കൊണ്ട് അങ്ങോട്ട് പോയിരുന്നുമില്ല. ഇപ്പോൾ കാരവൻ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു, ആൾ എത്തിയിരിക്കുന്നു. സമയം വൈകീട്ട് ആറ് കഴിയുന്നു, ഏഷ്യാനെറ്റിൽ ആറാം തമ്പുരാൻ തകർത്തോടുന്നു. ” കിട്ടിയാൽ നീ എന്നെ ഒലത്തുമോടാ ചെങ്കളം മാധവ” “പോ… നീ പോയി കാഴ്ചക്കാരെ കൂട്ട്, ഞാൻ എത്താം… എന്റെ പേര് ജഗന്നാഥൻ എന്നാണ്… ഞാൻ എത്തും ..” ഇനിയും വൈകിയാൽ ശരിയാവില്ല, ഞാൻ വേഗം ഇറങ്ങി… ഷൂട്ടിംഗ് കഴിഞ്ഞു, അദ്ദേഹം പുറപ്പെടാൻ പോകുന്നുവെന്ന് അസിസ്റ്റന്റ് പറഞ്ഞു. ഉച്ചയ്ക്ക് ഉറങ്ങാൻ തോന്നിയ നിമിഷത്തെ പഴിച്ച് കൊണ്ട് ഞാൻ ബിൽഡിംഗിന്റെ പുറകിലത്തെ കാർ പാർക്കിംഗിൽ എത്തി. ഇരുട്ട് വീഴാൻ തുടങ്ങിയിരിയ്ക്കുന്നു, കർശന നിയന്ത്രണമുള്ളത് കൊണ്ട് പുറത്ത് നിന്നും ആരും ഇല്ല. എന്റെ കണ്ണുകൾ ആകാംക്ഷയോട് കൂടി ആളെ തിരഞ്ഞു. യൂണിറ്റിലുള്ളവർ ലൈറ്റും, മറ്റ് സാമഗ്രികളുമൊക്കെ എടുത്ത് മാറ്റി കൊണ്ടിരിയ്ക്കുന്നു. ആ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ഫാമിലി അതിനിടയിൽ നിന്നും കാർ റിവേഴ്സ് എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും , പില്ലർ ബാക്കിൽ ഉള്ളത് കൊണ്ട് അവർ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, കാറിന് പുറകിൽ ഒരാൾ എത്തി, ആ ഫാമിലിയെ റിവേഴ്സ് എടുക്കാൻ നിർദ്ദേശങ്ങൾ കൊടുത്ത് സഹായിക്കുന്നുണ്ട്. എക്സൈറ്റ്മെന്റ് കൊണ്ടോ, മലയാളത്തിന്റെ താര രാജാവ് തങ്ങളെ സഹായിക്കാൻ എത്തിയത് കൊണ്ടോ അയാൾക്ക് കാർ എടുക്കാൻ കഴിയുന്നാണ്ടായിരുന്നില്ല. ” എടുത്തോളൂ…. ” അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. കാറിനുളളിലെ സ്ത്രീ വിശ്വാസിക്കാനാവാതെ പുറകിലേക്ക് നോക്കി ചിരിച്ചു കൊണ്ടെയിരുന്നു, അദ്ദേഹത്തിനടുത്ത് ഞാനുമെത്തി. ഞാൻ കൈ നീട്ടി, എന്റെ കൈയിൽ ജഗന്നാഥന്റെ കൈയമർന്നു, ഇറുകിയ കണ്ണുകളടച്ച് ആ താരരാജാവ് എന്നെ നോക്കി പുഞ്ചിരിച്ചു… വിശ്വാസിക്കാൻ കഴിഞ്ഞില്ല, അവിടെ കണ്ട ആ കാഴ്ചകൾ… അപ്പോൾ കോരിച്ചൊരിയുന്ന മഴയിൽ, തലയിൽ കെട്ടുമായി, മീശ പിരിച്ച്, ബുള്ളറ്റിൽ ജഗന്നാഥൻ ചെങ്കളം മാധവന് കൊടുത്ത വാക്കു പാലിക്കാൻ പുറപ്പെട്ട് കഴിഞ്ഞിരുന്നു… സച്ചിനെ നേരിട്ട് കാണാൻ കൊതിച്ചിരുന്ന ഒരു ബാല്യകാലത്തിൻ്റെ, മറ്റൊരു തീരാ മോഹമായിരുന്നു ആ കൂടി കാഴ്ച. ജന്മദിനാശംസകൾ ലാലേട്ട.