‘അഭിനയിക്കാന്‍ അറിയാത്ത പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്’ എം എ നിഷാദ്

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധായകന്‍ എം എ നിഷാദ് കൗമുദി ടീവി ക്കു നല്‍കിയ അഭിമുഖത്തെ കുറിച്ച് രാഗീത് ആര്‍ ബാലന്റെ കുറിപ്പ്. ഈ ഒരു വീഡിയോ ഒരു പക്ഷെ നിങ്ങളില്‍ ഭൂരിഭാഗം ആളുകളും…

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധായകന്‍ എം എ നിഷാദ് കൗമുദി ടീവി ക്കു നല്‍കിയ അഭിമുഖത്തെ കുറിച്ച് രാഗീത് ആര്‍ ബാലന്റെ കുറിപ്പ്. ഈ ഒരു വീഡിയോ ഒരു പക്ഷെ നിങ്ങളില്‍ ഭൂരിഭാഗം ആളുകളും കണ്ടതാകാമെന്ന് രാഗീത് പറയുന്നുണ്ട്. 2010ല്‍ എം എ നിഷാദ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ആസിഫ് അലി റീമ കല്ലിങ്കല്‍ കൈലാഷ് അര്‍ച്ചന കവി ഉര്‍വശി പ്രഭു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമ ആയിരുന്നു ‘ബെസ്റ്റ് ഓഫ് ലക്ക് ‘. ശ്രീ മമ്മൂട്ടി ഗസ്റ്റ് റോളിലും വന്ന ഒരു സിനിമ ആയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

ബെസ്റ്റ് ഓഫ് ലക്ക്’ എന്ന സിനിമ തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്ന് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നത് . ആ സിനിമ പരാജയപ്പെടാനുണ്ടായ കാരണം അതില്‍ അഭിനയിച്ച താരങ്ങള്‍ മൂലമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട് ഈ അഭിമുഖത്തില്‍. ‘ഞാന്‍ ചെയ്ത ഒരു അബദ്ധമാണ് ആ സിനിമ. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്. അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിങ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്’. ആ സിനിമയില്‍ അവര്‍ക്കു പകരം അഭിനയിക്കാന്‍ അറിയാവുന്ന നാലു താരങ്ങള്‍ ആയിരുന്നു അഭിനയിച്ചിരുന്നതെങ്കില്‍ ആ സിനിമയുടെ സ്ഥിതി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയേനെ.

ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് താരങ്ങളാണ് ആ സിനിമ ചെയ്തത് എങ്കില്‍ പോലും ഹിറ്റായേനെ. ചാക്കോച്ചനെയും ജയസൂര്യയയെയും പോലുള്ളവരായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗതി വരില്ലായിരുന്നു. .ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് എന്റെ കുഴപ്പമാണ്. പടം തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍മാതാക്കളോട് കാര്യം പറഞ്ഞു. എന്നാല്‍ ആ ചിത്രം അങ്ങനെ തന്നെ മുന്നോട്ട് പോകണമെന്ന് അവര്‍ പറഞ്ഞു. മമ്മൂക്ക സിനിമയില്‍ ഗസ്റ്റായി വന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടുമായിരുന്നു. ഇത്രയും യുഎസ്പി ഉള്ള സിനിമ. ചിത്രം പരാജയപ്പെട്ടപ്പോള്‍ എല്ലാവരും പറഞ്ഞു, എന്റെ കുഴപ്പമാണെന്ന് സംവിധായകന്‍ പറഞ്ഞു.

ഈ ഒരു അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ ഒരു സംശയം തോന്നി ഞാന്‍ കണ്ട ബെസ്റ്റ് ഓഫ് ലക്ക് എന്ന മലയാള സിനിമയെ കുറച്ചു തന്നെയാണോ ഈ സിനിമയുടെ തന്നെ സംവിധായകന്‍ ആയ എം എ നിഷാദ് ഈ പറയുന്നതെന്നു. കാരണം ഏതു സൂപ്പര്‍ താരത്തെ കൊണ്ടുവന്നിരുന്നെങ്കിലും ഈ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയം ആകുമായിരുന്നു. സംവിധായകന്‍ പരാമര്‍ശിച്ച അഭിനേതാക്കളില്‍ ആസിഫ് അലിയും കൈലാഷും ഇന്നും സജീവമായി മലയാള സിനിമയുടെ ഭാഗമാണ്.. ആസിഫലിയുടെ 2009ല്‍ തുടങ്ങിയ സിനിമ ജീവിതം 2022ല്‍ എത്തി നില്‍ക്കുന്നു. ശ്യാമപ്രസാദ് എന്ന മികച്ച സംവിധായാകന്‍ ‘ഋതു’എന്ന തന്റെ സിനിമയിലൂടെയാണ് ആസിഫ് അലിയെ മലയാള സിനിമ ലോകത്തിനു പരിചയപ്പെടുത്തുന്നതെന്നും രാഗീത് പറയുന്നു.

വില്ലനായും സഹനടനായും സഹനായകനായും ചുവടുറപ്പിച്ച ആസിഫ് ‘സോള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന ആഷിക് അബു ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായകനായി മുന്‍നിരയിലേക്ക് വന്ന അദ്ദേഹം തന്റെതായ സ്ഥാനമുറപ്പിച്ചു. വ്യത്യസ്തമായ സിനിമകള്‍ തേടി പോകുന്ന ആസിഫിന്റെ കരിയര്‍ എന്നും കയറ്റിറക്കങ്ങളുടേതായിരുന്നു. നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വന്ന പിഴവ് കൊണ്ട് മിക്ക ആസിഫ് അലി ചിത്രങ്ങളും തിയേറ്ററുകളില്‍ പരാജയപെട്ടു. എങ്കിലും പുതിയ പ്രമേയങ്ങള്‍ പരീക്ഷിച്ചു കൊണ്ട് വലിയ തിരിച്ചു വരവുകള്‍ നടത്തി അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട നായക നടന്മാരില്‍ ഒരാളായി മാറി.2019 എന്ന വര്‍ഷം ആസിഫ് അലിയെന്ന താരത്തിനുള്ളിലെ നടനെ മലയാളികള്‍ തിരിച്ചറിഞ്ഞ വര്‍ഷവും കൂടെ ആയിരുന്നു. അതുപോലെ കൈലാഷ് എന്ന നടനും സജീവമായി മലയാള സിനിമയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു ..സംവിധായകന്റെ വാക്കുകള്‍ കടം എടുത്താല്‍ ‘അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത പിള്ളേര്‍’ അല്ല അവരാരും ഇന്നും എന്നു പറഞ്ഞാണ് രാഗീത് കുറിപ്പ് അവസാനിപ്പിക്കുന്നത്.