‘അങ്ങനെ ഒരു തിരിച്ചറിവ് അന്യോന്യം ഉണ്ടായാല്‍ പിന്നെ ഗോവിന്ദന്‍ എന്ന മൃഗമോ പല്ലവി എന്ന ഇരയോ ഉണ്ടാകുന്നില്ല’

ആസിഫ് അലി- പാര്‍വതി കൂട്ടുകെട്ടിലെത്തിയ ഉയരെ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം പറഞ്ഞത് പല്ലവി എന്ന ‘ആസിഡ് അറ്റാക്ക് സര്‍വൈവറു’ടെ മാത്രം കഥയല്ല. ചെറുതും വലുതുമായ, ശാരീരികവും, മാനസികവും, വൈകാരികവുമായ പീഡനങ്ങള്‍…

ആസിഫ് അലി- പാര്‍വതി കൂട്ടുകെട്ടിലെത്തിയ ഉയരെ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം പറഞ്ഞത് പല്ലവി എന്ന ‘ആസിഡ് അറ്റാക്ക് സര്‍വൈവറു’ടെ മാത്രം കഥയല്ല. ചെറുതും വലുതുമായ, ശാരീരികവും, മാനസികവും, വൈകാരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ശ്വാസംമുട്ടി ജീവിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും കഥ കൂടിയാണ്. ‘എനിക്ക് ഞാന്‍ ആകണം – നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാന്‍ ആഗ്രഹിക്കുന്ന ഞാനാകണം’ എന്ന് പറഞ്ഞു പല്ലവി നടന്നകലുമ്പോള്‍, ആ പറച്ചിലും പോക്കും ഉയര്‍ത്തുന്ന ദീര്‍ഘനിശ്വാസങ്ങള്‍ ചെറുതല്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പല്ലവി : പേടി ആണ് എനിക്ക് നിന്നെ.. അത് പറഞ്ഞിട്ടുണ്ടോ എപ്പോഴേലും.. എനിക്ക് ശ്വാസം വിടണം ഗോവിന്ദ്.. പേടിക്കാതെ ശ്വാസം വിടണം എനിക്ക്
ഗോവിന്ദ് : അതിന് ഞാന്‍ ആണോ തടസ്സം?
പല്ലവി : അതെ നീ ആണ് തടസ്സം… എനിക്ക് എന്നെ പോലെ ആകണം ഗോവിന്ദ്..ഇനിയെങ്കിലും.. നിനക്ക് വേണ്ട എന്നെപോലെ അല്ല.. എനിക്ക് വേണ്ട എന്നെ പോലെ. ആ എന്നെയും കൂടെ ഇഷ്ടപെടാമെങ്കില്‍ ഇഷ്ടപെട്ട മതി.
ഒരുപാട് ഗോവിന്ദന്മാരെ എനിക്കറിയാം.. നമുക്ക് എല്ലാവര്‍ക്കും അറിയാം.. നമുക്ക് ചുറ്റുമുണ്ട് അവര്‍.ഒന്ന് ശ്വാസം പോലും വിടാന്‍ സമ്മതിക്കാതെ ഇഷ്ടം പ്രണയം പ്രേമം എന്ന വാക്കുകളാല്‍ വരിഞ്ഞു കെട്ടിയ ഇപ്പോഴും കെട്ടി വലിക്കപ്പെടുന്ന ഒരുപാട് പല്ലവിമാരെയും അറിയാം.. നമുക്ക് ചുറ്റുമുണ്ട് കുറെ അധികം പല്ലവികളെന്നാണ് രാഗീത് ആര്‍ ബാലന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സുകള്‍ ഉള്ള ഒരാള്‍ ആണ് ഗോവിന്ദന്‍.അയാള്‍ പറയുന്ന വസ്ത്രം ധരിക്കണം അയാള്‍ പറയുന്ന പോലെയൊക്കെ ചെയ്യണം അയാളോട് പറഞ്ഞിട്ട് പോലും വേണം എവിടെയും പോകാന്‍ എപ്പോഴും പല രീതിയില്‍ മാനസികമായും ശാരീരികമായും പിന്തുടരുന്ന ഒരു ടോക്സിക് റിലേഷന്‍ഷിപ്പ് കാത്തു സൂക്ഷിക്കുന്ന ഒരു രോഗി.
ഇഷ്ടം പ്രണയം എന്നൊക്കെ ഉള്ളത് ഒരാള്‍ക്ക് മറ്റൊരാളില്‍ കല്പിച്ചു നല്കപ്പെടുന്ന അധികാരം ആണോ?? അല്ല..പക്ഷെ അങ്ങനെ ആണ്. ഇനിയും ഇതുപോലെ ഉള്ള ഗോവിന്ദന്മാരും പല്ലവികളും ഉണ്ടാകും..പ്രണയം വേണ്ട എന്ന് പല്ലവിയെ പോലുള്ളവര്‍ തീരുമാനിച്ചാല്‍ അതിനുള്ള ശിക്ഷ പോലും വിധിക്കുന്നത് ഗോവിന്ദന്മാര്‍ ആണ്. അതിപ്പോള്‍ തീ കൊണ്ടോ ആസിഡ് കൊണ്ടോ കത്തി കൊണ്ടോ ഏതു കൊണ്ടും ആകാമെന്നും കുറിപ്പില്‍ പറയുന്നു.

ടോക്സിക് റിലേഷന്‍ഷിപ്പ് ആയി കഴിഞ്ഞാല്‍ പിന്നെ പല്ലവി മാരുടെ സകല കാര്യങ്ങളുടെയും താക്കോല്‍ കൂട്ടം ഗോവിന്ദന്‍മാരുടെ കൈകളിലാണ്.അവരുടെ കൈകളില്‍ നിന്നും അത് തിരികെ വാങ്ങാന്‍ ശ്രമിച്ചാല്‍ അതിനു വലിയ വിലയാണ് പലപ്പോഴും പല്ലവിമാര്‍ നല്‍കേണ്ടതായി വരുന്നത്.
‘എനിക്ക് എന്നെ പോലെ ആകണം….ഇനിയെങ്കിലും.. നിനക്ക് വേണ്ട എന്നെപോലെ അല്ല.. എനിക്ക് വേണ്ട എന്നെ പോലെ. ആ എന്നെയും കൂടെ ഇഷ്ടപെടാമെങ്കില്‍ ഇഷ്ടപെട്ട മതി..’ എന്ന് പറയാന്‍ കഴിയണം ഓരോ പെണ്‍കുട്ടിക്കും.. അങ്ങനെ ഒരു തിരിച്ചറിവ് അന്യോന്യം ഉണ്ടായാല്‍ പിന്നെ മനുഷ്യന്റെ ഉള്ളിലെ ഗോവിന്ദന്‍ എന്ന മൃഗമോ പല്ലവി എന്ന ഇരയോ ഉണ്ടാകുന്നില്ല.

അതല്ല ഒരു ടോക്സിക് റിലേഷന്‍ഷിപ്പ് ആണ് ഇഷ്ടമെങ്കില്‍ പേടിച്ചു ശ്വാസം പോലും വിടാന്‍ പറ്റാതെ ഉരുകി ഉരുകി ജീവിക്കാം. പങ്കാളിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയും ഇതെല്ലാം താന്‍ ചെയ്യുന്നത് പങ്കാളിയോട് ഉള്ള കരുതല്‍ കൊണ്ടാണ് എന്ന് സ്വയം വിശ്വസിക്കുന്ന ആളുകള്‍ക്ക് ഉള്ള ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ഉയരെ എന്ന സിനിമയും ഗോവിന്ദും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.